ADVERTISEMENT

കുമളി∙ തേനി– മധുര ബ്രോഡ്ഗേജ് പാതയിൽ ആദ്യ ട്രെയിൻ എത്തിയതോടെ ഹൈറേഞ്ച് നിവാസികൾക്കും ഗുണങ്ങൾ ഏറെ. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി മാറി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാതകൂടി പൂർത്തീകരിക്കുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.

12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തേനിയിൽ വീണ്ടും ട്രെയിൻ എത്തുന്നത്. 1928ൽ ബ്രിട്ടിഷുകാർ നിർമിച്ച റെയിൽപാതയിലെ മീറ്റർ ഗേജ് മാറ്റി ബ്രോഡ് ഗേജാക്കുന്നതിനായി 2010ലാണ് മധുരയിൽനിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിയത്. ലൈനിലെ നവീകരണ ജോലികൾ വിവിധ ഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. 

സമയക്രമം

ആദ്യഘട്ടമായി മധുരയിൽനിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് തേനിയിലെത്തും. ഈ ട്രെയിൻ വൈകിട്ട് 6.15നാണ് തേനിയിൽനിന്ന് മധുരയിലേക്ക് തിരിക്കുക. 7.35ന് മധുരയിൽ എത്തും. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ സമയക്രമം. 

വൈകിട്ട് 7.35ന് മധുരയിൽ എത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ യാത്ര തുടരാം. മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് നിവാസികൾക്ക് ഇതേറെ അനുഗ്രഹമാണ്. 450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽനിന്ന് തേനി വരെയുള്ള ജോലികൾ പൂർത്തീകരിച്ചത്.

മധുരയിൽനിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു. ഈ പാതവഴി ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെയും മറ്റു ചരക്കുകളുടെയും സുഗമമായ നീക്കം എളുപ്പമാകുമെന്നത് വ്യാപാരികൾക്കും ഏറെ അനുഗ്രഹമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com