ADVERTISEMENT

തൊടുപുഴ ∙ ‘അമ്മയെ കണ്ടു പഠിക്കാൻ’ ബിന്ദുമോൾക്ക് ഇനി മക്കളോടു മടിക്കാതെ പറയാം.! ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ‘എ പ്ലസ്’ നേടി മക്കളെ വരെ ഞെട്ടിച്ചിരിക്കുകയാണ് ഇടുക്കി ആലിൻചുവട് ഞാറയ്ക്കൽ പി.ടി.ബിന്ദുമോൾ എന്ന അമ്മ. 41–ാം വയസ്സിൽ പഠിക്കാൻ തീരുമാനിച്ചതിനു രണ്ടു കാരണങ്ങളുണ്ടു ബിന്ദുവിന്. പഠിക്കാനിരിക്കുന്ന മക്കളെ സഹായിക്കണം. ഒപ്പം പഠിച്ചു കാണണമെന്ന തന്റെ അമ്മയുടെ ആഗ്രഹം സാധിക്കണം.

കുട്ടികൾ ചെറിയ ക്ലാസിൽ ആയിരുന്നപ്പോൾ പാഠങ്ങൾ പറഞ്ഞു നൽകിയിരുന്നു. എന്നാൽ അവർ ഹൈസ്കൂളിൽ എത്തിയതോടെ പഠിപ്പിക്കൽ വിഷമമായി. 1996 ൽ സെക്കൻഡ് ക്ലാസോടെ തങ്കമണി സ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായിരുന്നു. അച്ഛനും അമ്മയ്ക്കും കൂലിപ്പണി ആയിരുന്നു. തുടർ പഠനത്തിനായി പാരലൽ കോളജിൽ ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നു പഠനം മുടങ്ങി.

പഠനം നിർത്തി കുറച്ചു കഴിഞ്ഞപ്പോൾ വിവാഹം കഴിഞ്ഞു. പിന്നെ ഭർത്താവ് റോണിയും മൂന്ന് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം ജീവിതയാത്ര. 2 വർഷം മുൻപു കാമാക്ഷി പഞ്ചായത്തിലെ പ്രേരക് ശോഭനയാണു സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷയെക്കുറിച്ചു പറഞ്ഞത്. ഒട്ടും താമസിക്കാതെ ടീച്ചറോടു സമ്മതം അറിയിച്ചു. പഞ്ചായത്തിന്റെയും സാക്ഷരതാ മിഷന്റെയും സഹായത്തോടെയായിരുന്നു പഠനം.

കോവിഡ് കാലത്ത് ഓഫ് ലൈനിലും ഓൺലൈനിലും ക്ലാസ് ഉണ്ടായിരുന്നതു ഗുണകരമായി. ഞായർ ക്ലാസുകളിലും മുടങ്ങാതെ പങ്കെടുത്തു. മക്കളോടൊപ്പം വാശിക്കു പഠിച്ചതിന്റെ ഫലം കൂടിയാണ് ഈ വിജയമെന്ന് ബിന്ദുമോൾ പറയുന്നു. എന്തിനാണ് ഈ സമയത്ത് പഠിക്കാൻ പോകുന്നതെന്നു ചോദിച്ചവരുണ്ട്. അതിനുള്ള മറുപടി കൂടിയാണ് പരീക്ഷയിൽ വാങ്ങിയ 1200 ൽ 1174 മാർക്ക്.

നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ ഓഫിസിലെ താൽക്കാലിക ജീവനക്കാരിയാണു ബിന്ദുമോൾ. ഓഫിസിലെ സഹപ്രവർത്തകർ, അധ്യാപകർ, കുടുംബം, സാക്ഷരത മിഷനിലെ ജീവനക്കാർ, സഹപാഠികൾ എന്നിവരുടെ പൂർണ പിന്തുണ തന്റെ വിജയത്തിനു പിന്നിലുണ്ടെന്നു ബിന്ദു പറയുന്നു. ഇനി ഒരാഗ്രഹം കൂടിയുണ്ട്. അത് വക്കീൽ കോട്ടിടാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com