ADVERTISEMENT

തൊടുപുഴ ∙ സർക്കാർ ആശുപത്രികളിൽ പിഎസ്‌സി വഴിയുള്ള ഫാർമസിസ്റ്റ് നിയമനം അനന്തമായി നീളുന്നതു ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ഫാർമസിസ്റ്റ് തസ്തികയിൽ നിയമനങ്ങൾ നടക്കാതായതോടെ റാങ്ക് പട്ടികയിലുള്ളവരുടെ കാത്തിരിപ്പ് നീളുന്നു. പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം ആകാറായിട്ടും ജില്ലയിൽ 2 നിയമനങ്ങൾ മാത്രമാണ് ആകെ നടന്നിട്ടുള്ളതെന്ന് റാങ്ക് പട്ടികയിലുള്ളവർ ആരോപിക്കുന്നു. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു ഫാർമസിസ്റ്റുകൾ ഇല്ലാത്തപ്പോഴാണ് ഈ സ്ഥിതി. നിയമാനുസൃതം നടപ്പാക്കേണ്ട പുതിയ തസ്തികകളും കടലാസിൽ ഉറങ്ങുന്നു.

മെയിൻ ലിസ്റ്റിൽ 65 പേർ

ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 529/ 2019) തസ്തികയിൽ പിഎസ്‌സി നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക 2021 ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. ജില്ലയിൽ മെയിൻ ലിസ്റ്റിൽ മാത്രം 65 പേർ ഉൾപ്പെട്ടിട്ടുണ്ട്. സപ്ലിമെന്ററി ലിസ്റ്റിലും ഇത്രത്തോളം പേരുണ്ട്. റാങ്ക് പട്ടികയ്ക്ക് 3 വർഷമാണ് കാലാവധി. അവശേഷിക്കുന്ന കാലയളവിൽ നിയമനങ്ങൾ ഇത്തരത്തിൽ ഇഴഞ്ഞു നീങ്ങിയാൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും ജോലി ലഭിക്കാതെ പോകും. റാങ്ക് ലിസ്റ്റിൽ അർഹരായ ഉദ്യോഗാർഥികൾ ഉള്ളപ്പോഴും പല കേന്ദ്രങ്ങളിലും താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നെന്ന് ആക്ഷേപമുണ്ട്.

ഫാർമസിസ്റ്റുകൾ കുറവ്

ആർദ്രം പദ്ധതി വഴി ഒട്ടേറെ പിഎച്ച്സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. എന്നാൽ, വളരെക്കുറച്ചു ഫാർമസിസ്റ്റ് തസ്തികകൾ മാത്രമാണ് ഇവിടെ അനുവദിച്ചത്. ആർദ്രം പദ്ധതിയുടെ പ്രോട്ടോക്കോൾ പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ 2 ഫാർമസിസ്റ്റുകൾ വേണം. എന്നാൽ ഇത്തരം ആരോഗ്യ കേന്ദ്രങ്ങളിൽ പലയിടത്തും ഒരു സ്ഥിരം ഫാർമസിസ്റ്റ് മാത്രമാണ് ഉള്ളത്. ഇവിടെയുള്ള ഏക ഫാർമസിസ്റ്റ് അവധിയെടുത്താൽ മരുന്നു വിതരണം നടത്താൻ കഴിയില്ല.

ജില്ലാ–താലൂക്ക് ആശുപത്രികളിലും പല സിഎച്ച്സികളിലും ആവശ്യത്തിനു ഫാർമസിസ്റ്റുകൾ ഇല്ല. പല ആശുപത്രികളുടെയും പ്രവർത്തനത്തെ ഇതു സാരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലും ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതെയും പുതിയ തസ്തികകൾ അനുവദിക്കാതെയും അവഗണിക്കുകയാണെന്നു ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com