ADVERTISEMENT

രണ്ടാം പിണറായി വിജയൻ സർക്കാർ 100 ദിനം പൂർത്തിയാക്കിയിരിക്കുകയാണ്. എംഎൽഎമാരുടെയും നൂറുദിന കണക്കെടുപ്പിന് സമയമായി. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിടാൻ നമ്മുടെ മന്ത്രിക്കും എംഎൽഎമാർക്കും സാധിച്ചു. കോവിഡ് കാലത്ത്  നാടിനു കരുതലാവാനും സാധിച്ചു. ഓൺലൈൻ പഠനത്തിന് ഒട്ടേറെ കുട്ടികൾക്ക് കൈത്താങ്ങായും ഇവർ മുന്നിലുണ്ടായിരുന്നു. ഇടുക്കിയിലെ എംഎൽഎമാർ ഈ 100 ദിവസം തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നു... 

എം.രാജ, ദേവികുളം

സംസ്ഥാന സർക്കാർ ഭരണത്തിലേറി 100 ദിവസം പിന്നിടുമ്പോൾ ദേവികുളം മണ്ഡലത്തിൽ 10 പദ്ധതികൾ ഏറ്റെടുത്തു പൂർത്തിയാക്കാൻ കഴിഞ്ഞു. 1.7 കോടി ചെലവിട്ട് മൂന്നാർ ഹൈ ആൾട്ടിട്യൂട് കായിക പരിശീലനം കേന്ദ്രം കെട്ടിടം നവീകരിച്ചു.  ഇവിടെ ആധുനിക സൗകര്യങ്ങളോടെ ജിംനേഷ്യവും സ്ഥാപിച്ചു. 22 കോടി ചെലവിൽ ചെങ്കുളം ബാലൻസിങ് റിസർവോയറി ലേക്ക് വെള്ളം എത്തിക്കാൻ പുതിയ പമ്പ് ഹൗസ് സ്ഥാപിച്ചു. മറയൂരിൽ 85 ലക്ഷം ചെലവിട്ട് കെഎസ്ഇബി സെക്‌ഷൻ ഓഫിസ് നിർമിച്ചു.

മറയൂർ, പയസ് നഗർ, വണ്ണാന്തുറ, നച്ചിവായൽ എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടെ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചു.  ഏഴര കോടി മുടക്കി മച്ചിപ്ലാവ്-കൊരങ്ങാട്ടി റോഡ് പൂർത്തിയാക്കി.  10 കോടി ചെലവിൽ പഴമ്പിള്ളിച്ചാൽ പടിക്കപ്പ് റോഡ്, 5.6 കോടി ചെലവിട്ട് ഇരുപത് ഏക്കർ ബൈസൺവാലി റോഡ്, 3 കോടി ചെലവിൽ ആനച്ചാൽ മുതുവാൻകുടി റോഡ്,3 കോടി മുടക്കി കല്ലാർകുട്ടി-വെള്ളത്തൂവൽ റോഡ്, 45 ലക്ഷം ചെലവിൽ കാന്തല്ലൂർ പെരടിപള്ളം-ഉള്ളവയൽ റോഡ് എന്നിവ പൂർത്തീകരിച്ചു. 

വാഴൂർ സോമൻ, പീരുമേട്

കുട്ടിക്കാനത്ത് 10 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗണിന് 2 ഏക്കർ റവന്യു വിട്ടു നൽകുന്നതിനു സർക്കാർ തീരുമാനം. അടച്ചു പൂട്ടി കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണം അലവൻസിന് പുറമേ ആദ്യമായി ഭക്ഷ്യ വസ്തുക്കൾ കൂടി വിതരണം ചെയ്യാൻ കഴിഞ്ഞു.

തോട്ടങ്ങളിൽ പുതിയ നൂതന കൃഷി നടത്തുന്നതിനും, പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തി. കുമളി സബ് സ്റ്റേഷന്റെ പണി പൂർത്തിയാക്കുന്നതിനു സാധിച്ചു. ഉൾപ്പെടെ എൽഡിഎഫ് പ്രഖ്യാപിച്ചതും പറഞ്ഞതുമായ കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് 100 ദിവസത്തിനുള്ളിൽ കാട്ടി കൊടുക്കുന്നതിനു കഴിഞ്ഞു.

എം.എം.മണി, ഉടുമ്പൻചോല 

മണ്ഡലത്തിന്റെ  സമഗ്രമായ വികസനമാണ്  ലക്ഷ്യം.  വമ്പൻ പദ്ധതികളാണ് ഉടുമ്പൻചോല മണ്ഡലത്തിൽ പൂർത്തീകരിച്ച് വരുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യം ഒരുക്കും.  ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ് 650 കോടി, ഐഎച്ച്ആർഡി  കോളജ്, പൂപ്പാറ കോളജ് 10 കോടി, കരുണാപുരം പിഎച്ച് സി 10 കോടി, കമ്പംമെട്ട്, ശബരിമല ഇടത്താവളം 4 കോടി, ശാന്തൻപാറ ഗവ കോളജ്  10 കോടി,  കൂട്ടാർ ഐടിഐ, നെടുങ്കണ്ടം ഫയർ സ്റ്റേഷൻ  നെടുങ്കണ്ടം ജില്ല ആശുപത്രി എന്നിവയുടെ കെട്ടിടങ്ങൾ പെട്ടെന്നു  പൂർത്തീകരിക്കും. രാജാക്കാട് ഹൈടെക് സ്കൂൾ കെട്ടിടം നിർമാണം പൂർത്തിയായി.

പി.ജെ.ജോസഫ്, തൊടുപുഴ

കോവിഡ് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതലായുള്ള സ്ഥിതിയാണ് കേരളത്തിൽ. അതു  നിയന്ത്രിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടില്ല. തമിഴ്നാട്ടിലും കർണാടകത്തിലുമൊക്കെ നല്ല മാറ്റം വന്നിരിക്കുന്നു. ഇവിടെ, ടിപിആർ വളരെ ഉയർന്നു തന്നെ നിൽക്കുകയാണ്. തൊടുപുഴ മണ്ഡലത്തെ സംബന്ധിച്ചു പറഞ്ഞാൽ, കെഎസ്ആർടിസി പുതിയ ഡിപ്പോയുടെ അവശേഷിക്കുന്ന ജോലികൾക്കായി ടെൻഡർ ചെയ്തു ഫിക്സ് ചെയ്തു കൊടുത്തിട്ടുണ്ട്. അതിൽ പുരോഗതി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് ബാക്കി തുക അനുവദിക്കേണ്ട കാര്യത്തിൽ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതിനാൽ, വേഗത്തിൽ കാര്യങ്ങൾ നടക്കുന്നുണ്ടെന്നു പറയാൻ പറ്റില്ല. 

മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി

ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നൂറു ദിന കർമ പരിപാടിയിൽ പെടുത്തി കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിൽ ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ 80 കിടക്കകളുള്ള പുതിയ ഐപി ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ രോഗികൾക്കുള്ള ഓക്സിജൻ ലഭ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉറപ്പു വരുത്തി. വില്ലേജ് ഓഫിസുകളിലെ രേഖകൾ കംപ്യൂട്ടറൈസ്ഡ് ആക്കി. ഇത് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ്.

ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിൽ 2423 കർഷകർക്ക് കൂടി പട്ടയം നൽകുന്നതിന് നടപടികൾ പൂർത്തിയായി. ബാക്കിയുള്ള കർഷകർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. കീരിത്തോട് – ആറാംകൂപ്പ് – ഏഴാംകൂപ്പ് – പകുതിപ്പാലം റോഡ് നിർമാണത്തിന് 10 കോടി രൂപ അനുവദിച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കി. കൊച്ചുചേലച്ചുവട് – ഇടയ്ക്കാട് റോഡ് നിർമാണത്തിന് 2 കോടി രൂപ അനുവദിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. കാൽവരിമൗണ്ട് കുടിവെള്ള പദ്ധതിക്ക് സർവേ നടപടികൾ ആരംഭിച്ചു.

കാമാക്ഷി, മരിയാപുരം , ഇരട്ടയാർ പഞ്ചായത്തുകളിൽ ശുദ്ധജലം ലഭ്യമാകും. ചെറുതോണി ബസ് സ്റ്റാൻഡിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ ആസ്ഥാനത്ത് സ്വന്തം മന്ദിരത്തിൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം 13 നു പ്രവർത്തനം ആരംഭിക്കും. ഓരോ പഞ്ചായത്തിലും ഒരു ഗ്രാമീണ ടൂറിസം കേന്ദ്രം പദ്ധതിക്ക് രൂപരേഖ തയാറാക്കി അനുമതിക്ക് സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com