ADVERTISEMENT

തൊടുപുഴ ∙ വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. പ്രതീക്ഷകളോടെ പുത്തൻ അധ്യയനവർഷത്തിൽ അക്ഷരമുറ്റത്തേക്ക് ചുവട് വയ്ക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ. വിദ്യാലയ മുറ്റത്തേക്ക് എത്തുന്ന കുട്ടിക്കൂട്ടങ്ങളെ വരവേൽക്കാൻ സ്കൂളുകളിലും ഒരുക്കങ്ങൾ ഉഷാർ. പ്രവേശനോത്സവം ഉൾപ്പെടെ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ.

കോവിഡിന്റെ വരവിനു ശേഷം അധ്യയന വർഷാരംഭത്തിൽ തന്നെ പൂർണമായും സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും സ്കൂളുകളുടെ സുരക്ഷയും വിദ്യാർഥികളുടെ സുരക്ഷിത യാത്രയും ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്.

ശുചീകരണ പ്രവർത്തനങ്ങളും നടന്നുവരുന്നു. അതേസമയം, കഴിഞ്ഞതവണ നവംബർ ഒന്നിനാണ് സ്കൂളുകൾ തുറന്നത് എന്നതിനാൽ ഇക്കുറി കാര്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതില്ലെന്നു സ്കൂൾ അധികൃതർ പറയുന്നു. 2 വർഷത്തെ അനിശ്ചിതത്വത്തിനൊടുവിൽ എത്തുന്ന അധ്യയനവർഷത്തെ പ്രതീക്ഷയോടെയാണ് വിപണിയും വ്യാപാരികളും കാത്തിരിക്കുന്നത്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാൻ 125 സ്കൂളുകൾ

ജില്ലയിൽ ഏതാണ്ട് 125 സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഈ മാസം 31ന് അകം സ്കൂളുകൾ ഫിറ്റ്നസ് നേടിയിരിക്കണം. ജില്ലയിൽ ശേഷിക്കുന്ന 125 സ്കൂളുകളുടെ ഫിറ്റ്നസ് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും അടുത്തയാഴ്ചയോടെ ഈ സ്കൂളുകൾക്കും ഫിറ്റ്നസ് ലഭിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് പറഞ്ഞു.

ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടമായതിനാലാണ് ഇവയിൽ പലതിനും തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തത്. സ്കൂളിന് സുരക്ഷിതമായ മേൽക്കൂരയും ഭിത്തിയും ഉൾപ്പെടെ ഉറപ്പാക്കിയാലേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കൂ. കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങളിലും ക്ലാസുകൾ നടത്താനാവില്ല. ആസ്ബസ്റ്റോസ് മേഞ്ഞ ക്ലാസ് മുറികളുള്ള സ്കൂളുകളിൽ പഠനം നിരോധിച്ചിട്ടുണ്ടെങ്കിലും ഹൈറേഞ്ചിൽ ചിലയിടങ്ങളിൽ ഇത്തരത്തിലുള്ള സ്കൂളുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 

പാഠപുസ്തക വിതരണം തുടങ്ങി

ജില്ലയിലെ സ്കൂളുകളിൽ വിതരണത്തിനായി 6 ലക്ഷത്തോളം പാഠപുസ്തകങ്ങൾ എത്തി. ആദ്യ ടേമിൽ 7 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ജില്ലയിലെ സ്കൂളുകളിലേക്ക് വേണ്ടത്. ഇതിൽ 5,90,000 പാഠപുസ്തകങ്ങളാണ് ഇതുവരെ കട്ടപ്പനയിലെ ജില്ലാ ഡിപ്പോയിൽ എത്തിയത്. ഇവയുടെ വിതരണം ആരംഭിച്ചു. അച്ചടി പൂർത്തിയായ തമിഴ് മീഡിയം സ്കൂളുകളിലേക്ക് ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ജില്ലയിൽ എത്തിയിട്ടുണ്ട്.

പുസ്തകങ്ങൾ ജില്ലയിലെ 131 പാഠപുസ്തക സൊസൈറ്റികൾ വഴി സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് വിതരണം ചെയ്യും. അൺഎയ്ഡഡ് സ്കൂളുകൾ ജില്ലാ ഡിപ്പോയിൽ നേരിട്ടെത്തി പുസ്തകങ്ങൾ എടുക്കണം. ഈ മാസം 30ന് അകം പാഠപുസ്തക വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന പാഠപുസ്തകങ്ങൾ അടുത്തയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

സ്കൂൾ വാഹനങ്ങൾക്ക് ‘പരീക്ഷ’

ജില്ലയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ വാഹനങ്ങളുടെ കണക്ക് മോട്ടർ വാഹനവകുപ്പ് ശേഖരിച്ചുതുടങ്ങി. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ഇത്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ സ്കൂളുകൾ തുറന്നപ്പോൾ സ്കൂൾ, കോളജ് വാഹനങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു.

ജിപിഎസ്, സ്പീഡ് ഗവർണർ സംവിധാനങ്ങളടക്കം എല്ലാ മാനദണ്ഡങ്ങളും പാലിച്ച വാഹനങ്ങൾക്കു മാത്രമാണ് ഫിറ്റ്നസ് പുതുക്കി നൽകിയത്. നിലവിലെ കണക്കെടുപ്പ് പൂർത്തിയായാൽ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ അടിയന്തരമായി ഹാജരാക്കി നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകുമെന്ന് ആർടിഒ ആർ. രമണൻ പറഞ്ഞു.

അധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപ് ജില്ലയിലെ സ്കൂൾ വാഹനങ്ങൾ പരിശോധിച്ച് കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂൾ തുറക്കാറായതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, നിയമാനുസൃതമായ മാനദണ്ഡങ്ങൾ പാലിച്ച് വാഹനങ്ങൾ പരിശോധനയ്ക്ക് സജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് സ്കൂൾ അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com