മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 136 അടിയായി ക്രമീകരിക്കണം: ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി ആർഡിഒ എം.കെ.ഷാജി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നു.
ഇടുക്കി ആർഡിഒ എം.കെ.ഷാജി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നു.
SHARE

മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 136 അടിയായി ഉയർന്നിരിക്കുന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികം വരുന്ന ജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയുന്നതിന് അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായ്ക്കും കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനും ഡീൻ കുര്യാക്കോസ്  എംപി കത്തു നൽകി.

ഈ പ്രശ്നത്തിൽ തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ഈ വിഷയത്തിൽ അടിയന്തരമായി ബന്ധപ്പെടണമെന്നും എംപി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ദൗർഭാഗ്യകരമായ വിധിയെത്തുടർന്ന് ഡാം ജലനിരപ്പ് 142 അടി വരെ ഉയർത്താമെങ്കിലും അതുവരെ കാത്തു നിന്നാൽ ഒരുപക്ഷേ കേരളത്തെ രണ്ടായി കീറി മുറിച്ച് 4 ജില്ലകളെ പൂർണമായി ഇല്ലാതാക്കുന്ന വിധത്തിൽ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ദുരവസ്ഥയിലേക്ക് എത്തുമെന്നും എംപി പറഞ്ഞു.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയും ഡാമിലേക്കുള്ള ഇൻഫ്ലോയ്ക്ക് ആസ്പദമായി ഔട്ട്ഫ്ലോ തമിഴ്നാട് കൊണ്ടുപോകാതിരിക്കുകയും ചെയ്തതാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കൂടുതലുള്ള വെള്ളം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും നിയമപ്രശ്നങ്ങൾക്കപ്പുറത്ത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു. 

ജില്ലയിൽ ദുരന്തനിവാരണത്തിന് ഡപ്യൂട്ടി കലക്ടറെ നിയമിക്കും 

തൊടുപുഴ∙ ജില്ലയിൽ ദുരന്ത നിവാരണത്തിനായി പ്രത്യേക ചുമതലയുള്ള ഡപ്യൂട്ടി കലക്ടറെ നിയമിക്കുന്നതിന് സർക്കാർ അനുമതി. 2018ലെ മഹാപ്രളയത്തിനുശേഷം കേരളത്തിൽ എല്ലാ ജില്ലകളിലും സർക്കാർ ദുരന്ത നിവാരണത്തിന് പ്രത്യേക ഡപ്യൂട്ടി കലക്ടറെ നിയമിച്ചെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന ഇടുക്കിയിൽ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഡീൻ കുര്യാക്കോസ് എംപിയായി ചാർജ് എടുത്ത് ഉടനെ 2019 ജൂലൈയിലും പിന്നീട് 2020 ഓഗസ്റ്റിലും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യു വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ല. കലക്ടറുടെ ജോലിഭാരവും ഉദ്യോഗസ്ഥരുടെ അഭാവവും ഈ മേഖലയിൽ കൂടുതൽ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നതും കണക്കിലെടുത്ത് ഒരു ദിവസം പോലും വൈകാതെ അടിയന്തരമായി ഡപ്യൂട്ടി കലക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപി കത്ത് നൽകിയത്.

പെട്ടിമുടി ദുരന്തവും കൊക്കയാർ ദുരന്തവും ഉണ്ടായതിനു ശേഷമാണ് സർക്കാർ ഈ വിഷയത്തിന്റെ അടിയന്തര ആവശ്യകത മനസ്സിലാക്കിയെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായും എംപി പറഞ്ഞു. ഇടുക്കി ജില്ലയിൽ ഒരു ഡപ്യൂട്ടി കലക്ടർ, ഒരു ജൂനിയർ സൂപ്രണ്ട്, 3 ക്ലർക്ക് എന്നീ തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കുന്നതിനുള്ള ഫയൽ റവന്യു വകുപ്പിന് കൈമാറിയതായും എംപി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS