ADVERTISEMENT

പീരുമേട് ∙ മഴ ശക്തമായതോടെ കാലപ്പഴക്കം കൊണ്ടു തകർന്ന എസ്റ്റേറ്റ് ലയങ്ങളിൽ കഴിയുന്ന തോട്ടം തൊഴിലാളികൾ കടുത്ത ആശങ്കയിൽ. തേയില വ്യവസായം ആരംഭിക്കാനെത്തിയ ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ലയങ്ങളിലാണ് ഇന്നും തൊഴിലാളികൾ അന്തിയുറങ്ങുന്നത്. ഉടമകൾ ഉപേക്ഷിച്ചതിനെത്തുടർന്നു വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ലോൺട്രി, ചീന്തലാർ,കോട്ടമല, ബോണാമി എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ അവസ്ഥയാണ് ഏറെ കഷ്ടം. ഏതു നിമിഷവും നിലം പൊത്താവുന്ന കെട്ടിടങ്ങളിലാണ് ഇവർ കഴിയുന്നത്. തുറന്നു പ്രവർത്തിക്കുന്ന ചില എസ്റ്റേറ്റുകളിലെ ലയങ്ങളുടെ അവസ്ഥയും ഇതുതന്നെ.

മേൽക്കൂര തകർന്ന ലയങ്ങൾ ചോർന്നൊലിക്കുന്ന സ്ഥതി. ഇതിനു പുറമേ ഭിത്തികൾ മിക്കയിടത്തും പൊട്ടി പൊളിഞ്ഞു, കൂടാതെ വിണ്ടു കീറുകയും ചെയ്തു. അപകട സാധ്യത മുന്നിൽ കണ്ടു ചില എസ്റ്റേറ്റുകളിൽ ലയങ്ങൾ ഉപേക്ഷിച്ചു തൊഴിലാളികൾ മാറി താമസിച്ചു കഴിഞ്ഞു. എന്നാൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്ത കുടുംബങ്ങൾ പൊട്ടി പൊളിഞ്ഞ ലയങ്ങളുടെ മുറികളിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം കാലവർഷത്തിൽ ബോണാമിയിൽ ലയങ്ങൾ തകർന്ന് ഏതാനും തൊഴിലാളികൾക്കു പരുക്കേറ്റിരുന്നു.

 ഫ്ലാറ്റ് പ്രഖ്യാപനത്തിൽ മാത്രം

തോട്ടം തൊഴിലാളികൾക്കായി ഫ്ലാറ്റുകൾ നിർമിച്ചു നൽകുമെന്ന വാഗ്ദാനം ജലരേഖയായി മാറി. വിഎസ് സർക്കാരിന്റെ കാലത്താണ് ആദ്യം ഇത്തരത്തിൽ വാഗ്ദാനം ഉണ്ടായത്. എന്നാൽ പദ്ധതിയുടെ പ്രാഥമിക നടപടി പോലും ആ സർക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടായില്ല. പിന്നിടു വന്ന യുഡിഎഫ് സർക്കാരും തൊഴിലാളികൾക്ക് സുരക്ഷിത ഭവനങ്ങൾ നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചു. എന്നാൽ ഈ കാലയളവിലും ഒന്നും സംഭവിച്ചില്ല.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉടമകൾ ഉപേക്ഷിച്ചു പോയ എസ്റ്റേറ്റുകൾ സന്ദർശിച്ച തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിർദേശ പ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തകർന്ന ലയങ്ങളുടെ പട്ടിക ശേഖരിച്ചിരുന്നു. തോട്ടങ്ങളിൽ എത്തി ലയങ്ങൾ കയറിയിറങ്ങി ഉദ്യോഗസ്ഥർ പട്ടിക തയാറാക്കി. തുടർന്ന് ഇതു സർ  ക്കാരിനു സമർപ്പിച്ചു. എന്നാൽ നാളിതു വരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com