ADVERTISEMENT

ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയഭൂമിയിലെ കൃഷി, വീട് ഒഴികെയുള്ള നിർമാണങ്ങൾ ചട്ടവിരുദ്ധമെന്ന് കോടതി. ജില്ലയിൽ കൃഷി ഒഴികെയുള്ള മറ്റെല്ലാ വരുമാന മേഖലകളും അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക. ആറാം വർഷത്തിലും വാഗ്ദാനം പാലിക്കാതെ ഇടത് സർക്കാർ.

രാജകുമാരി∙ പട്ടയഭൂമി തിരിച്ചെടുക്കൽ സർക്കാരിന്റെ അവകാശമെന്ന ഹൈക്കോടതി വിധിയിൽ ആശങ്കയിലാണ്ട് ഇടുക്കി. ഭൂപതിവ് ചട്ടപ്രകാരം വീടിനും കൃഷിക്കും മാത്രം പതിച്ചു നൽകിയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ തിരിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് നിയമ വിദഗ്ധർ പറയുന്നു. പട്ടയ വ്യവസ്ഥ ലംഘിച്ചതിന് ജില്ലയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ചെറുകിട വ്യവസായ ശാലകൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കാൻ റവന്യു വകുപ്പിനു കഴിയും.

പരാതിയുടെ അടിസ്ഥാനത്തിൽ ചട്ട ലംഘനം കണ്ടെത്തിയാൽ പട്ടയം റദ്ദാക്കി മുൻപ് നിർമിച്ച കെട്ടിടങ്ങളും ഏറ്റെടുക്കാൻ റവന്യു വകുപ്പിന് സാധിക്കും. ജില്ലയിൽ പട്ടയ ഭൂമിയുടെ 70 ശതമാനത്തിലധികവും ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നൽകിയതാണ്. അതിനാൽ ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഭൂരിഭാഗവും ഇതുവരെ‍ പരിഹരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം ഭൂപതിവ് ചട്ട ലംഘനത്തിന്റെ പേരിൽ റവന്യു വകുപ്പ് നടപടികളിലേക്ക് കടന്നാൽ ജില്ലയിൽ കൃഷി ഒഴികെയുള്ള മറ്റെല്ലാ വരുമാന മേഖലകളും അനിശ്ചിതത്വത്തിലാകും.

എന്നാൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ മാത്രമുണ്ടായിരുന്ന നിർമാണ നിരോധനം സംസ്ഥാനത്താകെ ബാധകമായെന്നും ഇൗ പ്രതിസന്ധി പരിഹരിക്കാൻ ഭൂപതിവ് ചട്ട ഭേദഗതിയല്ലാതെ സർക്കാരിന് മറ്റൊരു പോംവഴിയുമില്ലെന്നാണ് കർ‌ഷക സംഘടനകൾ പറയുന്നത്. ചട്ട ലംഘനത്തിനെതിരെ റവന്യു വകുപ്പ് സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്ത് സ്വകാര്യ റിസോർട്ട് ഉടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർന്ന് അനുകൂല വിധി നേടിയ സർക്കാർ ഇനി ഹൈക്കോടതി വിധിക്കെതിരെ‍

സുപ്രീംകോടതിയെ സമീപിക്കുമോ എന്നതും നിയമ രംഗത്തെ കുഴയ്ക്കുന്ന ചോദ്യമാണ്. ഭൂപതിവ് ചട്ടം സംസ്ഥാനത്താകെ ബാധകമാണെന്നുള്ള ഹൈക്കോടതിയുടെ നേരത്തേയുള്ള വിധി സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇൗ സാഹചര്യത്തിൽ ഇപ്പോഴത്തെ ഡിവിഷൻ ബെഞ്ച് വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ ലഭിക്കാനുള്ള സാഹചര്യമില്ലെന്നാണ് നിയമ രംഗത്തുള്ളവർ പറയുന്നത്.

ചട്ട ലംഘനവും നിയമ പ്രശ്നങ്ങളും തുടങ്ങുന്നത് ഇവിടെനിന്ന്...

രാജഭരണ കാലം മുതൽ ഭൂമി പതിച്ചു നൽകുന്ന പതിവുണ്ടെങ്കിലും 1950ൽ തിരു കൊച്ചി ഭൂപതിവ് നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് ഇതിനൊരു ഏകീകൃത നിയമ സംഹിതയുണ്ടാകുന്നത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ൽ കേരള ലാൻഡ് കൺസർവെൻസി ആക്ടും റൂളും നിലവിൽ വന്നു. 1960ൽ ഭൂപതിവ് നിയമവും 1964ൽ ഭൂപതിവ് ചട്ടങ്ങളും നിലവിൽ വന്നു.

ഇതിലെ നാലാം ചട്ട പ്രകാരം ഭൂമി പതിച്ചു നൽകുന്നത് കൃഷിക്കും വീട് നിർമിക്കാനുമാണെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഭൂപതിവുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി 26 ചട്ടങ്ങൾ കൂട്ടി ചേർത്തെങ്കിലും 1964ലെ ചട്ടത്തിൻ കീഴിലാണ് ഇവയെല്ലാം രൂപീകരിക്കപ്പെട്ടത്. 1993ലെ ചട്ടം മാത്രമാണ് ഇതിൽനിന്ന് അൽപം വ്യത്യസ്തമായത്. അതിൽ വീടും കൃഷിയും കൂടാതെ ഉപജീവനത്തിനായി ചെറിയ കടമുറിയും നിർമിക്കാൻ വ്യവസ്ഥ ചെയ്തു.

കേരളത്തെ വ്യാവസായിക ശവപ്പറമ്പാക്കാൻ അനുവദിക്കരുത്: അതിജീവന പോരാട്ട വേദി

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭരണഘടന അനുസരിച്ച് തുല്യ നീതി ഉറപ്പു വരുത്തുന്ന നടപടികൾ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നതായി അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചൂരവേലിൽ പറഞ്ഞു. ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കിയില്ലെങ്കിൽ കേരളം വ്യാവസായിക ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടലുകളുണ്ടാവുമ്പോഴും ഇടുക്കിയെയും ഹൈറേഞ്ചിനെയും മാറ്റി നിർത്തിക്കൊണ്ടുള്ള യാതൊരു നിർദേശങ്ങളും അംഗീകരിക്കില്ല.

ചട്ട ഭേദഗതി അടിയന്തരമായി നടപ്പാക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി

നിലവിലുള്ള നിയമങ്ങൾ വ്യാഖ്യാനിച്ച് മാത്രമേ കോടതികൾക്ക് കേസുകളിൽ വിധി പ്രസ്താവിക്കാൻ കഴിയൂ, അതുകൊണ്ട് 1964ലെ ഭൂപതിവ് ചട്ടമനുസരിച്ചാണ് ഇപ്പോഴത്തെ കോടതി വിധിയും വന്നിരിക്കുന്നത്. അതിനാൽ സർക്കാർ അടിയന്തരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് ഹൈറേ‍ഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ചട്ട ഭേദഗതി നടപ്പായില്ലെങ്കിൽ സംസ്ഥാനത്ത് കൃഷി ഒഴികെയുള്ള സകല വരുമാന സ്രോതസ്സുകളും നിശ്ചലമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com