ADVERTISEMENT

മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ പെരിയാറിന്റെ ഇരുകരകളും കണ്ണടയ്ക്കാതായിട്ടു ദിവസങ്ങളായി. ഉറങ്ങിക്കിടക്കുന്നതിനിടെ കുതിച്ചെത്തുന്ന വെള്ളം തീരദേശവാസികളെ പേടിപ്പെടുത്തുന്നു. പരാതി പറഞ്ഞു മടുത്തിട്ടും പരിഹാരമില്ലാത്ത പ്രശ്നമായി മാറിയിരിക്കുകയാണ് രാത്രിയിലെ പ്രളയഭീതി.

തൊടുപുഴ ∙ ‘‘മുല്ലപ്പെരിയാറിൽ ഷട്ടറുകൾ തുറക്കുന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക’’–  ജില്ലാ ഭരണകൂടത്തിന്റെ ഈ അറിയിപ്പുകൾ ലഭിക്കുമ്പോഴേക്കും വീട്ടിനുള്ളിൽ വെള്ളം കയറിക്കഴിഞ്ഞിരിക്കും. കിടക്കപ്പായയിൽ നിന്നെഴുന്നേറ്റ് എന്തു ചെയ്യണമെന്ന് അറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണു പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ.

വള്ളക്കടവ് പുത്തൻപീടികയിൽ പി.എ.അസീസിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
വള്ളക്കടവ് പുത്തൻപീടികയിൽ പി.എ.അസീസിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

നവംബർ 30നു രാത്രിയും കഴിഞ്ഞ 2നു രാത്രിയും വീടുകളിൽ വെള്ളം കയറിയപ്പോൾ ഷട്ടർ രാത്രി തുറക്കരുതെന്ന അപേക്ഷ മാത്രമായിരുന്നു വണ്ടിപ്പെരിയാറിലെയും വള്ളക്കടവിലെയും അയ്യപ്പൻകോവിലെയും ജനങ്ങൾക്ക്. രാത്രിയിലെ ദുരിതം ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് അപേക്ഷിച്ചിട്ടും അനുകൂലമായ നിലപാടുകളൊന്നുമില്ലാതായതോടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ രോഷം അണപൊട്ടി.

1,വള്ളക്കടവ് അമ്പലത്തുങ്കൽ വീട്ടിൽ ഷാജിയുടെ വീട്ടിൽ വെള്ളം കയറിയ നിലയിൽ.   2,വണ്ടിപ്പെരിയാർ നല്ലതമ്പി കോളനിയിൽ വിനോദ് മണിയുടെ വീട്ടിലും പരിസരത്തും കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറിയപ്പോൾ.
1,വള്ളക്കടവ് അമ്പലത്തുങ്കൽ വീട്ടിൽ ഷാജിയുടെ വീട്ടിൽ വെള്ളം കയറിയ നിലയിൽ. 2,വണ്ടിപ്പെരിയാർ നല്ലതമ്പി കോളനിയിൽ വിനോദ് മണിയുടെ വീട്ടിലും പരിസരത്തും കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറിയപ്പോൾ.

ദുരിതാശ്വാസ ക്യാംപുകളിലേക്കു മടങ്ങിയവർ വെള്ളമിറങ്ങുമ്പോൾ വീടുകളിലേക്കു തിരികെയെത്തും. ചെളിയും മണ്ണും അടിഞ്ഞ വീടുകൾ പഴയപടിയാക്കാനുള്ള ശ്രമത്തിലാണു നാട്ടുകാർ. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇവർക്കു സ്വന്തം വീടു വിട്ടു പോകേണ്ടിവന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം ഇരച്ചെത്തിയതോടെ കുഞ്ഞുങ്ങളെ വാരിയെടുത്താണു പലരും വീടു വിട്ടിറങ്ങിയത്. 

ആരോട് പറയും ഞങ്ങളുടെ പരാതി...?

∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ സ്ഥിതിഗതികൾ വിലയിരുത്താൻ വണ്ടിപ്പെരിയാറിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനു മുന്നിൽ നാട്ടുകാർ പരാതിയുടെ കെട്ടഴിച്ചു. തിങ്കളാഴ്ച രാത്രി കറുപ്പുപാലത്തു വച്ചാണു മന്ത്രിയോടു പ്രദേശവാസികൾ പ്രതിഷേധമറിയിച്ചത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നുവിടുന്നതിലൂടെ വീടുകളിൽ വെള്ളം കയറിയവരാണു പ്രതിഷേധവുമായി മന്ത്രിയുടെ മുന്നിലെത്തിയത്. സർക്കാർ ജാഗ്രത പാലിക്കാൻ പറയുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആരോപണം.

വള്ളക്കടവ് കുരുശുംമൂട് ഭാഗത്ത് ഷാജിത ഷാജിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ.
വള്ളക്കടവ് കുരുശുംമൂട് ഭാഗത്ത് ഷാജിത ഷാജിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ.

ഡാമിന്റെ നിയന്ത്രണം നമ്മുടെ കയ്യിലല്ലെന്നും ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും രാത്രി വെള്ളമൊഴുക്കരുതെന്നു പല തവണ ആവശ്യപ്പെട്ടിട്ടും തമിഴ്നാടിന്റെ ഭാഗത്തു നിന്നു വീണ്ടും ഇതു തുടരുകയാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ജനങ്ങളുടെ ജീവന്റെ പ്രശ്നമാണിതെന്നു ജനക്കൂട്ടം ആവർത്തിച്ചപ്പോൾ, ‘ഞാനെന്താ ചെയ്യേണ്ടത്, എനിക്ക് എന്തുചെയ്യാൻ കഴിയും എന്നു നിങ്ങൾ പറഞ്ഞുതരൂ’ എന്നായി മന്ത്രി. അതിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്കു മുന്നിൽ മന്ത്രി കൃത്യമായി അവതരിപ്പിച്ചു. രാത്രി ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെങ്കിൽ പകൽ തന്നെ വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പു നിയന്ത്രിക്കണമെന്നും രാത്രി ഒരു കാരണവശാലും ഷട്ടറുകൾ തുറക്കരുതെന്നും തമിഴ്നാടിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി ആവർത്തിച്ചു.

രാത്രി മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ കക്കി കവലയിൽ പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം.
രാത്രി മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ കക്കി കവലയിൽ പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം.

അര മണിക്കൂറോളം നേരം ഇവിടെ മന്ത്രിയും ജനക്കൂട്ടവുമായുള്ള വാദപ്രതിവാദങ്ങൾ നീണ്ടുനിന്നു. ഏതു പ്രശ്നത്തിലും  ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞ് സ്ഥലം വിടുന്നയാളല്ല താനെന്നും പറഞ്ഞാണു മന്ത്രി വിശദീകരണം അവസാനിപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷിണിയിലായ കുടംബങ്ങളെ നേരിട്ടു കാണാനാണു മന്ത്രി കറുപ്പുപാലത്ത് എത്തിയത്. ആർഡിഒ, എഡിഎം തുടങ്ങിയ ഉദ്യോഗസ്ഥരോട് പെരിയാർ തീരത്തേക്കു വരേണ്ടെന്നു പറഞ്ഞു ജനക്കൂട്ടം ബഹളം വച്ചു. പൊലീസ് സ്ഥിതികൾ നിയന്ത്രിക്കുകയും ജനക്കൂട്ടത്തെ ശാന്തമാക്കുകയും ചെയ്തു.

പരിഭ്രാന്തരായി ഉപ്പുതറക്കാർ

ഉപ്പുതറ ∙ 2018ലെ പ്രളയകാലത്തു തുറന്നുവിട്ടതിന്റെ പകുതിയോളം വെള്ളം മുല്ലപ്പെരിയാറിൽ നിന്നു പെരിയാറിലേക്ക് ഒഴുക്കിയതോടെ ഉപ്പുതറ, അയ്യപ്പൻകോവിൽ അടക്കമുള്ള പഞ്ചായത്തുകളിലെ തീരദേശവാസികൾ തിങ്കളാഴ്ച രാത്രി കഴിഞ്ഞുകൂടിയതു പരിഭ്രാന്തിയോടെ. രാത്രി എട്ടരയോടെയാണു മുല്ലപ്പെരിയാറിൽ നിന്ന് 12,654 ഘനയടി വെള്ളം തുറന്നുവിട്ടത്. അതോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള ശ്രമത്തിലായി തീരദേശവാസികൾ.

അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിലെ തീരദേശവാസികളിൽ കിടപ്പുരോഗികൾ അടക്കം അവശരായവരെ ആംബുലൻസിലും മറ്റുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കു മാറി. ഒന്നര മണിക്കൂറിനുശേഷം രാത്രി 10നു 3 ഷട്ടറുകൾ അടച്ചെങ്കിലും അപ്പോഴും കൂടിയ തോതിൽ തുറന്നുവിട്ട ജലം ചപ്പാത്ത് മേഖലയിൽ എത്തിയിരുന്നില്ല.

12 മണിയോടെയാണ് കൂടുതൽ വെള്ളം ചപ്പാത്തിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയത്. പെരിയാറിൽ ജലനിരപ്പ് കുറവായിരുന്നതിനാൽ മാത്രമാണു ചപ്പാത്ത് പാലത്തിൽ വെള്ളം കയറാതിരുന്നത്. ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ തീരദേശവാസികൾ ചപ്പാത്തിലും മറ്റുമായി തമ്പടിക്കാൻ തുടങ്ങി. റവന്യു ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാ സേനയുമെല്ലാം മേഖലയിൽ എത്തിയിരുന്നു. 

ആശങ്കയിൽ പെരിയാർ തീരം

വണ്ടിപ്പെരിയാർ ∙ ആശങ്കയൊഴിയാതെ പെരിയാർ തീരം, തീരദേശവാസികൾക്ക് ദിവസങ്ങളായി ഉറക്കമില്ലാത്ത രാത്രികൾ. കുഞ്ഞുങ്ങളെയും കയ്യിൽ പിടിച്ച് ഉറക്കമിളച്ച് രാത്രി മുഴുവൻ കഴിഞ്ഞ ശേഷം പകൽ ജോലിക്കു പോകാൻ പോലും കഴിയാത്ത നിസ്സഹായ അവസ്ഥയിലാണു പലരും. അർധരാത്രി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടുമ്പോൾ വലിയ തോതിൽ എത്തുന്ന വെള്ളം പറമ്പിലും വീട്ടിലും എത്തുന്ന സാഹചര്യം പതിവാണ്. പല രീതിയിലുള്ള പ്രതിഷേധപ്രകടനങ്ങൾ നടത്തിയിട്ടും ഒന്നും ഫലം കണ്ടില്ല.

2018ലെ പ്രളയത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടിൽ നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തിൽ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണു ചപ്പാത്ത് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാർ തീരത്തെ വള്ളക്കടവ്, വികാസ്നഗർ, മഞ്ചുമല, ഇഞ്ചിക്കാട് ആറ്റോരം, കടശിക്കാട് ആറ്റോരം, കറുപ്പുപാലം മേഖലകളിലെ ഇരുപതിലധികം വീടുകളിൽ വെള്ളം കയറി.

കൃഷ്ണൻ ശിവമംഗലം, വിജയകുമാർ തങ്കരാജ്, ഡി.രാജൻ, ശിഹാബുദ്ദീൻ പുത്തൻപുരയ്ക്കൽ, ജോഷ്വാ മുത്തിൽ, സീന ഷാഹുൽ പുത്തൻവീട്, ജോൺ മുതുകുന്നത്ത്, ലിസി ലോറൻസ് പുത്തൻവീട്, സെൽവം രാജാമണി, ബാബു പോവാസ് പുത്തൻവീട്, ആശത്തമ്പി, ലത്തീഫ് പുത്തൻവീട്, അനൂപ് ചന്ദ്രൻ, അബ്ദുൽ ഖാദർ തുടങ്ങിയവരുടെ വീടുകളിലാണു വെള്ളം കയറിയത്. വണ്ടിപ്പെരിയാർ മേഖലയിൽ തമിഴ്നാടിന്റെ രാത്രികാല സ്പിൽവേ ഷട്ടർ ഉയർത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിഷേധിച്ച്  നാട്ടുകാർ

വണ്ടിപ്പെരിയാർ ∙ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ  ഷട്ടറുകൾ തുറന്നതിനാൽ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്നു മുല്ലപ്പെരിയാർ  പൗരസമിതിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ കക്കി കവലയിൽ പ്രതിഷേധിച്ചു. തുടർന്ന് തീരദേശവാസി ഷാജി കുരിശുംമൂട് റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ദേശീയപാത ഉപരോധിക്കാൻ പ്രവർത്തകർ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തിൽ സിറിയക് തോമസ്, ടി.രാജേന്ദ്രൻ, നൗഷാദ് വാരിക്കാട്, കെ.എ.സിദ്ദീഖ്, കബീർ താന്നിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

മുൻ എംഎൽഎ ഇ.എസ്.ബിജിമോളുടെ നേതൃത്വത്തിൽ സിപിഐ പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കക്കി കവലയിൽ ചേർന്ന യോഗം പി.എൻ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ടി.എച്ച്.അബ്ദുൽ സമദ്, വി.ബി.അയൂബ്, ഒ.പി.ഷഫീക്ക്, എം.വി.താഹിർ, അൻവർ ഹസൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com