ADVERTISEMENT

ജില്ലയിലെ ഗ്രാമീണ മേഖലകൾ കപ്പവാട്ടിന്റെ തിരക്കിലാണ്. ഉത്സവ പ്രതീതിയാണു പലയിടത്തും. ടെറസിലും കോൺക്രീറ്റ് തറയിലും പാറപ്പുറത്തും കപ്പ ഉണക്കാനിട്ടിരിക്കുന്നതു തന്നെ നല്ലൊരു കാഴ്ചയാണ്. ഉണങ്ങി ചാക്കിൽ കെട്ടി അകത്തു വയ്ക്കുന്നതിനു മുൻപു വേനൽമഴ വന്നാൽ കഷ്ടപ്പാടെല്ലാം പാഴാകും. അതു മാത്രമാണ് പേടി...

മൂലമറ്റം ∙ ഇടുക്കിയുടെ സ്വന്തം കാർഷികോത്സവമാണ് കപ്പവാട്ട്. അയൽക്കാർ പരസ്പരം സഹകരിച്ചു നടത്തുന്ന കപ്പവാട്ടലിന്റെ സീസൺ ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയോടെയാണ് അവസാനിക്കുക. മുൻപു ജില്ലയിൽ ഏറ്റവും കൂടുതൽ കപ്പ എത്തിയിരുന്നത് അറക്കുളത്തു നിന്നാണ്. എന്നാലിപ്പോൾ ഹൈറേഞ്ചിലും കപ്പവാട്ടുന്നവർ ഒട്ടേറെയുണ്ട്. പുലർച്ചെ മുതൽ വെയിൽ ഉറയ്ക്കുന്നതുവരെ എല്ലാവരും ചേർന്നു കപ്പ പറിക്കും. തുടർന്നു പൊളിക്കൽ, അരിയൽ എന്നിങ്ങനെ നീളും. പിന്നീടാണു വാട്ടൽ. കഴിയുമ്പോൾ രാത്രിയാകും.

കപ്പ ചെമ്പിലിട്ടു വാട്ടിയശേഷം പാറപ്പുറത്തു വിരിച്ചാണ് ഉണക്കുക. കപ്പവാട്ടുകാരുടെ പ്രധാന ആഹാരവും പറിക്കുന്ന കപ്പ കൊണ്ടുണ്ടാക്കുന്ന ചെണ്ടമുറിയൻ, പുഴുക്ക് എന്നിവയാണ്. ഒരുകാലത്ത് ഗ്രാമങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ നടന്നിരുന്ന കപ്പവാട്ടിനു ഇപ്പോൾ പഴയ പ്രതാപമില്ല. ഇതിനിടെ കാട്ടുപന്നി ശല്യം മൂലം പല മേഖലകളിലും കപ്പക്കൃഷി പൂർണമായി നശിച്ചതും തിരിച്ചടിയായി. പഴയകാലത്തെ പോലെ അയൽവാസികളും സുഹൃത്തുക്കളും ചേർന്നുള്ള കപ്പവാട്ടൽ ഇല്ലാതായതു കാരണം കപ്പപറിക്കൽ മുതൽ വാട്ടുന്നതുവരെയുള്ള ജോലികൾ പലരും ജോലിക്കാരെ ഏൽപിക്കാൻ തുടങ്ങി.

ഇതോടെ ലാഭം കുറഞ്ഞതും ഇതിൽനിന്ന് ആൾക്കാരെ പിന്തിരിപ്പിച്ചു. വാട്ടുകപ്പയുടെ വിലത്തകർച്ചയും സീസണിൽ മാത്രം ലഭിച്ചിരുന്ന പച്ചക്കപ്പ ഇപ്പോൾ എല്ലാക്കാലത്തും ലഭിക്കുന്നതും ഉണക്കുകപ്പയോടു പ്രിയം കുറയാൻ കാരണമായി. പഴമക്കാർ പഞ്ഞമാസങ്ങളിലേക്കു കരുതി വച്ചിരുന്ന ഉണക്കുകപ്പ പുതിയ തലമുറയ്ക്കു കാര്യമായി താൽപര്യമില്ലാത്തതും മാർക്കറ്റ് ഇടിയാൻ കാരണമായി. എന്നാൽ ഇന്നും കർഷക കുടുംബങ്ങൾക്ക് ഉണക്കുകപ്പ ഒഴിവാക്കാനാവാത്ത ഇഷ്ടവിഭവം തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com