ADVERTISEMENT

മൂന്നാർ ∙ കുണ്ടളയിൽ ശനിയാഴ്ച പുലർച്ചെ ഉരുൾപൊട്ടലുണ്ടായ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടൽ. ശനിയാഴ്ച രാത്രി പെയ്ത തുടർച്ചയായ മഴയെത്തുടർന്നാണ് ഇന്നലെ പുലർച്ചയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായത്. ശനി പുലർച്ചെ തന്നെ ഈ ഭാഗത്തു നിന്നു മുഴുവൻ തൊഴിലാളി കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചതിനാൽ മറ്റ് അപകടങ്ങളുണ്ടായില്ല. 

രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഈ ഡിവിഷനിലെ ഫീൽഡ് ഓഫിസറായ കെ.ജി.സൈമണിന്റെ വീടിനു കേടുപാടുകൾ പറ്റി. വീടിനകത്ത് ചെളിയും മണ്ണും നിറഞ്ഞുകിടക്കുകയാണ്.  തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ കല്ലും ചെളിയും എത്തിയിട്ടില്ല.  ശനി പുലർച്ചെ മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ റോഡിലെ പാറകളും മണ്ണും നീക്കം ചെയ്യാൻ ശ്രമം ആരംഭിച്ചിരുന്നെങ്കിലും വീണ്ടും ഇടിച്ചിലുണ്ടായതോടെ പണികൾ നിർത്തിവച്ചു.

കുണ്ടളയിൽ നിന്ന് സാൻഡോസ്, ചെണ്ടുവരൈ വഴി ചെറുവാഹനങ്ങൾ വട്ടവട ഭാഗത്തേക്ക്‌ പോകുന്നുണ്ടെങ്കിലും വട്ടവട, ടോപ് സ്റ്റേഷൻ, എല്ലപ്പെട്ടി പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ 145 കുടുംബങ്ങളും ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.  ഇന്നലെ ഈ മേഖലയിൽ മഴ കുറവായിരുന്നു.

കുണ്ടള ഉരുൾപൊട്ടൽ മറ്റൊരു മുന്നറിയിപ്പ്

മൂന്നാറിലെ കുണ്ടള ഭൂമിശാസ്ത്രപരമായി പെട്ടിമുടിയുമായി വളരെ അടുത്തുകിടക്കുന്നതും വളരെയധികം സമാനതകൾ ഉള്ള പ്രദേശവുമാണ്. പെട്ടിമുടിയിൽ സംഭവിച്ചതുപോലെ മേഘവിസ്ഫോടനവുമായി ബന്ധപ്പെട്ട അതിതീവ്രമഴ ലഭിക്കാത്ത സാഹചര്യത്തിലും, ഇത്തരം മണ്ണിടിച്ചിൽ സംഭവിച്ചത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

പെട്ടിമുടിയിലേതു പോലെ തന്നെ, കുണ്ടള മണ്ണിടിച്ചിലിന്റെ ഉത്ഭവ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തേയിലത്തോട്ടങ്ങൾക്കു മുകളിലായി താരതമ്യേന ചെരിവ് കൂടിയ വനമേഖല പ്രദേശത്താണ്. 30 മുതൽ 40 ഡിഗ്രി വരുന്ന വനമേഖലയുടെ ചെരിവും 1.5 മീറ്റർ മുതൽ 3 മീറ്ററോളം മാത്രം കനമുള്ളതും ഉരുളൻകല്ലുകൾ നിറഞ്ഞതുമായ  മേൽമണ്ണിന്റെ പാളിയുമാണു മണ്ണിടിച്ചിലിനു തുടക്ക കാരണം.

കനത്ത മഴ ഇല്ലെങ്കിലും വെളളമിറങ്ങി മണ്ണിലുണ്ടാകുന്ന സമ്മർദത്താൽ മണ്ണിടിച്ചിലിനുള്ള സാധ്യത വളരെയധികം വർധിക്കും. എല്ലാ തോട്ടം തൊഴിലാളി കുടുംബങ്ങളെയും പരിസ്ഥിതി ദുർബല മേഖലകളിൽ നിന്നു  മാറ്റുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്നു തന്നെ പറയാം. മഴ കനത്താൽ അധികാരികളുടെ മുന്നറിയിപ്പിനു കാത്തുനിൽക്കാതെ സ്വന്തം കുടുംബങ്ങളോടൊപ്പം  ജനങ്ങൾ സ്വയം മാറുകയും ചെയ്യണം. - ഡോ. പി.എസ്.സുനിൽ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ, മറൈൻ ജിയോളജി- ജിയോഫിസിക്‌സ് വകുപ്പിലെ, അസോഷ്യേറ്റ് പ്രഫസര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com