ADVERTISEMENT

തൊടുപുഴ∙ പല നിറത്തിലുള്ള കയറുകൾ രാമുവിന്റെ കൈ വിരലുകൾക്കിടയിലൂടെ കോർത്തു വലിയുമ്പോൾ തൊട്ടിലായി മാറും. അത് തോരണം പോലെ വഴിയിരികിൽ ചാർത്തിയിട്ടു രാമു കാത്തിരിക്കും. ആരെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയോടെ. കോതായിക്കുന്നിനു മുകളിൽ മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന റോഡരികിൽ തൊട്ടിലുകളുടെ വലിയ ശേഖരവുമായി കാത്തിരിക്കുകയാണ് രാമു. സ്വന്തം കൈകൊണ്ട് നെയ്തു കൂട്ടിയതാണ് എല്ലാം. മൂന്നോ നാലോ മാസം കൂടുമ്പോൾ രാമു വിശാഖപട്ടണത്തേക്കു വണ്ടി കയറും.

പ്രിയതമയെ കാണാൻ. തന്റെ മൂന്നു പൊടിക്കുഞ്ഞുങ്ങൾക്ക് ഉടുപ്പും കളിപ്പാട്ടവും ഇഷ്ടപ്പെട്ട ഭക്ഷണവും ഒക്കെ വാങ്ങിക്കൊടുക്കാൻ. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് ജീവിതം ഒരു അഴിയാക്കുരുക്കായി മുന്നിൽ നിന്നപ്പോഴാണ് ‘കുരുക്കു’തന്നെ ജീവിതോപാധിയാക്കാൻ രാമു തീരുമാനിച്ചത്. അങ്ങനെ രാമു അഴിയാക്കുരുക്കുകൾക്കു താരാട്ടിന്റെ മധുരം കൂടി പകർന്നു. മാതൃഭാഷ തെലുങ്ക് ആണെങ്കിലും കൊഞ്ചം തമിഴും രാമുവിനറിയാം.

തമിഴിലും മലയാളത്തിലും പൊതുവായ വാക്കുകളും അൽപം ആംഗ്യഭാഷയും കൊണ്ട് രാമുവിനെ കാര്യം ധരിപ്പിക്കാം. മൂവാറ്റുപുഴയിലെ മുറിയിൽ കൂട്ടുകാരുമൊത്താണ് രാമു തൊട്ടിലുകൾ നെയ്തെടുക്കുന്നത്. കോവിഡിനു മുമ്പ് നല്ല കച്ചവടമുണ്ടായിരുന്നു. 3000 കിലോഗ്രാം കയറു കൊണ്ട് വരെ ഒരു മാസം തൊട്ടിലുകൾ നെയ്തിരുന്നു. ഇപ്പോൾ അത് 500 മുതൽ 800 കിലോഗ്രാമായി കുറഞ്ഞു. ദിവസം രണ്ടോ മൂന്നോ എണ്ണം വിറ്റു പോയാലായി. എങ്കിലും വാങ്ങനെത്തുന്നവരെ കാത്തിരിക്കുകയാണ് രാമു, ജീവിതം പച്ചപിടിക്കുമെന്ന പ്രതീക്ഷയോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com