ഡോക്ടറുടെ പണം കാണാതായി; താൽക്കാലിക ജീവനക്കാരെ വസ്ത്രം മാറ്റി പരിശോധിച്ചെന്നു പരാതി

nurse-nhs
SHARE

നെടുങ്കണ്ടം∙ ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച് താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ വസ്ത്രം മാറ്റി ദേഹപരിശോധന നടത്തിയതായി പരാതി. ആശുപത്രിയിലെ ഹെഡ് നഴ്സിനെതിരെയാണ് ആരോപണം ഉയർന്നത്. പൊതുപ്രവർത്തകയും കെഎൻഡബ്ല്യുഇ ജില്ലാ കമ്മിറ്റി അംഗവുമായ ഉഷാകുമാരി വിജയനാണ് ഡിഎംഒയ്ക്കു പരാതി നൽകിയത്.

ഡിഎംഒ ഓഫിസിൽ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഏതാനും ആഴ്ച മുൻപാണു പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. വാർഡിൽ റൗണ്ട്സിനെത്തിയ വനിതാ ഡോക്ടറുടെ, പുരുഷന്മാരുടെ വാർഡിലെ ഡ്യൂട്ടി റൂമിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് 2000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം ഡോക്ടർ ഹെഡ് നഴ്സിനെ അറിയിച്ചു.

ഒട്ടേറെ പേർ വന്നുപോകുന്ന സ്ഥലമായതിനാൽ പരാതി നൽകാൻ മുതിരുന്നില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാൽ ഹെഡ് നഴ്സിന്റെ നിർബന്ധപ്രകാരം ആ വാർഡിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്സിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുറിയിൽ കൊണ്ടുപോയി വസ്ത്രം മാറ്റി  പരിശോധിക്കുകയും ചെയ്തതായാണു പരാതി.

എന്നാൽ ഇവരുടെ പക്കൽ നിന്നു പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇക്കാര്യം മറ്റാരോടും പറയരുതെന്നും പരാതിപ്പെട്ടാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്നും പറഞ്ഞ് ഹെഡ് നഴ്സ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഹെഡ് നഴ്സിന്റെ നടപടി ശുചീകരണ ജീവനക്കാർക്കും താത്കാലിക നഴ്സിനും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതായും ജീവനക്കാർക്കിടയിൽ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇടയാക്കിയതായും പരാതിയിൽ സൂചിപ്പിക്കുന്നു.

സംഭവത്തിൽ പരാതി നൽകാൻ ഇവർ തയാറാകാതിരുന്ന സാഹചര്യത്തിലാണ് പൊതുപ്രവർത്തകയായ ഉഷാകുമാരി വിജയൻ പരാതിയുമായി ഡിഎംഒയെ സമീപിച്ചത്. താൽക്കാലിക ജോലിയായതിനാൽ ശുചീകരണ ജീവനക്കാരും എച്ച്എംസി നഴ്സും നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ തയാറായില്ലെന്നാണ് വിവരം. 

എന്നാൽ ഇത്തരമൊരു പരാതി വ്യാജമാണെന്നും ഡിഎംഒ ഓഫിസിൽ നിന്ന് എത്തിയവർക്ക് ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും ശുചീകരണ തൊഴിലാളികൾക്കു പരാതിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും സൂപ്രണ്ട് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA