ADVERTISEMENT

ഇന്നലെ ഞാൻ എന്റെ കഥ പറയുകയായിരുന്നു. ഇനിയും ഒത്തിരി കഥകൾ പറയാനുണ്ട്. അതിനുമുൻപ് എനിക്ക് ഇടുക്കി എന്ന പേര് ലഭിച്ചത് എങ്ങനെ എന്ന് അറിയാമോ? കുറവൻ കുറത്തി മലകൾക്ക് ഇടയിലുള്ള  ഇടുക്കിനെ പിന്നീട് ഇടുക്കി ആക്കി മാറ്റുവാരുന്നത്രെ. ആ കുറവൻ കുറത്തി മലയ്ക്കുമുണ്ട് ഒരു ഐതിഹ്യ കഥ പറയാൻ... (കേട്ട് പഴകിയ കഥയാണേ, അതിലെത്ര സത്യമുണ്ടെന്നെനിക്കറിയില്ല കേട്ടോ!!)

യുഗങ്ങൾക്ക് മുൻപാണ്. മനോഹരമായ കാനന ഭൂമി. എവിടെയും മലകളും പുഴകളും പൂമരങ്ങളും മാത്രം. നിർഭയരായി സ്വൈരവിഹാരം നടത്തുന്ന കാട്ടുമൃഗങ്ങൾ. അവയോടിണങ്ങിയും പിണങ്ങിയും കഴിയുന്ന കാട്ടുമനുഷ്യർ. കാടിന്റെ സംരക്ഷകനായി ഉത്തുംഗശൃംഖനായ സഹ്യൻ. അപ്രതിരോധ്യയായ പെരിയാർ. കാട്ടിലെ മനുഷ്യരും മൃഗങ്ങളും പെരിയാറിന്റെ തീരങ്ങളിലായിരുന്നു വിശ്രമസങ്കേതം കണ്ടെത്തിയിരുന്നത്. അങ്ങനെ ദേവകൾക്കു പോലും അസൂയ ജനിപ്പിച്ചിരുന്ന വനഭൂമിയായിരുന്നു അത്.

ഒരിക്കൽ നിഷാദ രാജകുമാരനായ കുറവൻ പ്രാണസഖിയായ കുറത്തിയുമൊത്ത് പെരിയാറിന്റെ തീരങ്ങളിൽ വിഹരിക്കുകയായിരുന്നു. ഇതിനിടയിൽ പെരിയാറിന്റെ വിശാലമായ ജലപ്പരപ്പിൽ ചലനങ്ങൾ സൃഷ്ടിച്ച് രണ്ടു സുന്ദരരൂപങ്ങൾ നീന്തിക്കുളിക്കുന്നത് അവരുടെ ശ്രദ്ധയെ ആകർഷിച്ചു. അവരുടെ ആകാരസൗഷ്ടവത്തിൽ ആകൃഷ്ടരായി കുറവനും കുറത്തിയും മിഴിച്ചു നിന്നു. ഒരാൾ പുരുഷനും മറ്റേയാൾ സ്ത്രീയുമാണ്. ഈ വനാന്തരത്തിൽ, ഈ തീർഥജലത്തിൽ നീരാടാനിറങ്ങിയ ഇവർ ദേവഗണങ്ങൾ തന്നെ. തങ്ങളുടെ സ്വൈരവിഹാരത്തിനു ഭംഗം നേരിട്ടതറിഞ്ഞ് ദേവൻ ഉഗ്രകോപത്തോടെ കുറവനെയും കുറത്തിയെയും നോക്കി.  

കൈകൾ ഉയർത്തി അവരെ ശപിച്ചു !. നിങ്ങൾ പാറകളായി അകന്നു മാറി കഴിയട്ടെ. പാവം കുറവനും കുറത്തിയും ദയയ്ക്കായി കേണപേക്ഷിച്ചു. പക്ഷേ, അവർ പാറകളായി മാറിക്കഴിഞ്ഞിരുന്നു. പെരിയാർ അവർക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഒഴുകി തുടങ്ങി. തുടർന്ന് കലിയുഗത്തിൽ മനുഷ്യർ നിങ്ങളെ ബന്ധിപ്പിക്കുമെന്ന ശാപമോക്ഷവും നൽകി ദേവതകൾ അപ്രത്യക്ഷരായി. ശിവനും പാർവതിയുമായിരുന്നു അത് !. അതോടെയാണ് രണ്ട് പാറകൾ പെരിയാറിനെ തൊട്ടുരുമ്മി നിൽക്കാൻ തുടങ്ങിയത്. കുറവൻ പാറയും കുറത്തി പാറയും. ഇവിടമാണിടുക്കി. ഇവിടുത്തെ ഓരോ പാറയ്ക്കും ഇത്തരം ശാപമോക്ഷത്തിന്റെ കഥകളുണ്ടാകാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com