ADVERTISEMENT

കാലമെത്ര കഴിഞ്ഞാലും യാത്രാദുരിതവും ചികിത്സാ ദുരിതവും തീരാത്ത അവസ്ഥയാണ് ജില്ലയിൽ. ഹൈറേഞ്ചിലെ സാധാരണക്കാരനു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഇന്നും അന്യമാണ്.

തൊടുപുഴ∙ ജില്ലയിലെ മെഡിക്കൽ കോളജിന്റെ ദുരവസ്ഥ പറഞ്ഞു തീർന്നിട്ടില്ല. ഹൈറേഞ്ചിലെയും ലോറേഞ്ചിലെയും മറ്റു പ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങളില്ലായ്മ ഫലപ്രദമായി പരിഹരിക്കാൻ സാധിക്കാത്തത് ജില്ലയുടെ പ്രധാന പ്രതിസന്ധിയായി തുടരുകയാണ്. അശ്രദ്ധയും കെടുകാര്യസ്ഥതയുംമൂലം സാധാരണക്കാരനു ലഭിക്കേണ്ട സേവനങ്ങൾ മുടങ്ങുന്നതു ഇടുക്കിയിൽ പുതിയ കാര്യമല്ല. ഇടുക്കിയിൽ ഇങ്ങനെ മതിയോ?

അടിമാലി താലൂക്ക് ആശുപത്രി.
അടിമാലി താലൂക്ക് ആശുപത്രി.

 തെക്കിന്റെ കശ്മീരിൽ പറഞ്ഞിട്ടെന്ത്?

ദേവികുളം കാന്തല്ലൂർ, മറയൂർ, വട്ടവട, മൂന്നാർ പ്രദേശങ്ങളിൽ അപകട, അസ്വാഭാവിക മരണങ്ങൾ ഉണ്ടായാൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തണമെങ്കിൽ അടിമാലിയിലോ ഇടുക്കിയിലോ സർക്കാർ ആശുപത്രികളിൽ എത്തിക്കണം. ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മോർച്ചറി സൗകര്യമുണ്ടെങ്കിലും ഇവിടെ പോസ്റ്റ്മോർട്ടം നിലച്ചിട്ട് 8 വർഷമായി. കാന്തല്ലൂരിൽനിന്ന് 90ഉം വട്ടവടയിൽനിന്ന് 75ഉം കിലോമീറ്ററാണ് അടിമാലിയിലേക്കുള്ള ദൂരം.

ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സർജൻ ഇല്ലാത്തതാണ് പോസ്റ്റ്മോർട്ടം നിലയ്ക്കാൻ പ്രധാന കാരണം. ഉപയോഗിക്കാത്തതുമൂലം ഈ കെട്ടിടവും നശിച്ചുകൊണ്ടിരിക്കുന്നു. മൂന്നാർ മേഖലയിൽ മോർച്ചറി, ഫ്രീസർ സൗകര്യമുള്ളത് സ്വകാര്യ കമ്പനിയുടെ ആശുപത്രിയിൽ മാത്രമാണ്. ഇവിടെ ഒരു ദിവസത്തെ വാടക 5,000 രൂപയാണ്. ദേവികുളത്തെ മോർച്ചറിയിൽ ഒരു ഫ്രീസർ ലഭ്യമാക്കിയാൽ മൃതദേഹങ്ങൾ ഫീസ് ഈടാക്കാതെ സൂക്ഷിക്കാൻ കഴിയും.

അടിയന്തര ചികിത്സ വേണം...തൊടുപുഴ ജില്ലാ ആശുപത്രിക്കുള്ളിലെ പൊട്ടിപ്പൊളിഞ്ഞ ഓടയുടെ സ്ലാബിന് അരികിലൂടെ നടന്നു പോകുന്നവർ. ആശുപത്രിയുടെ പല ഭാഗത്തും അപകടകരമായ രീതിയിൽ ഓടകളുടെ സ്ലാബ് പൊട്ടിപ്പൊളിഞ്ഞു കിടപ്പുണ്ട്.   ചിത്രം ∙ മനോരമ
അടിയന്തര ചികിത്സ വേണം...തൊടുപുഴ ജില്ലാ ആശുപത്രിക്കുള്ളിലെ പൊട്ടിപ്പൊളിഞ്ഞ ഓടയുടെ സ്ലാബിന് അരികിലൂടെ നടന്നു പോകുന്നവർ. ആശുപത്രിയുടെ പല ഭാഗത്തും അപകടകരമായ രീതിയിൽ ഓടകളുടെ സ്ലാബ് പൊട്ടിപ്പൊളിഞ്ഞു കിടപ്പുണ്ട്. ചിത്രം ∙ മനോരമ

ദിവസേന നൂറിലേറെ രോഗികളാണ് ഇവിടെ എത്തുന്നത്. 10 കിടക്കകളോടെ കിടത്തിച്ചികിത്സ സൗകര്യത്തിന് ഒരു കോടി ചെലവിട്ട് 15 വർഷം മുൻപ് കെട്ടിടം നിർമിച്ചതാണ്. ഡോക്ടർമാരും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതിനാൽ കിടത്തി ചികിത്സ സൗകര്യവും ഇതുവരെ ആരംഭിച്ചിട്ടില്ല. തോട്ടം, ആദിവാസി മേഖലയിലെ തോട്ടം തൊഴിലാളികളല്ലാത്ത നിർധന കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി.

  നെടുങ്കണ്ടത്ത് അധിക ജോലി

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 2 കാഷ്വൽറ്റി ഡോക്ടർമാരുടെ ഒഴിവ്. ആശുപത്രിയിലെ മറ്റു ഡോക്ടർമാർ അധിക ജോലി ചെയ്താണ് പ്രതിസന്ധിയില്ലാതെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. 6 കാഷ്വൽറ്റി ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ആശുപത്രി പ്രവർത്തനം സുഗമമായി മുന്നോട്ടുപോകൂ. ഇപ്പോൾ 3 പേരുണ്ടെങ്കിലും 2 പേരുടെ ഒഴിവുണ്ട്.

ഉടുമ്പൻചോല താലൂക്കിലെ ജനങ്ങളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി. ദിവസവും 300–500 രോഗികൾ ചികിത്സ തേടി ആശുപത്രിയിലെത്തും. രോഗികളുടെ എണ്ണം കൂടുമ്പോൾ ഡോക്ടർമാർക്കും ബുദ്ധിമുട്ടേറും. ഒഴിഞ്ഞ് കിടക്കുന്ന 2 ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ലോറേഞ്ചിലും ‘ലോ’ സ്റ്റാൻഡേഡ്

ലോറേഞ്ചിലെ പ്രധാന സർക്കാർ ആശുപത്രിയായ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ലാബ്–എക്സ്റേ ടെക്നിഷ്യൻ തുടങ്ങി എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ കുറവ് പ്രതിസന്ധിയായി തുടരുകയാണ്. ഇതു രോഗികളെയും ഏറെ വലയ്ക്കുന്നു. വാർഡുകളിലെ ശുചിമുറികൾക്കു വാതിലുകൾ പോലുമില്ലാത്ത അവസ്ഥയുണ്ടിവിടെ.

തൊടുപുഴ താലൂക്ക് ആശുപത്രി 5 വർഷം മുൻപാണ് ജില്ലാ ആശുപത്രിയായി ഉയർത്തിയത്. എന്നാൽ, ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും ഇവിടെ സാധ്യമായിട്ടില്ല. എൻഎച്ച്എം, എച്ച്എംസി വഴി താൽക്കാലിക ജീവനക്കാരെ നിയമിച്ചാണു പ്രവർത്തനങ്ങൾ വലിയ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നത്. രാത്രികാലങ്ങളിൽ എക്സ്റേ യൂണിറ്റ്, ഇസിജി, ലാബ് എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുകയാണ്.

ഫാർമസിയുടെ പ്രവർത്തനവും വൈകിട്ട് 8 മണി വരെ മാത്രമാണ്. ഇക്കാരണങ്ങളാൽ രോഗികളും ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റവും പതിവാണ്. ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതും പ്രതിസന്ധിയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വൽറ്റിയിൽ ഡോക്ട‍ർമാരുടെ 4 തസ്തിക മാത്രമാണുള്ളത്. കുറഞ്ഞത് 6 ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിലേ കാഷ്വൽറ്റിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ.

 അടിമാലിയിൽ എന്നു വരും ഡയാലിസിസ് യൂണിറ്റ്

അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് അനുവദിച്ചിട്ട് 2 വർഷം. ഇതിനു വേണ്ടിയുള്ള ഉപകരണങ്ങളും മറ്റും ആശുപത്രിക്ക് അനുവദിച്ചു നൽകിയെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കി നൽകാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.

ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചത്. എന്നാൽ കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി അനുമതി വാങ്ങാൻ ബ്ലോക്ക് പഞ്ചായത്തിനും ആശുപത്രി അധികൃതർക്കും കഴിയാത്തതാണ് ഡയാലിസിസ് യൂണിറ്റിന് വിനയായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com