ADVERTISEMENT
ജീവൻ തിരഞ്ഞ്: ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നടന്ന രക്ഷാപ്രവർത്തനം.                ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ജീവൻ തിരഞ്ഞ്: ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നടന്ന രക്ഷാപ്രവർത്തനം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

ദുരന്തം പെയ്തിറങ്ങിയ മണിക്കൂറുകൾ. ആ മിന്നൽ പ്രളയത്തിൽ പൊലിഞ്ഞതു കുറെ ജീവനുകൾ. മലവെള്ളപ്പാച്ചിലിൽ ഉറ്റവരും ഉടയവരും തങ്ങളെ വിട്ടുപോയ ദുഃഖം താങ്ങാനാകാതെ കുറെയേറെ പേർ. കണ്ണീർക്കടലായി മാറിയിരിക്കുകയാണ് മലയോരം. 

മരണത്തിലും കെട്ടിപ്പിടിച്ച് 3 കുഞ്ഞോമനകൾ

ദുഷ്കരം, രക്ഷാദൗത്യം... കൊക്കയാർ പൂവഞ്ചിയിൽ ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങിയ ചെളിയുടെയും പാറകളുടെയും ഇടയിലൂടെ രക്ഷാപ്രവർത്തനത്തിനു പോകുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ.
ദുഷ്കരം, രക്ഷാദൗത്യം... കൊക്കയാർ പൂവഞ്ചിയിൽ ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങിയ ചെളിയുടെയും പാറകളുടെയും ഇടയിലൂടെ രക്ഷാപ്രവർത്തനത്തിനു പോകുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ.

തൊടുപുഴ ∙ ഒന്നിച്ചു കളിച്ചുവളർന്ന മൂന്നു കുഞ്ഞോമനകൾ പരസ്പരം കെട്ടിപ്പിടിച്ചു മരണത്തിലും ഒന്നിച്ചു. ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ ശനിയാഴ്ച ഉരുൾപൊട്ടലിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേരാണ് ഒന്നിച്ചു മണ്ണിനടിയിലായത്. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മക്കളായ അമീൻ (10), അംന (7), ഫൗസിയയുടെ സഹോദരൻ കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഹ്സാന (8), അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്.

ഇവരിൽ അംന, അഹ്സാന, അഹിയാൻ എന്നിവരെയാണ് കോൺക്രീറ്റ് സ്ലാബിനടിയിൽ ഒരുമിച്ചു കണ്ടെത്തിയത്. ഫൗസിയയുടെയും മകൻ അമീനിന്റെയും മൃതദേഹങ്ങൾ കുറച്ചു മാറി കണ്ടെത്തി. ഇവരുടെ ബന്ധു സച്ചു ഷാഹുലിനായി (7) തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ടു കാണാതായ ചേപ്ലാംകുന്നേൽ ആൻസി സാബുവിനെയും (50) കണ്ടെത്തിയിട്ടില്ല. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ഷാജി ചിറയിലിന്റെയും (55) പെരുവന്താനം നിർമലഗിരിയിൽ വെള്ളപ്പാച്ചിലിൽ കാണാതായ വടശ്ശേരിൽ ജോജിയുടെയും (44) മൃതദേഹങ്ങൾ കണ്ടെത്തി.

മണ്ണെടുത്തവരെ കണ്ടെത്തി മർഫിയും മായയും

അന്നമാണ്; പക്ഷേ... കൊക്കയാറിൽ ഉരുൾപൊട്ടലിനെത്തുടർന്നു വെള്ളം കയറിയ വീട്ടിൽ ഇന്നലെ വെള്ളം ഇറങ്ങിയ ശേഷം വീടു വൃത്തിയാക്കുന്നതിനിടെ നേരത്തേ ഉണ്ടാക്കിയ ചോറ് പുറത്തുകളയാനായി കൊണ്ടുപോകുന്നു.
അന്നമാണ്; പക്ഷേ... കൊക്കയാറിൽ ഉരുൾപൊട്ടലിനെത്തുടർന്നു വെള്ളം കയറിയ വീട്ടിൽ ഇന്നലെ വെള്ളം ഇറങ്ങിയ ശേഷം വീടു വൃത്തിയാക്കുന്നതിനിടെ നേരത്തേ ഉണ്ടാക്കിയ ചോറ് പുറത്തുകളയാനായി കൊണ്ടുപോകുന്നു.

തൊടുപുഴ ∙ കെട്ടിപ്പിടിച്ചുകിടന്ന 3 കുരുന്നുകളെയും മണ്ണിനടിയിൽ നിന്നു തിരഞ്ഞു പിടിച്ചയുടൻ മായയും മർഫിയും ഉറക്കെ കുരച്ചു. കൊക്കയാർ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കുടുംബാംഗങ്ങളുടെ മൃതദേഹം കിടന്ന സ്ഥലം കണ്ടെത്തിയത് ഡോഗ് സ്ക്വാഡിലെ പൊലീസ് നായ്ക്കൾ. പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തകരെ സഹായിച്ച മായ എന്ന കെഡാവർ ഡോഗും ഡോണ എന്ന സെർച്ച് ഡോഗിനുമൊപ്പം കൊച്ചി സിറ്റി കെ09 സ്ക്വാഡിലെ കെഡാവർ ഡോഗായ മർഫിയും കൊക്കയാറിൽ എത്തിയിരുന്നു.

ജീവിതം വീണ്ടെടുക്കാൻ... കൊക്കയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ ചെളി കയറിയ വീട് വൃത്തിയാക്കുന്നവർ.
ജീവിതം വീണ്ടെടുക്കാൻ... കൊക്കയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ ചെളി കയറിയ വീട് വൃത്തിയാക്കുന്നവർ.

അടയാളപ്പെടുത്തിയ സ്ഥലത്തു നിന്നാണ്, ഇന്ത്യയിലെ ആദ്യത്തെ കെഡാവർ ഡോഗുകളായ മായയും മർഫിയും ചേർന്ന് 5 മൃതദേഹങ്ങളും കണ്ടെടുത്തത്. ഇരുവരുടെയും മൂന്നാമത്തെ ഓപ്പറേഷനാണു കൊക്കയാറിൽ നടന്നത്. ബൽജിയൻ മലെന്വ വിഭാഗത്തിൽപെട്ട മായയും മർഫിയും തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നാണു പരിശീലനം പൂർത്തിയാക്കിയത്. ഡോണ ലാബ്രഡോർ വിഭാഗത്തിൽപെട്ട നായയാണ്. മണ്ണിനടിയിൽ മനുഷ്യർ ജീവനോടെയുണ്ടെങ്കിൽ കണ്ടെത്താനുള്ള പരിശീലനമാണു ഡോണയ്ക്കു ലഭിച്ചിട്ടുള്ളത്.

മനുഷ്യശരീരത്തിലെ രക്തം, മാസം, എല്ലുകൾ, എന്നിവയുടെ മണം മണ്ണിനടിയിൽ നിന്നു തിരിച്ചറിഞ്ഞാണു കെഡാവർ ഡോഗ്സ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. മൃതദേഹം ഉണ്ടെന്നു മനസ്സിലായാൽ കുരച്ചു ശബ്ദമുണ്ടാക്കും. തുടർന്ന് അവിടെ ഇരിപ്പുറപ്പിക്കും. പരിശീലകൻ പറഞ്ഞാൽ മാത്രമേ പിന്നീട് ഇവർ ഈ സ്ഥലത്തുനിന്നു മാറുകയുള്ളൂ. സിപിഒ കെ.എസ്.ജോർജ് മാനുവലാണു മർഫിയുടെ ഹാൻഡ്‌ലർ. പി.പ്രഭാത് മായയുടെയും അനീഷ്, പ്രദീപ് നായർ എന്നിവർ ഡോണയുടെയും ഹാൻഡ്‌ലർമാരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com