ADVERTISEMENT

രാജകുമാരി ∙ വാഗമണ്ണും  തേക്കടിയും മൂന്നാറുമൊക്കെ ഇന്ത്യൻ സിനിമകളിലെ സ്ഥിരം ലൊക്കേഷനുകളായിരുന്നെങ്കിൽ ഇപ്പോൾ അത്രയൊന്നും പരിചിതമല്ലാത്ത സ്ഥലങ്ങളും സിനിമയുടെ വെള്ളി വെളിച്ചത്തിലിടം നേടി. കുളമാവിലും പരിസരത്തുമായി ചിത്രീകരിച്ച കടത്തനാട്ട് മാക്കം, നദി തുടങ്ങിയവയാണ് ഇടുക്കിയിൽ ചിത്രീകരിച്ച ആദ്യകാല സിനിമകൾ. മലയാറ്റൂരിന്റെ ഇൗറ്റയിൽ കാണുന്നതും ഇടുക്കിയുടെ വന്യ സൗന്ദര്യമാണ്. 

ഭരതന്റെ മനോഹര കാവ്യ ശിൽപമായ വൈശാലി ഇടുക്കിക്ക് നൽകിയ സംഭാവനയാണ് കുളമാവിലെ വൈശാലി ഗുഹ.‍ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’യും കുളമാവിന്റെ ദൃശ്യ വിസ്മയമാണ്. മമ്മൂട്ടി നായകനായ ‘ലൗഡ് സ്പീക്കർ’ തോപ്രാംകുടിയിലും ദിലീപ് നായകനായ ‘വിനോദയാത്ര’ മൂലമറ്റത്തും, ‘ലൈഫ് ഓഫ് ജോസൂട്ടി’ അയ്യപ്പൻകോവിലിലുമാണ് ചിത്രീകരിച്ചത്. ജയറാമിന്റെ ‘വെറുതെയല്ല ഭാര്യ’ ഇടുക്കി പട്ടയം കവലയിലും മോഹൻലാലിന്റെ ‘രസതന്ത്രവും ’ദിലീപിന്റെ ‘കുഞ്ഞിക്കൂനനും’ അറക്കുളത്തും ചിത്രീകരിച്ചിരുന്നു. ഹിറ്റ് സിനിമകളായിരുന്ന ‘ദൃശ്യവും ’‘വെള്ളിമൂങ്ങയും’ തൊടുപുഴയുടെയും കുടയത്തൂരിന്റെയും സൗന്ദര്യം മികവോടെ അവതരിപ്പിച്ചവയാണ്.

ബ്ലെസിയുടെ ‘കാഴ്ച’യും ‘പളുങ്കും’ ഇടുക്കിയുടെ വശ്യ സൗന്ദര്യത്തിൽ രൂപപ്പെടുത്തിയതാണ്. മോഹൻലാലിന്റെ ‘ഭ്രമരം’ മറയൂരിന്റെ സംഭാവനയാണ്. സുരേഷ് ഗോപിയുടെ ‘ലേല’ത്തിനും ഫഹദ് ഫാസിലിന്റെ ‘ഇയ്യോബിന്റെ പുസ്തകത്തിനും’ മികവ് പകർന്നത് വാഗമണ്ണും ഏലപ്പാറയുമാണ്. കുഞ്ഞിക്കൂനൻ, ആട് ഒരു ഭീകര ജീവിയാണ്, പാപ്പി അപ്പച്ചാ, ഇവിടം സ്വർഗമാണ്, മേരിക്കുണ്ടൊരു കുഞ്ഞാട്, എൽസമ്മ എന്ന ആൺകുട്ടി, ഓം ശാന്തി ഓശാന, സ്വർണ കടുവ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സ്വപ്ന സഞ്ചാരി, തോപ്പിൽ ജോപ്പൻ, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഓർഡിനറി, ജനപ്രിയൻ, ആടുപുലിയാട്ടം, ജോസഫ്, പ്രീസ്റ്റ്, ലൂസിഫർ തുടങ്ങി ഇടുക്കിയിലെ പ്രകൃതി മനോഹര ദൃശ്യങ്ങൾ പ്രധാന കഥാപാത്രങ്ങളായ സിനിമകൾ ഒട്ടേറെയുണ്ട്.

ബോളിവുഡിലും ഹോളിവുഡിലും മൂന്നാർ

മലയാള ചിത്രങ്ങൾ പോലെ ഒട്ടേറെ അന്യ ഭാഷ ചിത്രങ്ങൾക്കും മൂന്നാർ പ്രധാന ലൊക്കേഷനായിട്ടുണ്ട്. എഴുപതുകളിൽ തമിഴ് സിനിമകളുടെ ഭാഗ്യ ലൊക്കേഷനായി മൂന്നാർ മാറി. കെ.ബാലചന്ദറിന്റെ രജനികാന്ത് ചിത്രം ‘പുതു കവിതൈ ’മൂന്നാറിലാണ് ചിത്രീകരിച്ചത്. അമിതാഭ് ബച്ചന്റെ ‘നിശ്ശബ്ദ് ’എന്ന ചിത്രത്തിന് പശ്ചാത്തലമായത് സെവൻ മലയിലെ എസ്റ്റേറ്റ് ബംഗ്ലാവാണ്. പിന്നീട് ഇൗ ബംഗ്ലാവിന് നിശ്ശബ്ദ് ബംഗ്ലാവെന്ന വിളിപ്പേര് കിട്ടി. ഇപ്പോഴും മൂന്നാറിലെത്തുന്ന ഉത്തരേന്ത്യൻ സഞ്ചാരികൾ ബംഗ്ലാവ് അന്വേഷിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസും, അമല പോൾ കേന്ദ്ര കഥാപാത്രമായ മൈനയും മൂന്നാറിന്റെ അഭിമാന സിനിമകളാണ്.

ഹോളിവുഡ് സംവിധായകനായ ആങ്‌ലിയുടെ ലൈഫ് ഓഫ് സ്പൈയിലെ പനിനീർ പൂന്തോട്ടങ്ങളും തേയില തോട്ടങ്ങളുമെല്ലാം മൂന്നാറിൽ നിന്നുള്ള മനോഹര ദൃശ്യങ്ങളാണ്. ഷാരൂഖിന്റെയും പ്രീതി സിന്റയുടെയും ചടുല നൃത്തത്തിനൊപ്പം എ.ആർ.റഹ്മാന്റെ മാന്ത്രിക സംഗീതവും ചേർന്നപ്പോൾ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ ‘ദിൽ സേ’യിലെ പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ... പിറന്നത് തേക്കടി തടാകത്തിലാണ്. സണ്ണി ലിയോൺ മുഖ്യ കഥാപ്രാത്രമായ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് സമീപകാലത്ത് പൂപ്പാറയിൽ പൂർത്തിയായിട്ടുണ്ട്.

മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചാർലി സിനിമയിൽ ദുൽഖർ സൽമാൻ ചോദിച്ചപ്പോഴാണ് പലരും അങ്ങനെയൊരു സ്ഥലത്തെ കുറിച്ച് പലരും അറിഞ്ഞത്. ചെന്നൈ എക്സ്പ്രസിലെ തിത്‌ലി.. എന്ന ഗാനത്തിൽ ദീപിക പദുക്കോൺ ആടിപ്പാടുന്നത് മീശപ്പുലി മലയിലാണ്.ഹൈറേഞ്ചിന്റെ ഗ്രാഫുയർത്തിയ മഹേഷിന്റെ പ്രതികാരംഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം ഹൈറേ‍ഞ്ചിനെ സിനിമക്കാരുടെ ഭാഗ്യ ലൊക്കേഷനാക്കി മാറ്റിയെന്നു പറയാം. 

ലൊക്കേഷനും കഥയും ഇടുക്കിയിലാകുമ്പോൾ അതിന്റെ വൈബ് വേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com