15000ൽപരം തൊഴിലാളികൾ, വെടിവയ്പ്പും സംഘർഷവും; ഈ കാഴ്ചയ്ക്കു പിന്നിലെ രക്തച്ചൊരിച്ചിലിന്റെ കഥ!

ഇടുക്കി ഡാം (ഫയൽ ചിത്രം)
ഇടുക്കി ഡാം (ഫയൽ ചിത്രം)
SHARE

ഇടുക്കി ജില്ലയ്ക്ക് അഭിമാനമായി തലയുയർത്തി നിൽക്കുന്ന ചെറുതോണി ഡാമും ആർച്ച് ഡാമും കുളമാവ് ഡാമും അടങ്ങുന്ന ഇടുക്കി പദ്ധതി. ഇടുക്കി പദ്ധതിയുടെ പിന്നിലെ കഥ ഇതാണ്... 

ചെറുതോണി ∙ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്ന കുറവൻ, കുറത്തി മലകൾ. ആ ഇടുക്കിലൂടെ കുത്തിയൊഴുകുന്ന പെരിയാർ. ഇവിടെ ഒരു അണകെട്ടിയാലോ എന്ന് ആദ്യം ചിന്തിച്ചത് ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയർ. ഇദ്ദേഹം 1919ൽ തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. എന്നാൽ, 1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്യു. ജെ. ജോൺ നായാട്ടിനായി ഈ കൊടുംകാട്ടിലെത്തിയതോടെയാണ് ഇടുക്കിയുടെ ചരിത്രം തുടങ്ങുന്നത്.

അന്ന് ഈ ഭാഗത്തെ ഊരാളി ഗോത്ര തലവനായിരുന്ന കരുവെള്ളയാൻ കൊലുമ്പൻ എന്ന ആദിവാസിയുമായി പരിചയപ്പെട്ട ജോൺ ഇയാളെ നായാട്ടിന് സഹായിയായി വിളിച്ചു. കൊലുമ്പൻ അനുഗമിച്ചു. അയാൾ നാടൻ പാട്ടിലെ കുറവൻ കുറത്തി കഥ ജോണിനു പറഞ്ഞുകൊടുത്തു. ഇടുക്കി കാണിച്ചുകൊടുത്തു. കുറവൻ കുറത്തി മലകൾക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഒഴുകുന്ന പെരിയാർ ജോണിന്റെ ശ്രദ്ധ ആകർഷിച്ചു. അയാൾ ഇമവെട്ടാതെ നോക്കിനിന്നു.

ആ മല ഇടുക്കിൽ അണക്കെട്ട് പണിതാൽ വൈദ്യുതോൽപാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹത്തിന് ഒറ്റനോട്ടത്തിൽ മനസ്സിലായി. ഇവിടെ നിന്നു മടങ്ങിയ ജോൺ എൻജിനീയറായ അനുജന്റെ സഹായത്തോടെ ഇടുക്കിയുടെ സാധ്യതകളെപ്പറ്റി തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. പിന്നീട് 1937ൽ ഇറ്റലിക്കാരായ ആഞ്ചലോ ഒമേദയോ, ക്ലാന്തയോ മാസലെ എന്നീ എൻജിനീയർമാർ ഇടുക്കിയിൽ അണക്കെട്ട് നിർമിക്കുന്നതിന് അനുകൂലമായ ഒരു പഠന റിപ്പോർട്ട് സമർപ്പിച്ചു.

ഇടുക്കിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിന് അനുകൂലമായി വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകൾ ഉണ്ടായിരുന്നെങ്കിലും തിരുവതാംകൂർ സർക്കാർ ഇതിന് തയാറായില്ല. 1947ൽ തിരുവതാംകൂറിലെ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന പി.ജോസഫ് ജോണിന്റെ റിപ്പോർട്ടിൽ പെരിയാറിനെയും ചെറുതോണി പുഴയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കാനും അറക്കുളത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനും ശുപാർശ ചെയ്തു.

1956ൽ കേരള സർക്കാരിനു വേണ്ടിയും അടുത്ത വർഷം കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയും സമഗ്രമായ പഠനങ്ങൾ നടന്നു. എങ്കിലും 1961ലാണ് ഇടുക്കി അണക്കെട്ടിന്റെ രൂപകൽപന ഉണ്ടാക്കിയത്.1963ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് ഇടുക്കി പദ്ധതിയുടെ നിർമാണച്ചുമതല കേരള വിദ്യുഛക്തി വകുപ്പ് ഏറ്റെടുത്തു. 1966ൽ കൊളംബോ പദ്ധതി പ്രകാരം കാനഡ സർക്കാർ സഹായഹസ്തം നീട്ടുകയും ഇന്ത്യയും കാനഡയും ഇതു സംബന്ധിച്ചുള്ള കരാർ ഉണ്ടാക്കുകയും ചെയ്തു.

ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകൾ

പെരിയാറിനെ തടഞ്ഞു നിർത്തിയാണു ഇടുക്കി ജലവൈദ്യുത പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ഇടുക്കി പദ്ധതിയിൽ മൂന്നു അണക്കെട്ടുകൾ – ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് അണക്കെട്ട്. മൂന്നു അണക്കെട്ടുകളുണ്ടെങ്കിലും വെള്ളം പുറത്തേക്കു വിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രം. ഇടുക്കി നിറഞ്ഞാൽ ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും തുറക്കും. സമുദ്രനിരപ്പിൽ നിന്നു 2400 അടി ഉയരത്തിലാണു ഇടുക്കി അണക്കെട്ടു നിർമിച്ചിരിക്കുന്നത്.

സംഭരണ ശേഷി 70.5 ടിഎംസി (തൗസന്റ് മില്യൻ ക്യുബിക് ഫീറ്റ്). 60 ചതുരശ്ര കിലോമീറ്ററാണു വൃഷ്ടി പ്രദേശത്തിന്റെ വിസ്തൃതി. ഇടുക്കി അണക്കെട്ടു മൂലം പെരിയാറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി പോകാതിരിക്കുന്നതിനായി ചെറുതോണിയിലും ഏതാനും കിലോമീറ്ററുകൾ അകലത്തായി ഒഴുകുന്ന കിളിവള്ളി തോട്ടിലൂടെ ജലം നഷ്ടപ്പെടാതിരിക്കുന്നതിനായി കുളമാവിലും അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നു. വലിയ ഭാരാശ്രിത കോൺക്രീറ്റ് അണക്കെട്ടാണ് ചെറുതോണി.

ഇടുക്കി പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണ് കുളമാവ്. ചെറുതോണി അണക്കെട്ടിനു മാത്രമാണു ഷട്ടറുകളുള്ളത്. കെഎസ്ഇബിക്കാണു അണക്കെട്ടുകളുടെ സംരക്ഷണ ചുമതല. ഇടുക്കി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിൽ 15000ൽ പരം തൊഴിലാളികളാണു പങ്കാളികളായത്. തൊഴിൽ തർക്കങ്ങൾ മൂലം ഒട്ടേറെ തവണ ജോലികൾ നിർത്തിവയ്ക്കേണ്ടി വന്നു. സംഘർഷങ്ങളും വെടിവയ്പും പലവട്ടമുണ്ടായി. വെടിവയ്പിൽ മരിച്ചവരുൾപ്പെടെ 84 പേരാണ് ഈ ബൃഹത്തായ പദ്ധതിക്ക് രക്തസാക്ഷികളായത്. അംഗഭംഗം സംഭവിച്ചവർ ഒട്ടേറെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA