ADVERTISEMENT

കട്ടപ്പന ∙ പാർട്ടിക്കുള്ളിലെ ധാരണ തെറ്റിച്ചു, നഗരസഭാധ്യക്ഷയുടെ രാജി വിഷയത്തിൽ കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷം. മുൻ ധാരണപ്രകാരം നഗരസഭാധ്യക്ഷ ബീന ജോബി രാജിവയ്ക്കാത്തതിനു പിന്നിൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഉൾപ്പോരെന്നാണ് സൂചന. അധ്യക്ഷ പദവിയിൽ ഒന്നര വർഷത്തെ കാലാവധി ജൂൺ 28നു തികച്ച ബീന ജോബി 30നു രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിറ്റേന്ന് നിലപാട് മാറ്റുകയും ഡിസിസി നേതൃത്വത്തിന്റെ നിർദേശം ലഭിച്ച ശേഷമേ രാജിവയ്ക്കുകയുള്ളെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഡിസിസി നേതൃത്വത്തിലെ നേതാവും ഹൈറേഞ്ചിലെ പ്രമുഖ നേതാവും തമ്മിലുള്ള പ്രശ്നങ്ങളാണ് അതിനു പിന്നിലെന്നാണ് സൂചന.

പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷം രാജിക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നിലപാട്. എന്നാൽ യോഗം ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ല. അതിനാൽ എന്ന് രാജിവയ്ക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമായതോടെ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ 20 കൗൺസിലർമാർ ഒപ്പിട്ട നിവേദനം കെപിസിസി പ്രസിഡന്റിനു കഴിഞ്ഞ ദിവസം നൽകി. അടിയന്തരമായി രാജിക്കത്ത് സമർപ്പിക്കാൻ ആവശ്യമായ നിർദേശം നൽകാൻ ഡിസിസി പ്രസിഡന്റിനോട് ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിയുള്ളതാണ് നിവേദനം. കട്ടപ്പനയിൽ കാര്യമായ ബന്ധങ്ങൾ ഇല്ലാത്ത നേതാവാണ് രാജി നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നിലെന്നാണ് പ്രാദേശിക നേതാക്കളുടെ ആരോപണം.

ഹൈറേഞ്ചിലെ പ്രമുഖ നേതാവിനോട് ആഭിമുഖ്യം പുലർത്തുന്ന വ്യക്തി അടുത്ത അധ്യക്ഷ ആകുമെന്നതിനാലാണ് ഇത്തരമൊരു ഇടപെടൽ ഉണ്ടായതെന്നും ആക്ഷേപമുണ്ട്. നഗരസഭാധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടു കെപിസിസിക്ക് സമർപ്പിച്ച നിവേദനത്തിൽ എ, ഐ വിഭാഗം കൗൺസിലർമാർ ഒപ്പിട്ടിട്ടുള്ളതിനാൽ ഗ്രൂപ്പ് പോരല്ല നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു വ്യക്തമാണ്. 34 അംഗ നഗരസഭയിൽ യുഡിഎഫ് - 22, എൽഡിഎഫ് - 9, ബിജെപി - 2 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയും യുഡിഎഫിനുണ്ട്. 3 വർഷം ഐ വിഭാഗത്തിനും 2 വർഷം എ വിഭാഗത്തിനും അധ്യക്ഷ സ്ഥാനം നൽകാനായിരുന്നു കോൺഗ്രസ് ധാരണ.

അതുപ്രകാരം ഐ വിഭാഗത്തിനു ലഭിച്ച ആദ്യത്തെ 3 വർഷ കാലയളവിൽ ഒന്നര വർഷം വീതം 2 പേർക്ക് അധ്യക്ഷസ്ഥാനം വീതിച്ചു. ആദ്യ ടേമിൽ ബീന ജോബി ചെയർപഴ്സനായ ശേഷം ഗ്രൂപ്പുപോര് ശക്തമായിരുന്നു. ഇതുമൂലം നഗരസഭാ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടും പോരിന് കുറവുണ്ടായില്ല. അതിനിടെ നഗരസഭാ ഉപാധ്യക്ഷൻ ആയിരുന്ന ജോയി വെട്ടിക്കുഴി രാജിവയ്ക്കുകയും ചെയ്തു. ഇത്തരം ഗ്രൂപ്പ് പോരുകളും രാജി നീട്ടിക്കൊണ്ടുപോകുന്നതിന് ഇടയാക്കിയതായി സൂചനകളുണ്ട്.

"ഡിസിസി നേതൃത്വത്തിന്റെ നിർദേശം ലഭിച്ചാൽ ഏതു സമയത്തും രാജിവയ്ക്കാൻ സന്നദ്ധയാണ്. പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷം രാജിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ നിർദേശം ലഭിക്കാത്തതിനാലാണ് രാജി വയ്ക്കാത്തത്." - ബീന ജോബി (നഗരസഭാധ്യക്ഷ)

"പാർലമെന്ററി പാർട്ടി യോഗ തീരുമാനപ്രകാരമുള്ള ധാരണ നടപ്പാകണം. അതിന് ഒന്നര വർഷ കാലാവധി തികച്ച ചെയർപഴ്സൻ രാജിവച്ച് അടുത്തയാൾക്ക് പദവി കൈമാറണം. മുൻ ഡിസിസി പ്രസിഡന്റിന്റെ കാലത്ത് പാർലമെന്ററി പാർട്ടി യോഗത്തിലെ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ള ധാരണ ആഴ്ചകൾക്കു മുൻപ് ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റിനെ നേരിട്ടുകണ്ട് ചർച്ച ചെയ്തിരുന്നു. നിലവിലെ അധ്യക്ഷ ജൂൺ 30നു രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പും നൽകിയിരുന്നു. അതുണ്ടാകാതെ വന്നതോടെ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ രാജി വയ്‌ക്കേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും പാർലമെന്ററി പാർട്ടി യോഗം ചേർന്നശേഷം തീരുമാനിക്കാമെന്നുമാണ് അറിയിച്ചത്. ഇവിടത്തെ പ്രശ്നങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയപ്പോൾ കെപിസിസിയുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാമെന്നാണ് പറഞ്ഞത്." - തോമസ് മൈക്കിൾ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com