ADVERTISEMENT

ചെറുതോണി ∙ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഇടുക്കി ഐഡിഎ മൈതാനിയിൽ എത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. ഡീൻ കുര്യാക്കോസ് എംപിയുടെ പഴ്സനൽ സ്റ്റാഫിലെ ജീവനക്കാരി വാഴത്തോപ്പ് പേപ്പാറ വടക്കേടത്ത് ഷാന്റി ടൈറ്റസി (41) നാണ് കടിയേറ്റത്. ഇവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചു ചികിത്സ നൽകി. സ്വാതന്ത്ര്യ ദിന പരേഡിനു ശേഷം മൈതാനത്ത് ഡോഗ് സ്ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു.

ആൾക്കൂട്ടത്തിനു ഇടയിലൂടെ പുറത്തേക്ക് ഇറക്കുന്നതിനിടെ ബൽജിയം മാലിനുവാ വിഭാഗത്തിൽപെട്ട എയ്ഞ്ചൽ എന്ന നായ പരിശീലകന്റെ പിടിയിൽ നിന്നു കുതറിച്ചാടി യുവതിയുടെ ഇടതുകയ്യിൽ കടിക്കുകയായിരുന്നു. പല്ലുകൾ ആഴ്ന്നിറങ്ങി കൈത്തണ്ടയിൽ മുറിവേറ്റ യുവതിയെ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രകൃതിക്ഷോഭങ്ങളിൽ മണ്ണിൽ പുതഞ്ഞു കാണാതായവർക്കായി തിരച്ചിൽ നടത്തുന്ന സ്നിഫർ ഇനത്തിൽ പെട്ട നായയാണ് എയ്ഞ്ചൽ. വേണ്ടത്ര പരിശീലനത്തിന്റെ അഭാവമാണ് നായയുടെ ഇത്തരത്തിലുള്ള പ്രതികരണത്തിനു കാരണമെന്ന് കരുതുന്നു.

"ബൽജിയം മാലിനുവാ വിഭാഗത്തിൽ പെടുന്ന നായ്ക്കൾ പെട്ടെന്നു പ്രതികരിക്കുന്നവയാണ്. എന്നാൽ‌ പരേഡ് മൈതാനിയിലുണ്ടായ സംഭവം അപ്രതീക്ഷിതമായിരുന്നു. ഒരു വയസ്സ് മാത്രം പ്രായമുള്ള എയ്ഞ്ചൽ എന്ന നായ്ക്കുട്ടി ഇപ്പോൾ നിരീക്ഷണത്തിലാണ്. പ്രതിരോധ കുത്തിവയ്പ് കൃത്യമായ ഇടവേളകളിൽ എടുക്കുന്നതിനാൽ ഭയപ്പെടാനൊന്നുമില്ല. എയ്ഞ്ചലിന്റെ പരിശീലന കാലയളവ് പൂർത്തിയായിരുന്നില്ല" - റോയി തോമസ്,ഇടുക്കി ഡോഗ് സ്ക്വാഡ് ഇൻ ചാർജ്

ഷാന്റി ടൈറ്റസ്
ഷാന്റി ടൈറ്റസ്

"പൊലീസ് ഡോഗ് സ്ക്വാഡിന്റെ ഭാഗത്തുനിന്നുള്ള നൂറു ശതമാനം അനാസ്ഥയാണ് ദുരനുഭവത്തിനു കാരണം. നന്നായി പരിശീലനം സിദ്ധിച്ച പൊലീസ് നായ പരിശീലകന്റെ നിയന്ത്രണത്തിൽ കടന്നു വന്നപ്പോൾ ആശങ്ക ഇല്ലാതിരുന്നതിനാൽ വേണ്ടത്ര കരുതലും എടുത്തില്ല. ആവശ്യമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് ആൾക്കൂട്ടത്തിനു നടുവിൽ പ്രദർശിപ്പിച്ചതെന്നാണു പിന്നീട് മനസ്സിലായത്. ഡോഗ് സ്ക്വാഡിൽ പൊതുജന സമ്പർക്കമില്ലാതെ വളർത്തുന്ന നായ്ക്കളെ വേണ്ടത്ര പരിശീലനം നൽകാതെ ഇനിയെങ്കിലും ഇത്തരത്തിലുള്ള പൊതുപരിപാടികളിൽ അവതരിപ്പിക്കരുത്. പത്തു വയസ്സുള്ള മകൻ ഒപ്പം ഉണ്ടായിരുന്നുവെങ്കിലും അവനു കടിയേൽക്കാത്തതു ഭാഗ്യമായി." - ഷാന്റി ടൈറ്റസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com