വർഷങ്ങൾക്കു മുൻപ് ദേഹത്തു ടയർ കത്തിച്ചിട്ടയാളെ തരം കിട്ടിയപ്പോൾ തട്ടിയ ഗണേശൻ!

HIGHLIGHTS
  • നാട്ടിലിറങ്ങുന്ന കാട്ടാനകൾക്ക് കയ്യിലിരിപ്പു നോക്കി തലയെടുപ്പുള്ള പേരിട്ടവരാണു മലയാളികൾ
1. മണിയൻ, 2. പടയപ്പ
SHARE

ഇന്ത്യയിലെത്തിച്ച ആഫ്രിക്കൻ ചീറ്റകൾക്ക് അനുയോജ്യമായ പേരുകൾ പ്രധാനമന്ത്രി തേടുമ്പോൾ കേരളത്തിലെ കാടുകളിൽ പേരും മേൽവിലാസവുമുണ്ടാക്കിയ ചില ജലജില്ലികളുടെ കഥ...

idk-elephant
1. മണിയൻ, 2. പടയപ്പ

ഇന്ത്യയിൽ എത്തിച്ച ആഫ്രിക്കൻ ചീറ്റകൾക്കു പാരമ്പര്യം തുളുമ്പുന്ന പേരുകൾ നിർദേശിക്കണമെന്നു നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നാട്ടുകാരോടും വന്യജീവി പ്രേമികളോടും മോദി ഇങ്ങനെ ഒരു നിർദേശം വയ്ക്കുന്നതിനു വളരെ മുൻപേ കേരളത്തിൽ വന്യജീവികൾക്കു  വനംവകുപ്പും നാട്ടുകാരും പേരിട്ടു തുടങ്ങി. സ്ഥിരമായി നാട്ടിൽ ഇറങ്ങുകയോ നാട്ടുകാരുമായി ഇണങ്ങിക്കഴിയുകയോ ചെയ്യുന്ന ആനകൾക്കാണു കേരളം പേരിട്ടത്. ഓരോ ആനയുടെയും സ്വഭാവത്തിന്റെയോ രൂപത്തിന്റെയോ ശൈലിയുടെയോ പ്രത്യേകതകൾ വിളിച്ചോതുന്നതാകും പേരുകൾ. 

മണിയൻ മണിയനായ കഥ

നീണ്ടുവളഞ്ഞ രണ്ടു കൊമ്പുകൾ പരസ്പരം കൂട്ടിമുട്ടുന്നിടത്തു നിന്നു കഷ്ടപ്പെട്ടാണ് മണിയൻ തുമ്പിക്കൈ ഉയർത്തുക. കണ്ടാൽ തന്നെ പേടിയാകുന്ന നീളൻ കൊമ്പുകൾ. ചെറുതായി ഒരു തട്ടു കിട്ടിയാൽ മതി; തീർന്നു മനുഷ്യന്റെ കഥ. പക്ഷേ, മനുഷ്യരുമായി ഇത്രത്തോളം ഇണങ്ങി ജീവിച്ച ഒരു കാട്ടാന വേറെ ഉണ്ടാകില്ല. വയനാട് ചെതലയം, ഇരുളം, കുപ്പാടി പ്രദേശങ്ങളിലാണു മണിയന്റെ ചുറ്റിക്കറങ്ങൽ. ഒരിക്കൽ, ചികിത്സയ്ക്കു ശേഷം റേഡിയോ കോളർ ഘടിപ്പിച്ചു കാട്ടിൽ വിടേണ്ടിവന്നതാണ് പേരിനു കാരണം. മണി കെട്ടിയവൻ എന്ന നിലയ്ക്കാണു ‘മണിയൻ’ എന്ന പേരു കിട്ടിയതെന്നു വനം വകുപ്പിന്റെ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പറയുന്നു.

‘നാട്ടിലിറങ്ങി ഒരു പച്ചില പോലും പറിച്ചു നശിപ്പിക്കാത്തവനാണ്. മദപ്പാട് കാലമാവുമ്പോൾ അവനു തന്നെ അറിയാം. സ്വയം കാട്ടിലേക്കു പോകും. അതുതന്നെയാണു പ്രശ്നവും. കൂട്ടത്തിൽ കൂട്ടാൻ മറ്റു കാട്ടാനകൾ തയാറാകില്ല. നല്ല പോലെ കുത്തു കിട്ടിയിട്ടാണു കാടിറങ്ങിയിരുന്നത്. മയക്കുവെടി വച്ച് ചികിത്സിക്കും. ഇങ്ങനെ 8 തവണ മയക്കുവെടി വച്ചിട്ടുണ്ട്.  ഒരു മദപ്പാടു കാലത്തു കാട്ടിലേക്കു പോയ മണിയൻ മറ്റ് ആനകളുടെ കുത്തേറ്റു ചരിഞ്ഞു. കാട്ടാനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു നാടു മുഴുവൻ പ്രകടനം നടത്തിയ സംഭവം കേരളത്തിൽ വേറെയെവിടെയും ഉണ്ടാകാൻ സാധ്യതയില്ല– അരുൺ സക്കറിയ പറഞ്ഞു.

വടക്കനാടൻ ‘ഏലിയാസ്’ വിക്രം, കല്ലൂർ ‘ഏലിയാസ്’ ഭരത്  

കൊലകൊല്ലി

വയനാട്ടിൽ പേരുള്ള മറ്റുകൊമ്പന്മാർ വേറെയുമുണ്ട്. വടക്കനാടൻ കൊമ്പനും കല്ലൂർ കൊമ്പനുമാണ് പ്രധാനികൾ. വടക്കനാട് പ്രദേശത്തും കല്ലൂർ പ്രദേശത്തും സ്ഥിരമായി നാട്ടിൽ ഇറങ്ങുന്നവരായതിനാലാണു പേരു വന്നത്. നാട്ടുകാർക്കു  ശല്യക്കാരായതോടെ വനം വകുപ്പ് പിടികൂടി ചട്ടം പഠിപ്പിക്കാൻ മുത്തങ്ങ ആനപ്പന്തിയിൽ എത്തിച്ചു. അതോടെ പേരും പരിഷ്കരിച്ചു – വിക്രം, ഭരത് എന്നീ ‘മോഡേൺ’പേരുകളിലാണ് ഇരുവരും ഇപ്പോൾ അറിയപ്പെടുന്നത്. മുത്തങ്ങ കേന്ദ്രത്തിൽ വേറെയുമുണ്ട് ‘പേരു’കാർ. പ്രമുഖ, കുഞ്ചു, സൂര്യ, ഉണ്ണിക്കൃഷ്ണൻ, സുന്ദരി, ചന്ദ്രനാഥ്, സുരേന്ദ്രൻ അങ്ങനെ... അമ്മു, ചന്തു എന്നിങ്ങനെ രണ്ട് ആനകൾ കൂടി ഉണ്ട് അവിടെ. മുൻ വനം മന്ത്രി കെ.രാജുവാണ് ഇവർക്കു പേരിട്ടത്. മറ്റ് ആനകളെ പന്തിയിൽ എത്തിക്കുമ്പോൾ ഡിഎഫ്ഒമാരാണു പേരിടുന്നത്.

കൊലകൊല്ലി ജഗജില്ലി

തിരുവനന്തപുരം വിതുര – പേപ്പാറ വന മേഖലകളിലെ നിത്യ സാന്നിധ്യമായിരുന്നു കൊലകൊല്ലി. പൊടിയക്കാല ആദിവാസി കോളനിയിലെ ഒട്ടേറെ പേരെ കൊലകൊല്ലി കൊമ്പിൽ കോർത്തിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. എന്നാൽ അതിനു തെളിവില്ലെന്നും ഏറെയും കെട്ടുകഥകളാണെന്നും വനം വകുപ്പ്.

പേരും പെരുമയുമുള്ള മൂന്നാറുകാർ

മൂന്നാർ പ്രദേശത്തുകാരുടെ കൗതുകക്കാഴ്ചയാണ് പടയപ്പ. മസ്തകം വിരിച്ച്, കൊമ്പും കുലുക്കിയുള്ള വരവു കണ്ടാൽ ‘പടയപ്പയി’ലെ രജനീകാന്ത് ആണെന്നേ പറയൂ. മുൻകാലുകൾ അൽപം ചെറുതായതിനാൽ നടപ്പിൽ ഒരു പ്രത്യേക സ്റ്റൈൽ ആയിരുന്നു. നടപ്പിലെ ആ സ്റ്റൈൽ കൂടിയായപ്പോൾ ‘പടയപ്പ’യെന്നു പേരിടാൻ നാട്ടുകാർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മൂന്നാറിൽ മാട്ടുപ്പെട്ടി ഭാഗത്തു തന്നെയുള്ള ‘സൽസ്വഭാവി’യായ ആനയാണ് ‘സുഗുണൻ’. ‍ആരെയും ഉപ്രദവി‌ച്ച ചരിത്രമില്ല.

കുടിക്കാൻ അൽപം വെള്ളം തേടി നടന്നതു വഴി ‘ഹോസ്’ എന്നു പേരുകിട്ടിയ ആനയുണ്ട് ഇവിടെ. മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ഹോസിൽ നിന്നു വെള്ളം കുടുകുടാ വരുന്നത് കണ്ട് ആഞ്ഞൊന്നു കുത്തി നോക്കി. പിവിസി പൈപ്പ് ഒടിഞ്ഞ് ഒരടിയോളം നീളമുള്ള കഷണം കൊമ്പിൽ കുരുങ്ങി. ഉടൻ നാട്ടുകാർ പേരിട്ടു – ഹോസ് കൊമ്പൻ. ഹോസിന്റെ ചങ്ങാതിയായിരുന്നു ചില്ലിക്കൊമ്പൻ. നീണ്ടു കൂർത്ത, വണ്ണം കുറഞ്ഞ കൊമ്പുകൾ ചുള്ളിക്കമ്പു പോലിരിക്കും. ‌‌ഹോസും ചില്ലിയും ഒരുമിച്ചാണു മേഞ്ഞിരുന്നത്. ഇടയ്ക്കു പിണങ്ങും. പിന്നെ തല്ലുമാലയാണ്. അതു കഴിഞ്ഞ് പിന്നെയും ഇണങ്ങും. ചില്ലി 2017ൽ ഒരു ദിവസം നാടുനീങ്ങി. പിന്നാലെ ഹോസും കാടുകയറി. പിന്നെ വല്ലപ്പോഴുമേ നാട്ടിലെത്തൂ.

ഗണേശനാണു മറ്റൊരാൾ. പക കൂടുതലുള്ള കൂട്ടത്തിലാണ്. വർഷങ്ങൾക്കു മുൻപ് തന്റെ ദേഹത്തു ടയർ കത്തിച്ചെറിഞ്ഞയാളെ നോട്ടമിട്ടതും തരം കിട്ടിയപ്പോൾ തട്ടിയതും നാട്ടിൽ സംസാരമാണ്.  മരിച്ചയാളുടെ കുഴിമാടത്തിനരികിൽ നാലു ദിവസം ഗണേശൻ ചെന്നിരുന്നതായി ഒരു വാൽക്കഷണം കൂടി നാട്ടുകാരിൽ ചിലർ കൂട്ടിച്ചേർക്കുന്നുണ്ട്.  ഇനിയുമുണ്ട് മൂന്നാറിനു പ്രിയങ്കരന്മാരായ ആനകൾ – ചക്ക എവിടെ കണ്ടാലും പറിച്ചു തിന്നുന്ന ചക്കക്കൊമ്പൻ, കടയിൽ നിന്നും വീട്ടിൽ നിന്നും അരി മോഷ്ടിച്ചു തിന്നുന്ന അരിക്കൊമ്പൻ, അപാരമായ ബുദ്ധിയുണ്ടെന്നു നാട്ടുകാർ കരുതുന്ന ‘ഫോർ ജി’, ചെറിയ വാലുള്ള മുറിവാലൻ... അങ്ങനെ....

അയൽപക്കത്തെ പേരുകാർ

മദുക്കരൈ മഹാരാജ്

തമിഴ്നാട്ടിലും കർണാടകയിലുമുണ്ട് ഇത്തരം വീരശൂര പരാക്രമികൾ. ‘മദുക്കരൈ മഹാരാജ്’ ആണ് തമിഴ്നാട്ടിലെ കുപ്രസിദ്ധപയ്യൻ. 20 വയസ്സേയുള്ളൂ. കോയമ്പത്തൂരിൽ 4 കൊലക്കേസുകളിൽ ‘പ്രതിയാണ്’. ആളെ പിടികൂടാൻ 2016ൽ നടത്തിയ ഓപ്പറേഷനു വനം വകുപ്പ് നൽകിയ പേരാണ് ‘മദുക്കരൈ മഹാരാജ്’. പിടികൂടി മൂന്നു ദിവസത്തിനു ശേഷം വിടവാങ്ങി.

റൗഡി രംഗ

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ വലച്ച രാത്രിയാത്രാ നിരോധനത്തിനു കാരണക്കാരനാണ് ‘കർണാടക’ക്കാരനായ റൗഡി രംഗ. കേരളം, തമിഴ്നാട്, കർണാടക വനമേഖലകളെ വിറപ്പിച്ചു വിരാജിച്ചിരുന്ന ആനയ്ക്ക് ഇതിലും ചേരുന്നൊരു പേരില്ല. കുറുമ്പ്  കൂടിയപ്പോൾ വനം വകുപ്പ് ആളെ തളച്ചു. ചട്ടം പഠിപ്പിച്ചതോടെ ശാന്തനായ രംഗയെ മൈസൂരു ദസറ ആഘോഷങ്ങൾക്ക് എഴുന്നള്ളത്തിനായും നിയോഗിച്ചു. ഒരുദിവസം ക്യാംപിൽ നിന്നു രാത്രി നടക്കാൻ ഇറങ്ങിയ രംഗയെ നാഗർഹോളെ വനപാതയിൽ കണ്ണൂരിൽ നിന്നു ബെംഗളൂരുവിലേക്കു പോയ ‘കൽപക’ ബസ് ഇടിച്ചിട്ടു. മണിക്കൂറുകൾക്കുള്ളിൽ രംഗ മരിച്ചു. കർണാടകയിലേക്കു വനപാതകളിലൂടെയുള്ള രാത്രിയാത്ര പൂർണമായും നിരോധിക്കണമെന്ന ആവശ്യത്തിനു ശക്തി കൂടിയതും റൗഡി രംഗയുടെ മരണത്തോടെയാണ്.

ഒടുവിൽ കൊലകൊല്ലിയെ തളയ്ക്കാൻ തീരുമാനിച്ചു. വനം വകുപ്പ് മുൻ വെറ്ററിനറി സർജൻ ഡോ. ഇ.കെ.ഈശ്വരൻ, ഡോ. ജോ ജേക്കബ്, ഡിഎഫ്ഒ ആയിരുന്ന ജസ്റ്റിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വലിയ സംഘം ആനയെ നിരീക്ഷിച്ചു. ആനയെ തളയ്ക്കുന്നതിൽ വിദഗ്ധനായ തങ്കരാജ് പനീർസെൽവവും കുങ്കിയാനകളും തമിഴ്നാട്ടിൽ നിന്നെത്തി. ആഴ്ചകൾ നീണ്ടു നിന്ന ഓപ്പറേഷൻ. രണ്ടു തവണ മയക്കുവെടി ഉന്നം തെറ്റി. വെടിവച്ച സംഘത്തെ നോട്ടമിട്ട് ആന പാഞ്ഞടുത്തു. പലശ്രമങ്ങൾക്കൊടുവിൽ കൊലകൊല്ലിക്കു മയക്കുവെടിയേറ്റു.  ചട്ടം പഠിപ്പിക്കാനുള്ള ശ്രമമായി പിന്നീട്. ഒന്നിനും വഴങ്ങാതിരുന്ന കൊലകൊല്ലി ഒരു ദിവസം ചരിഞ്ഞു. നാട്ടുകാർ ഇപ്പോൾ ആ പ്രദേശത്ത് അവന്റെ പേരിൽ വിളക്കു തെളിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}