ADVERTISEMENT

തൊടുപുഴ∙ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പക്ഷി മൂന്നാറിൽ വിരുന്നെത്തിയതിന്റെ സന്തോഷത്തിലാണു പക്ഷിനിരീക്ഷകർ. പടിഞ്ഞാറൻ ഏഷ്യയിലും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലും യൂറോപ്പിലും മാത്രം കാണപ്പെടുന്ന യൂറേഷ്യൻ ബ്ലാക് ക്യാപ് എന്ന പക്ഷിയാണു മൂന്നാറിൽവച്ച്, പക്ഷിനിരീക്ഷകനായ കോട്ടയം ബാറിലെ അഭിഭാഷകൻ കെ.ജി.അജയ്കുമാറിന്റെ ക്യാമറയിൽ പതിഞ്ഞത്.

മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിലേക്കു പോകുന്ന വഴിയാണു ഞായറാഴ്ച രാവിലെ 7 മണിയോടെ പക്ഷിയുടെ ചിത്രം ലഭിക്കുന്നത്. 17 ഗ്രാം മാത്രം തൂക്കം വരുന്ന ഈ കുഞ്ഞുപക്ഷിയെ ആദ്യമായാണ് ഇന്ത്യയിൽ കണ്ടെത്തുന്നത്. തലയിൽ കറുത്ത തൊപ്പി പോലെ കാണപ്പെടുന്നതിനാലാണു പക്ഷിക്കു ബ്ലാക് ക്യാപ് എന്നു പേരു ലഭിച്ചത്. ആൺപക്ഷിയുടെ തൊപ്പിക്കു കറുപ്പു നിറം കൂടുതലുണ്ടാവും. പ്രജനന കാലത്തു ചെറിയ പ്രാണികളെ ആഹാരമാക്കുന്ന ബ്ലാക് ക്യാപ് ചെറിയ പഴങ്ങളും തിന്നാറുണ്ട്.

കേരളത്തിൽ കണ്ടെത്തിയ പക്ഷികളിൽ 541–ാം സ്പീഷിസാണ് ബ്ലാക് ക്യാപ്പിന്റേത്. ദേശാടനക്കിളികളായ ബ്ലാക് ക്യാപ്പുകളെ ഒറ്റയ്ക്കും കൂട്ടമായും കാണാം. ദേശാടനത്തിനിടെ ഭക്ഷണത്തിനു വേണ്ടി ഇവിടെ എത്തിയതാവാമെന്നാണു പക്ഷിനിരീക്ഷകരുടെ നിഗമനം. മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കാറുണ്ട് ഇവ. കോട്ടയം മുട്ടമ്പലം സ്വദേശിയായ കെ.ജി.അജയ്കുമാർ 4 വർഷത്തോളമായി പക്ഷി നിരീക്ഷണത്തിൽ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com