ADVERTISEMENT

രാജകുമാരി∙ ടൂറിസം വകുപ്പിന്റെ അഭിമാന പദ്ധതിയായ കാരവൻ കേരള പദ്ധതിക്കും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നു. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ഭൂമിക്ക് പട്ടയം ലഭിച്ചിട്ടുള്ളതുമായ ഭൂരിഭാഗം വില്ലേജുകളിലും കാരവൻ പാർക്കുകൾ നിർമിക്കാൻ നിയമതടസ്സമുണ്ട്.‍ ഇതു മറികടന്ന് പാർക്കുകൾ തുടങ്ങിയാൽ പിന്നീട് നിയമക്കുരുക്കിലാകുമോയെന്ന സംശയമാണ് സംരഭകർക്കുള്ളത്. ഒരു മാസം മുൻപ് പള്ളിവാസൽ പവർഹൗസിനു സമീപം‍ കാരവൻ പാർക്ക് നിർമിക്കാനുള്ള സ്വകാര്യ സംരംഭകന്റെ അപേക്ഷയിൽ റവന്യു വകുപ്പിൽനിന്നുള്ള കൈവശാവകാശ രേഖ വേണമെന്നാവശ്യപ്പെട്ട് പള്ളിവാസൽ പഞ്ചായത്ത് മറുപടി നൽകിയിരുന്നു.

പഞ്ചായത്തിലേക്കു നൽകുന്ന എല്ലാ കൈവശാവകാശ സർട്ടിഫിക്കറ്റിലും ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് റവന്യു വകുപ്പിനു ലഭിച്ചിട്ടുള്ള നിർദേശം. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം നൽകിയിട്ടുള്ള ഭൂമിയിൽ കൃഷിക്കും വീട് നിർമാണത്തിനും മാത്രമാണ് അനുമതിയുള്ളത്. ഇൗ സാഹചര്യത്തിൽ നിർമാണ നിരോധനം നിലവിലുള്ള വില്ലേജുകളിലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു വില്ലേജുകളിലും ഗാർഹികേതര നിർമാണങ്ങൾക്ക് വിലക്കുണ്ട്. 

കഴിഞ്ഞ ദിവസം ബൈസൺവാലി വില്ലേജിൽ നീന്തൽക്കുളം നിർമിക്കാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ പോലും ഭൂപതിവ് ചട്ട ലംഘനം ചൂണ്ടി കാട്ടി റവന്യു വകുപ്പ് നിരസിച്ചിരുന്നു. കാരവൻ കേരളയുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളുടെ അനുമതി അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നുണ്ടെന്നാണ് വിവരം. കാരവൻ പാർക്കുകൾക്കായി ചുരുങ്ങിയത് 50 സെന്റ് ഭൂമിയെങ്കിലും വേണമെന്നാണ് ടൂറിസം വകുപ്പിന്റെ നിർദേശം.

പാർക്കുകളിൽ ജല സംഭരണികൾ, വിനോദത്തിനുള്ള തുറന്ന ഇടങ്ങൾ, ഡ്രൈവ് ഇൻ ഏരിയ, മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ‍ എന്നിവയെല്ലാം ഉണ്ടാകണമെന്ന നിബന്ധനയുമുണ്ട്. ഭൂപതിവ് ചട്ട പ്രകാരം വീടൊഴികെയുള്ള നിർമാണ പ്രവർത്തനങ്ങളൊന്നും അനുവദനീയമല്ലാത്ത സാഹചര്യത്തിൽ 1964 ലെ ചട്ടപ്രകാരം പതിച്ചു നൽകിയ സ്ഥലത്ത് കാരവൻ പാർക്കുകൾക്ക് എങ്ങനെ അനുമതി നൽകുമെന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.

സെറ്റിൽമെന്റ് പട്ടയമുള്ള ഭൂമിയിൽ മാത്രമാണ് ഉപാധിരഹിത നിർമാണങ്ങൾക്ക് അനുമതിയുള്ളത്. പക്ഷേ‍, മറയൂർ ഉൾപ്പെടെയുള്ള ഏതാനും വില്ലേജുകളിൽ വിരലിലെണ്ണാവുന്ന സെറ്റിൽമെന്റ് പട്ടയങ്ങൾ മാത്രമാണുള്ളത്. എന്നാൽ സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് പ്രവർത്തനമാരംഭിച്ച വാഗമണിൽ റവന്യു രേഖകളൊന്നും പഞ്ചായത്ത് ആവശ്യപ്പെട്ടില്ല. ഡിടിപിസി നൽകിയ കത്തിന് മറുപടിയായി പദ്ധതി നടപ്പാക്കുന്നതിൽ പഞ്ചായത്തിന് എതിർപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

വാഗമണിൽ കാരവാൻ പാർക്ക് പദ്ധതി നടപ്പിലാക്കിയ ഭൂമി തോട്ട ഭൂമിയാണെന്നും ബിടിആർ രജിസ്റ്ററിൽ ഉൾപ്പെട്ട ഇവിടെ പദ്ധതി ആരംഭിക്കുന്നതിന് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമില്ലെന്നുമാണ് ഏലപ്പാറ വില്ലേജ് ഓഫിസർ പറയുന്നത്. എന്നാൽ ടൂറിസം പ്രാധാന്യമുള്ള ജില്ലയിലെ ഭൂരിഭാഗം വില്ലേജുകളിലും ഭൂപതിവ് ചട്ട ഭേദഗതി കൊണ്ടുവരാതെ കാരവൻ പാർക്ക് പോലുള്ള പദ്ധതികൾ ആരംഭിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടാകുമെന്നാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com