ADVERTISEMENT

നേതാക്കന്മാരുടെ പ്രസംഗത്തിന്റെ ചൂടിൽ പലതവണ ആളിക്കത്തിയ രാഷ്ട്രീയമാണ് ഇടുക്കിയിലേത്. എം. എം.മണിയുടെ വൺ, ടൂ, ത്രീ മുതലുള്ള വിവാദ പ്രസംഗങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കഴി‍ഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റേത്.  വാക്കുകൾകൊണ്ട് തീകോരിയിട്ട ഇടുക്കിയിലെ വിവാദ പ്രസംഗങ്ങൾ ഇവയൊക്കെ....

2012 മേയ് 25– എം.എം.മണി

രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഭീകരത വെളിപ്പെടുത്തിയ, കേരളത്തെ നടുക്കിയ പ്രസംഗമായിരുന്നു എം.എം.മണിയുടേത്. തൊടുപുഴയ്ക്കു സമീപം മണക്കാട് ജംക്‌ഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടടെയാണ് അന്നത്തെ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗം.  ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് 21–ാം ദിവസമായിരുന്നു മണിയുടെ വിവാദ പ്രസംഗം.

ബേബി അഞ്ചേരി, മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണ് പ്രസംഗത്തിൽ മണി പരാമർശിച്ചത്. മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടർന്ന് എം.എം.മണിക്കെതിരെ പ്രത്യേക അന്വേഷണസംഘം നാലു കേസുകളാണ് റജിസ്റ്റർ ചെയ്‌തത്. മണക്കാട്ടെ പ്രസംഗത്തിന്റെ പേരിൽ തൊടുപുഴ പൊലീസ് എം.എം.മണിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്തു 46 ദിവസം ജയിലിലടച്ചിരുന്നു. ഏഴരമാസം ജില്ലയിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. വിവാദ പ്രസംഗത്തെ തുടർന്നു ജില്ലാ സെക്രട്ടറി സ്ഥാനവും മണിയാശാനു നഷ്ടമായി. 

പ്രസംഗം: ‘‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. പ്രതിയോഗികളെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി.

ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേടിൽ ഒരാളെയും കൊന്നു. വൺ, ടൂ, ത്രീ, ഫോർ... മൂന്നു പേരെ ആദ്യം കൊന്നു. ഇതോടെ അടി പേടിച്ച് കോൺഗ്രസുകാർ ഖദർ വലിച്ചെറിഞ്ഞ് ഓടി. ഇതിനു ശേഷം സിപിഎം പ്രവർത്തകരെ കാണുമ്പോൾ ഖദറിട്ടു നടന്നോട്ടെ എന്നായിരുന്നു കോൺഗ്രസുകാർ ആദ്യം ചോദിച്ചിരുന്നത്.’’

2014 ഒക്ടോബർ

കുമളിയിലെ ഒരു യോഗത്തിനിടെ എം.എം.മണി ബാർബർമാരെ അധിക്ഷേപിച്ചു പ്രസംഗിച്ചു എന്നാരോപിച്ച് സംഘടന രംഗത്തെത്തി. കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാർ കാക്കിക്കുപ്പായം ഊരിവച്ച് ബാർബർ ഷോപ്പ് തുടങ്ങണമെന്നു മണി പ്രസംഗിച്ചു. ബാർബർമാരുടെ സംഘടന രംഗത്തുവന്നു. മണിയുടെ താടിയും മുടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. പിന്നീട് എം.എം.മണി ഖേദം പ്രകടിപ്പിച്ചു.

2016 ഫെബ്രുവരി

വീണ്ടും എം.എം.മണിയുടെ പ്രസംഗം വിവാദമായത് ചെറുതോണിയിലായിരുന്നു. പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിൻസിപ്പൽ പത്മജ ദത്തയെ വ്യക്തിപരമായി അധിക്ഷേപിച്ചു എം.എം. മണി പ്രസംഗിച്ചു എന്നായിരുന്നു ആരോപണം. അന്നത്തെ ഇടുക്കി എസ്ഐ: കെ.വി.ഗോപിനാഥനെ ഇതേ വേദിയിൽ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു മണിയാശാൻ. എം.എം.മണിയുൾപ്പെടെ 304 സിപിഎം പ്രവർത്തകർക്കെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു. 

2017 ഏപ്രിൽ 22

മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ചു മന്ത്രിയായിരുന്ന എം.എം.മണി നടത്തിയ പ്രസംഗത്തെത്തുടർന്നു മൂന്നാറിൽ സംഘർഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയർന്നിരുന്നു. പിന്നീട്  എം.എം.മണി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. പ്രസംഗം: ‘‘... അവിടെ ഇയാളുടെ കൂടെയാ, സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ടു സുരേഷ്കുമാർ വന്നിട്ടു കള്ളുകുടി, കെയ്സ് കണക്കിനായിരുന്നു ബ്രാൻഡി. എവിടെ, പൂച്ച... പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗെസ്റ്റ് ഹൗസിൽ. കുടിയും, സകല പരിപാടിയും ഉണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു.

അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു അന്ന്, ഏതാ –––? (ഡിവൈഎസ്പിയുടെ പേരു പറയുന്നു) ആ..എല്ലാവരും കൂടെ കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസ്സിലായില്ലേ? ഞാനതു പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ... പുള്ളിക്കങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ? പിന്നെ പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല..’’ 

2021 മാർച്ച് 29– ജോയ്സ് ജോർജ്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെയാണ് ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ അശ്ലീലവും സ്ത്രീവിരുദ്ധതയും കലർത്തിയ പ്രസംഗം നടത്തിയത്. ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർഥി എം.എം. മണിയുടെ ഇരട്ടയാറിലെ പ്രചാരണയോഗത്തിലായിരുന്നു പരാമർശം. പെൺകുട്ടികൾ രാഹുലിനു മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നാണു ജോയ്സ് പറഞ്ഞത്.

എറണാകുളം സെന്റ് തെരേസാസ് കോളജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ ഒരു വിദ്യാർഥി ജാപ്പനീസ് ആയോധനകല ഐകീഡോയെക്കുറിച്ചു ചോദിക്കുകയും രാഹുൽ ചില മുറകൾ പറഞ്ഞുകൊടുക്കുകയും ചെയ്തതിനെയാണ് ജോയ്സ് അധിക്ഷേപകരമായി പരാമർശിച്ചത്. വേദിയിലുണ്ടായിരുന്ന മന്ത്രി മണിയടക്കമുള്ളവർ കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ജോയ്‌സ് പ്രസംഗം ഫെയ്സ്ബുക്കിലൂടെ ലൈവായി പങ്കുവച്ചു.

എന്നാൽ, ഇന്നലെ ഇതു വിവാദമാകുകയും സിപിഎം തന്നെ തള്ളിപ്പറയുകയും ചെയ്തതോടെ ജോയ്സ് ജോർജ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു. കുമളി അണക്കരയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാ‍ട്ട് പങ്കെടുത്ത പ്രചാരണയോഗത്തിലായിരുന്നു ഖേദപ്രകടനം.

പ്രസംഗം : ‘‘ പെൺകുട്ടികളുള്ള കോളജിൽ മാത്രമേ പോകുവൊള്ളൂ. അവിടെ ചെന്നിട്ട് പെമ്പിള്ളേരെ വളഞ്ഞുനിൽക്കാനും നിവർന്നുനിൽക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനുമൊന്നും പോയേക്കല്ലേ. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാ. ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി.’’

2021 നവംബർ 10– സി.പി.മാത്യു

പ്രസംഗത്തിനിടെ ബാർബർമാരുടെ തൊഴിലിനെ അവഹേളിച്ച് പരാമർശം നടത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെതിരെ കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻ അസോസിയേഷൻ രംഗത്തെത്തിയത് വിവാദമായിരുന്നു.  ഖേദം പ്രകടിപ്പിക്കുന്നതു വരെ ഇടുക്കി ജില്ലയിൽ ഒരു ബാർബർ ഷോപ്പിലും ഡിസിസി പ്രസിഡന്റിന്റെ മുടി മുറിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻ അസോസിയേഷൻ പത്രക്കുറിപ്പിറക്കി. വണ്ടിപ്പെരിയാറിൽ പ്രസംഗിക്കുന്നതിനിടെ ബാർബർ തൊഴിലാളികളെയും തൊഴിലിനെയും അവഹേളിച്ചെന്നായിരുന്നു പരാതി.

2022 ഫെബ്രുവരി 23– സി.പി.മാത്യു

കോൺഗ്രസിൽ നിന്നു കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ വനിതയ്ക്കെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ പരാമർശമാണ് വിവാദമായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് തടിയമ്പാട്ട് സംഘടിപ്പിച്ച മാർച്ചിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം.

രാജി ചന്ദ്രനെ രണ്ടു കാലിൽ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്നും സി.പി. മാത്യു ഭീഷണി മുഴക്കി.  പ്രസംഗത്തിനിടയിൽ അശ്ലീല പരാമർശം നടത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും 509 വകുപ്പ് പ്രകാരവും വധഭീഷണി മുഴക്കിയതിന് 506 (ഒന്ന്) വകുപ്പു പ്രകാരവും സി.പി.മാത്യുവിന്റെ പേരിൽ ഇടുക്കി പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com