ADVERTISEMENT

കട്ടപ്പന∙ കാഞ്ചിയാർ കോവിൽമല രാജപുരത്ത് വീട്ടമ്മ ഒറ്റയ്ക്കു താമസിക്കുന്ന വീട് പൂർണമായി അഗ്നിക്കിരയായി. മാച്ചേരിൽ വിലാസിനിയുടെ (57) വീടാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം വീടിനുള്ളിൽ പാമ്പിനെ കണ്ടതിനാൽ വിലാസിനി സമീപത്തെ വീട്ടിലാണ് കിടന്നിരുന്നത്. പുലർച്ചെ തിരികെയെത്തി മെയിൻ സ്വിച്ച് ഓണാക്കുകയും രണ്ട് ബൾബുകൾ കത്തിച്ചിടുകയും ചെയ്തശേഷം വീടിനു സമീപത്തുള്ള ശുചിമുറിയിലേക്കു പോയി.

അൽപസമയം കഴിഞ്ഞപ്പോഴാണ് സമീപവാസികൾ ബഹളം വയ്ക്കുന്നത് വിലാസിനി കേട്ടത്. അപ്പോഴേക്കും ഓട് മേഞ്ഞ വീടിനു മുകൾഭാഗത്ത് തീ ആളിപ്പടർന്ന നിലയിലായിരുന്നു. മണ്ണ് ഇഷ്ടിക ഉപയോഗിച്ച് നിർമിച്ച വീടിനുള്ളിൽ കയറി വെള്ളമൊഴിച്ച് തീകെടുത്താൻ വിലാസിനി ശ്രമിച്ചെങ്കിലും സാധിച്ചില്ല. കട്ടപ്പനയിൽനിന്ന് അഗ്നിരക്ഷാ സേന എത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും വീട് പൂർണമായി കത്തിനശിച്ചിരുന്നു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 2 കട്ടിൽ, ടിവി, അലമാര, മിക്‌സി, ഓട്ടുപാത്രങ്ങൾ, 15,000 രൂപ, വിളവെടുത്ത് 2 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലം തുടങ്ങിയവയെല്ലാം നശിച്ചെന്ന് വിലാസിനി പറയുന്നു. 5 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് വീട് അനുവദിക്കുകയും തറ നിർമിക്കുകയും ചെയ്തിരുന്നെങ്കിലും വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതോടെ പണികൾ മുടങ്ങിക്കിടക്കുകയാണ്.

വീട് പൂർണമായി കത്തിനശിച്ചതോടെ ഇവർക്ക് കിടപ്പാടം ഇല്ലാതായ സ്ഥിതിയിലാണ്. അഗ്നിരക്ഷാ സേനാ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫിസർ പി.കെ.എൽദോസ്, ഉദ്യോഗസ്ഥരായ പി.എ.ബിജു, പി.കെ.ബിനു, അബ്ദുൽ മുനീർ, നിഖിൽ, അഖിൽ, അഭിമോദ്, ആര്യാനന്ദ് മുരളി, രത്‌നകുമാർ, റോയി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com