ADVERTISEMENT

രാജകുമാരി∙ ഏലക്കായുടെ പച്ച നിറം വർധിപ്പിക്കാൻ കൃത്രിമ കളർ ചേർക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ ഏലം വിപണിയിൽ തിരിച്ചടിക്കു കാരണമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പരിശോധന കർശനമാക്കുകയും അമിതമായി കീടനാശിനി ഉപയോഗിക്കുകയും കൃത്രിമ കളർ ചേർ‍ക്കുന്ന ഏലക്കാ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്താൽ ഏലം വിപണി കൂടുതൽ തകർച്ച നേരിടുമെന്നാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ചില പശ്ചിമേഷ്യൻ രാജ്യങ്ങളും കൃത്രിമ കളർ ചേർത്ത ഏലക്കായുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ ഇൗ മാനദണ്ഡം പിന്തുടർന്നാൽ ഏലം വിപണി വൻ തകർച്ച നേരിടേണ്ടി വരും.

നടപടികളുമായി ഭക്ഷ്യ സുരക്ഷ വിഭാഗം

ഭക്ഷ്യ സുരക്ഷ വിഭാഗം കഴിഞ്ഞ ദിവസം ഹൈറേഞ്ചിലെ ചില ഏലം ഡ്രയറുകളിൽ നടത്തിയ പരിശോധനയിൽ ഏലക്കായ ഉണങ്ങും മുൻപ് കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നതായി കണ്ടെത്തിയിരുന്നു. സംശയമുള്ള സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനും നടപടി സ്വീകരിച്ചു. ഓപ്പറേഷൻ ഏലാച്ചി എന്ന പേരിൽ കഴിഞ്ഞ വർഷവും ഭക്ഷ്യ സുരക്ഷ വിഭാഗം ഡ്രയറുകളിൽ പരിശോധന നടത്തി നിയമ വിരുദ്ധമായി പ്രവർത്തിച്ച ഡ്രയറുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

ഡ്രയറുകൾ പ്രവർത്തിക്കുന്നതിന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ ലൈസൻസ് ആവശ്യമാണ്. എന്നാൽ ലൈസൻസ് ഇല്ലാതെയാണ് ഭൂരിഭാഗം ഡ്രയറുകളും പ്രവർത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഏലക്കായുടെ നിറം വർധിപ്പിക്കുന്നതിന് കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നത് ഒരു ലക്ഷം രൂപ വരെ പിഴയും 10 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

പച്ച നിറം എന്തുകൊണ്ട് ?

ഏലക്കായുടെ പച്ച നിറവും വിലയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പരമ്പരാഗത സങ്കൽപം. എ ഗ്രേഡ് ഏലക്കായുമായി ബന്ധപ്പെട്ട് സ്പൈസസ് ബോർഡിന്റെയും വൻകിട വ്യാപാരികളുടെയും മാനദണ്ഡങ്ങളും പച്ച നിറത്തിന് അനുകൂലമാണ്. ഉൽപന്നത്തിന്റെ ഗുണ നിലവാരത്തേക്കാൾ നിറത്തിന് പ്രാമുഖ്യം നൽകുന്ന ഉത്തരേന്ത്യൻ വിപണിയും പച്ച കളറിനെ സ്വാധീനിക്കുന്നു.

എന്നാൽ സ്പൈസസ് ബോർഡ് മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഏലക്കായുടെ നിറത്തേക്കാൾ ലീറ്റർ വെയ്റ്റിന് (ഒരു ലീറ്റർ അളവ് പാത്രത്തിൽ ഉൾക്കൊള്ളുന്ന ഏലക്കായുടെ തൂക്കം) പ്രാധാന്യം കൊടുത്താൽ ഇൗ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. അല്ലാതെ വല്ലപ്പോഴും ഡ്രയറുകളിൽ പരിശോധന നടത്തി നിയമ നടപടികൾ സ്വീകരിക്കുന്നതു കൊണ്ട് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് വിദഗ്ധർ പറയുന്നു.

ആപ്പിൾ ഗ്രീനും, രാസവസ്തുക്കളും

ഏലക്കായുടെ പച്ച നിറം വർധിപ്പിക്കുന്നതിനു വേണ്ടി ആപ്പിൾ ഗ്രീൻ എന്ന കൃത്രിമ രാസവസ്തു ഉപയോഗിക്കാറുണ്ട്. ലഡു, ജിലേബി പോലെ മധുരമുള്ള ഭക്ഷ്യ വിഭവങ്ങളിൽ ഇൗ കൃത്രിമ കളർ 100 പിപിഎം വരെ ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ സുഗന്ധ വ്യഞ്ജനങ്ങൾ, ഇറച്ചി ചേർത്ത ഭക്ഷ്യ വിഭവങ്ങൾ എന്നിവയിൽ ഇത് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

ഉണങ്ങും മുൻപ് ഏലക്കായ കഴുകുമ്പോൾ സോഡിയം കാർബണേറ്റും, സോഡിയം ബൈകാർബണേറ്റും ചേർക്കുന്നത് കൃത്രിമ കളറിനെ ഉറപ്പിച്ചു നിർത്താൻ വേണ്ടിയാണ്. ഇൗ രാസവസ്തുക്കളെല്ലാം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ മാരക രോഗങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

English Summary: Artificial colour controversy affects cardamom market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com