ADVERTISEMENT

തൊടുപുഴ∙ കഴിഞ്ഞ ഡിസംബർ 23 നു രാവിലെ പി.ടി.തോമസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തൊടുപുഴയിൽ എത്തിയപ്പോൾ, യാത്രാമൊഴിയേകാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തിൽ ഒരു മുഖം ആരും മറന്നിട്ടുണ്ടാവില്ല. നിറകണ്ണുകളോടെ, ഇടറുന്ന ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് പി.ടി.തോമസ് എന്ന പ്രിയ നേതാവിനു അന്ത്യാഞ്ജലി അർപ്പിക്കുന്ന യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ടി.എൽ.അക്ബറിന്റെ മുഖം.

5 മാസങ്ങൾക്കിപ്പുറം തൃക്കാക്കരയിൽ പി.ടി.തോമസിന്റെ പ്രിയ പത്നി ​ഉമാ തോമസ് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ, തൊടുപുഴയിൽ പ്രവർത്തകർക്കൊപ്പം ആവേശത്തോടെ മുദ്രാവാക്യം മുഴക്കി ആഹ്ലാദം പങ്കിടുന്ന അക്ബറിനെയാണ് ഇന്നലെ എല്ലാവരും കണ്ടത്. തൊടുപുഴയിൽ നടന്ന യുഡിഎഫ് പ്രകടനത്തിന്റെ നേതൃനിരയിൽ അക്ബർ ഉണ്ടായിരുന്നു. പി.ടിയുടെ പിൻഗാമിയായി ഉമ തോമസ് എത്തുമെന്ന് ഉറപ്പായിരുന്നുവെന്നും പ്രതീക്ഷിച്ചതിലും വൻ വിജയമാണ് യുഡിഎഫ് നേടിയതെന്നും അക്ബർ പറയുന്നു.

രണ്ടാഴ്ചക്കാലം തൃക്കാക്കരയിൽ ക്യാംപ് ചെയ്ത് ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അക്ബർ. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഉമ തോമസ് ഫോണിൽ വിളിച്ച് പ്രാർഥനകൾ ഉണ്ടാകണമെന്ന് പറഞ്ഞിരുന്നതായും അക്ബർ പറഞ്ഞു. തനിക്ക് അത്രയേറെ ആത്മബന്ധമുള്ള നേതാവായിരുന്നു പി.ടി.തോമസെന്നും കെഎസ്‌യുവിലൂടെ താൻ ആദ്യമായി രാഷ്ട്രീയത്തിലേക്കു കടന്നുവന്നപ്പോൾ, രാഷ്ട്രീയത്തിന്റെ അറിവ് പകർന്നുനൽകിയതും ഏറ്റവുമധികം സ്വാധീനിച്ചതും പി.ടി. ആയിരുന്നുവെന്നും അക്ബർ ഓർമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com