ADVERTISEMENT

തൊടുപുഴ ∙ ഡീസൽ പ്രതിസന്ധിയെത്തുടർന്നു ജില്ലയിൽ ഇന്നലെ കെഎസ്ആർടിസിയുടെ 24 സർവീസുകൾ മുടങ്ങി. കട്ടപ്പന, കുമളി ഡിപ്പോകളിൽ നിന്നു 9 സർവീസുകൾ വീതവും നെടുങ്കണ്ടത്ത് 6 സർവീസുകളുമാണ് റദ്ദാക്കിയത്. പ്രാദേശിക പമ്പുകളിൽ നിന്നു ഡീസലടിക്കാൻ നിർദേശമെത്തിയിട്ടും ഡീസൽ അടിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും ആരോപണം. ദീർഘദൂര സർവീസുകൾ അടക്കം നടത്തുന്ന ബസുകൾ മുടങ്ങിയതോടെ ജനങ്ങളും ദുരിതത്തിലായി.

തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ, ഓർഡിനറി കോട്ടയം, കട്ടപ്പന വഴി കോട്ടയത്തേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റുകൾ, കൊല്ലം സർവീസുകളാണ് മുടങ്ങിയത്.ഡീസലടിക്കാത്തതിനാൽ ഇന്നും  സർവീസുകൾ മുടങ്ങുമെന്നാണ് ജീവനക്കാർ പറയുന്നത്. കൂട്ടത്തോടെ സർവീസ് മുടങ്ങിയത് ജീവനക്കാരുടെ ശമ്പളത്തെയും ബാധിക്കും.

ലാഭകരമായി സർവീസ് നടത്തുന്ന ബസുകൾ മുടക്കരുതെന്ന കെഎസ്ആർടിസി തലപ്പത്ത് നിന്നു നിർദേശമുണ്ട്. എന്നാൽ ഇന്നലെ മുടങ്ങിയ പല സർവീസുകളും ലാഭകരമായി പ്രവർത്തിക്കുന്നവയാണ്. ഡീസൽ ലഭിക്കാത്ത സാഹചര്യത്തിൽ വെള്ളി, ശനി, ഞായർ, തിങ്കൾ, ദിവസങ്ങളിൽ കളക്‌ഷനിൽ നിന്നും തുക ഉപയോഗിച്ച് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യാവുന്നതാണെന്നും പമ്പുകൾ കൃത്യമായി കണ്ടെത്തി മേൽ പരിശോധന കർശനമാക്കി വേണം ഡീസൽ നിറയ്ക്കാനെന്നും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിരുന്നു.

ഈ നിർദേശം അവഗണിച്ചതായി ജീവനക്കാർ തന്നെ ആരോപണം ഉന്നയിക്കുന്നു. ഡീസൽ ക്ഷാമത്തിനു പുറമേ, യാത്രക്കാർ തീരെ കുറവാണെന്ന കാരണത്താൽ തൊടുപുഴ, മൂന്നാർ ഡിപ്പോയിൽ നിന്നടക്കം ജില്ലയിൽ ഇന്നലെ വേറെയും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതും യാത്രക്കാരെ  വലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com