ADVERTISEMENT

കട്ടപ്പന∙ ജില്ലയിലെ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ സ്ഥാപിക്കുന്നതിന് തുടക്കമിട്ട് മോട്ടർ വാഹന വകുപ്പ്. ജില്ലയിലെ 72 പ്രധാന കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. എല്ലാവിധ നിയമലംഘനങ്ങളും കണ്ടെത്താൻ കഴിയുന്ന രീതിയിലാകും ക്യാമറകൾ സ്ഥാപിക്കുക. ഹെൽമറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുമുള്ള യാത്ര, അമിതവേഗം, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയെല്ലാം കണ്ടെത്തി നടപടികൾ സ്വീകരിക്കും.

മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ ക്യാമറകൾ സ്ഥാപിക്കുന്നതിനോട് അനുബന്ധിച്ചുള്ള നടപടികളാണ് ജില്ലയിലും തുടങ്ങിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി), റെഡ് ലൈറ്റ് വൈലേഷൻ, സ്പീഡ് വൈലേഷൻ എന്നിങ്ങനെ 3 തരം ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. അതിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകളാകും ജില്ലയിൽ കൂടുതലായി സ്ഥാപിക്കുക. കേബിളിനു പകരം റഡാർ സംവിധാനത്തിലാകും ഇവയുടെ പ്രവർത്തനം. 

മൊബൈലിലും തപാലിലുമെത്തും ‘പണി’ഷ്‌മെന്റ്

ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരം സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ ശേഖരിക്കപ്പെടും. അവ ജില്ലാതല കൺട്രോൾ റൂമിലേക്ക് കൈമാറിയശേഷം അവിടെനിന്ന് വാഹന ഉടമകൾക്ക് മെമ്മോ അയയ്ക്കും. വാഹനത്തിന്റെ ചിത്രം, തീയതി, സമയം, സ്ഥലം, നിയമ ലംഘനം എന്നിവയെല്ലാം വ്യക്തമാക്കിയുള്ള മെമ്മോ തപാൽ വഴിയാകും അയയ്ക്കുക.

കൂടാതെ എസ്എംഎസ് മുഖേനയും വാഹന ഉടമകളെ വിവരം അറിയിക്കും. ജില്ലയിലെ കൺട്രോൾ റൂം തൊടുപുഴയിലാണ് പ്രവർത്തിക്കുക. ഇതിന്റെ പണികൾ പൂർത്തിയായിക്കഴിഞ്ഞു. കെൽട്രോണാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഡിസംബറിൽ ഇതു പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നീണ്ടുപോകുകയായിരുന്നു. ഇന്നലെ കട്ടപ്പന-കുട്ടിക്കാനം പാതയിൽ ഉൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചു. ഫെബ്രുവരി അവസാനത്തോടെ ഇവയുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com