ADVERTISEMENT

പകൽ ഉരൽ നിർമാണവും ചൂൽ വിൽപനയും, രാത്രി വീട് പൊളിച്ച് മോഷണം. എതിർത്താൽ തിരിച്ചടിക്കും –  കുറുവ സംഘത്തിന്റെ രീതികളാണിത്. കേരള – തമിഴ്നാട് അതിർത്തിയിലാണ് കുറുവ സംഘത്തിന്റെ താവളം. കുറുവ എന്നാണ് പറയുന്നതെങ്കിലും നരിക്കുറുവയെന്നാണ് തമിഴ്നാട്ടിൽ ഇവർ അറിയപ്പെടുന്നത്.

കമ്പം, ബോഡിനായ്ക്കന്നൂർ, കോമ്പൈ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രങ്ങൾ. മോഷണമെന്ന കുലത്തൊഴിലിൽ നിന്ന് ഇവരെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ വീടുകൾ അടക്കം നൽകിയിട്ടും ഫലമുണ്ടായില്ല. വീടുകളിൽ താമസിക്കാതെ ഷെഡുകളിലാണ് ഇപ്പോഴും വാസം. 

kottayam-kuruva-robbery-house

മോഷണ വാർത്തകളിൽ നിറയുന്ന കുറുവ സംഘത്തിന്റെ വിചിത്രമായ പ്രവർത്തന രീതികൾ

ഇരച്ചുകയറും; അടിച്ച് വീഴ്ത്തും

kuruva-gang-main-image-1

വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുകയാണ് പതിവ്. പിൻവാതിലുകളുടെ ബലക്കുറവ് സംഘം മുതലാക്കും. 3 പേരുടെ സംഘമായിരിക്കും പലപ്പോഴും മോഷണത്തിന് എത്തുക. മദ്യപിച്ചിരിക്കും. കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടാറുണ്ട്. ഷർട്ടും കൈലിയും അരയിൽ ചുരുട്ടിവച്ച ശേഷം അതിനു മുകളിൽ കൂടി നിക്കർ ധരിക്കും. ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനാണിത്. പുറത്ത് കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യാറുണ്ട്.

ശബ്ദം കേട്ട് വീട്ടിലുള്ളവർ വാതിൽ തുറന്നാൽ അടിച്ചുവീഴ്ത്തിയ ശേഷം അകത്തേക്ക് ഇരച്ചുകയറും. വീട്ടിൽ കൂടുതലാളുകൾ ഉണ്ടെങ്കിലാണ് ഈ തന്ത്രം. വീട്ടിനുള്ളിൽ മദ്യമോ തേനോ ഉണ്ടെങ്കിൽ അകത്താക്കും. വീടുകളിൽ താമസമുണ്ടെങ്കിലും ഇല്ലെങ്കിലും സംഘത്തിന് പ്രശ്നമല്ല. സ്ഥിരമായ മേൽവിലാസമോ താമസ സൗകര്യമോ ഇവർക്കില്ല. വീട്ടിൽ കയറുന്ന സംഘത്തിലെ ഒരാൾക്കു മാത്രമാണ് സ്ഥലത്തെക്കുറിച്ചു പരിചയമുണ്ടാകുക. വീടിനകത്തു കയറി കഴുത്തിൽ കത്തി വച്ചു വിരട്ടുന്നതോടെ വീട്ടുടമസ്ഥർ പണവും ആഭരണവും കൈമാറും. സ്ത്രീകൾ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ മുറിച്ചെടുക്കുകയാണ് പതിവ്.

ഇതിനായി കട്ടിയുള്ള കത്രിക ഉപയോഗിക്കും. കമ്പത്ത് ആങ്കുർപാളയം സൗത്ത് പൊലീസ് സ്റ്റേഷന് സമീപം ഇവർ തമ്പടിക്കുന്ന താവളമുണ്ട്. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായും മോഷണത്തിനെത്തുന്നത്. കുറുവ സംഘക്കാർ നന്നായി മലയാളം സംസാരിക്കും. ചെറുപ്പം മുതലേ ഇവർ മക്കളെ മലയാളം പഠിപ്പിക്കും. മോഷണം നടക്കുന്ന സ്ഥലങ്ങളിൽ മലയാളം മാത്രമേ സംഘം സംസാരിക്കൂ.

6 മാസം മുൻപേ നോട്ടമിടും

ആമ, കാട്ടുകോഴി, കാട്ടുപന്നി, കാട്ടുമുയൽ എന്നിവയെ വേട്ടയാടുക, മീൻപിടിത്തം എന്നിവയാണ് പകൽ സമയം സംഘത്തിന്റെ വിനോദങ്ങൾ. ഇവർ ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ പുരുഷൻമാരെ കാണാറില്ല. സ്ത്രീകളും കുട്ടികളും മാത്രമാണ് പ്രത്യക്ഷപ്പെടുക. ഉരൽ നിർമാണം, ചൂൽ വിൽപന, ഭിക്ഷാടനം, ആക്രിപെറുക്കൽ, ധനസഹായ ശേഖരണം എന്നിങ്ങനെയുള്ള പ്രവർത്തനവുമായി സ്ത്രീകളുടെ സംഘം വീടുകളിൽ കറങ്ങും.

വീടുകൾ നോക്കിവച്ച ശേഷം 6 മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നാണ് മോഷണം. മോഷണത്തിന് 6 മാസം മുൻപുതന്നെ ഇവർ ക്യാംപ് ചെയ്ത സ്ഥലത്തു നിന്നു മാറും. പിന്നീട് മടങ്ങിയെത്തി കവർച്ച നടത്തി കടന്നുകളയും. സംഘം ക്യാംപ് ചെയ്യുന്ന സ്ഥലത്തു നിന്ന് 10 കിലോമീറ്ററെങ്കിലും അപ്പുറമാണ് മോഷണം നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com