ADVERTISEMENT

നെടുങ്കണ്ടം ∙ കൈക്കുഞ്ഞുമായി പച്ചക്കറി വാങ്ങുന്നതിനിടെ വീട്ടമ്മയുടെ ബാഗിൽ നിന്നു മൊബൈൽ ഫോൺ കവർന്ന അതിഥിത്തൊഴിലാളിയെ 2 മണിക്കൂറിനുള്ളിൽ നെടുങ്കണ്ടം പൊലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലാണ് മോഷണം. സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: പടിഞ്ഞാറേക്കവലയിലുള്ള പച്ചക്കറി വ്യാപാര സ്ഥാപനത്തിൽ പച്ചക്കറി വാങ്ങാൻ എത്തിയതാണ് വീട്ടമ്മ. തോളിൽ കൈക്കുഞ്ഞും മറുകയ്യിൽ സാധനങ്ങൾ നിറച്ച ബാഗും.

തോളിലുള്ള മറ്റൊരു ബാഗിന്റെ ഒരു ഭാഗം തുറന്നു കിടന്നിരുന്നു. വീട്ടമ്മ അറിയാതെ, 25,000 രൂപയോളം വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് അതിഥിത്തൊഴിലാളി മുങ്ങി. ഏതാനും സമയം കഴിഞ്ഞാണ് വീട്ടമ്മ മോഷണവിവരം അറിഞ്ഞത്. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് പടിഞ്ഞാറേക്കവലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അതിഥിത്തൊഴിലാളി മൊബൈൽ ഫോൺ കവരുന്നത് കണ്ടത്.

ഫോൺ സ്വിച്ച്ഓഫ് ചെയ്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുന്ന ദൃശ്യവും പൊലീസ് കണ്ടെത്തി. ഉടുമ്പൻചോല മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഏലത്തോട്ടത്തിലെ എസ്റ്റേറ്റ് ലയത്തിനുള്ളിൽ നിന്നു പ്രതിയെ പിടികൂടി. ഫോണും പിടിച്ചെടുത്തു. രാത്രി തന്നെ വീട്ടമ്മയ്ക്ക് ഫോൺ കൈമാറി.പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. നെടുങ്കണ്ടം സിഐ ബി.എസ്.ബിനു, എസ്ഐ ജി.അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് 2 മണിക്കൂറിനുള്ളിൽ മോഷണക്കേസ് തെളിയിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com