ADVERTISEMENT

കൺമുൻപിൽ അമ്മ പിടഞ്ഞു വീണതിന്റെ സങ്കട കയത്തിൽ നിന്നു കരകയറാനായിട്ടില്ല ആ കുട്ടിയാനയ്ക്ക്. ചിന്നക്കനാൽ 301 കോളനിയിൽ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ പിടിയാനയുടെ 2 വയസ്സുള്ള മകളാണ് നാട്ടിലും കാട്ടിലും കണ്ണീർക്കാഴ്ചയായത്. 45 വയസ്സുള്ള അമ്മയാനയും കുട്ടിയാനയും ഉൾപ്പെടെ ഏഴംഗ സംഘമാണ് വ്യാഴാഴ്ച വൈകിട്ട് 301 കോളനിയിലെത്തിയത്. ഒറ്റയാൻമാരെ ഭയന്ന് വനത്തിനുള്ളിലേക്കു പോകാതെ അതിർത്തികളിൽ ചുറ്റിത്തിരിയുന്ന പിടിയാനക്കൂട്ടമാണിത്. 

വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ ഇവിടെയെല്ലാം സോളർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. 20 വോൾട്ട് ഡി സി വൈദ്യുതി പ്രവഹിക്കുന്ന സോളർ ഫെൻസിങ്ങിൽ കാട്ടാനകൾ സ്പർശിച്ചാൽ ചെറിയ സമയത്തേക്ക് മാത്രം വൈദ്യുതാഘാതമേൽക്കും. അതോടെ ആനകൾ പിന്മാറുകയാണ് പതിവ്. എന്നാൽ301 കോളനിയിൽ വൈദ്യുത ലൈനിൽ നിന്നും കേബിൾ ഉപയോഗിച്ച് സോളർ ഫെൻസിങ്ങിലേക്ക് ഉയർന്ന വൈദ്യുത പ്രവാഹം കടത്തി വിട്ടത് അപകടമുണ്ടാക്കി. 

പിടഞ്ഞു വീണ അമ്മയാനയുടെ സമീപത്തേക്ക് പോകാൻ കൂട്ടത്തിലെ മുതിർന്ന ആനകൾ കുട്ടിയാനയെ അനുവദിച്ചില്ല. തുമ്പിക്കൈകൾ കൊണ്ട് തട്ടിയും തലോടിയും അവർ കുട്ടിയാനയെ ആനയിറങ്കൽ ജലാശയത്തിനു സമീപത്തേക്ക് കൊണ്ടു പോയി. ഇന്നലെ രാവിലെ അമ്മയാനയുടെ ജഡം വനം വകുപ്പ് വെറ്ററിനറി സർജൻമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴും അധികം ദൂരത്തല്ലാതെ കുട്ടിയാനയും കൂടെയുള്ളവരും നിലയുറപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മയാനയുടെ ജഡം അഗ്നി വിഴുങ്ങുന്നതും വേദനയോടെ അവൾ കണ്ടു നിന്നു. 

മനുഷ്യർ പോയി കഴിഞ്ഞാൽ കൂട്ടുകാരിയെ ദഹിപ്പിച്ച സ്ഥലത്തു വരാമെന്ന് മുതിർന്ന ആനകളും കരുതി കാണും. 6 വയസ്സു വരെയെങ്കിലും കുട്ടിയാനകൾ അമ്മയുടെ മുലപ്പാൽ കുടിക്കും. അത്രയും കാലം അമൃത് പോലെ അമ്മിഞ്ഞപ്പാൽ നുകർന്നാലെ അവയ്ക്കു അതിജീവനം സാധ്യമാകൂ. ഇൗ കുട്ടിയാന മറ്റുള്ളവർക്കൊപ്പം ചേർന്ന് പുല്ല് തിന്നുകയും ജലാശയത്തിലെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവരെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിജീവനം ബുദ്ധിമുട്ടായാൽ ആനക്കുട്ടിയെ സംഘത്തിൽ നിന്നുമകറ്റി സംരക്ഷണമൊരുക്കേണ്ടി വരും. 

301 കോളനിക്കു സമീപം ചരിഞ്ഞ അമ്മ കാട്ടാനയുടെ കൂടെയുണ്ടായിരുന്ന കുട്ടിയാനയും സംഘവും (വിഡിയോ ചിത്രം)
301 കോളനിക്കു സമീപം ചരിഞ്ഞ അമ്മ കാട്ടാനയുടെ കൂടെയുണ്ടായിരുന്ന കുട്ടിയാനയും സംഘവും (വിഡിയോ ചിത്രം)

2018 മേയ് 15 ന് ചിന്നക്കനാൽ ടൗണിൽ ഇറങ്ങി നാട്ടുകാരെയെല്ലാം തുമ്പിക്കൈ കൊണ്ട് തട്ടി വിളിച്ചു കരഞ്ഞു നടന്ന 5 മാസം മാത്രം പ്രായമുണ്ടായിരുന്ന കുട്ടി കൊമ്പനാണ് ഇതിനു മുൻപ് നാട്ടുകാരെ കണ്ണീരണിയിച്ച മറ്റൊരു കുട്ടിയാന. ഇതിനു ശേഷം 2 ദിവസം കഴിഞ്ഞ് ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപം അമ്മയാനയുടെ ജഡം ദേഹമാസകലം മുറിവേറ്റ നിലയിൽ കണ്ടെത്തി. മാതൃദുഃഖത്തിൽ നാട്ടിലിറങ്ങിയ കുട്ടി കൊമ്പനെ പിന്നീട് കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. കണ്ണനെന്നു പേരിട്ട കുട്ടി കൊമ്പൻ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ പൊന്നോമനയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com