ഫ്രീക്കനപ്പൂപ്പൻ, ടൗണിലിറങ്ങിയ ‘പുലി’,സ്റ്റാറായി മണവാട്ടി; ഇന്നലെ യുവജന ദിനമായിരുന്നോ!

HIGHLIGHTS
  • ഫാഷൻ ഷോയും ആഘോഷവുമൊക്കെയായി വേറിട്ട വയോജന ദിനാചരണം
 പ്രായമോ അതെന്താ... ഇടുക്കി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫിസ്, ‘അരികെ’ പാലിയേറ്റിവ് കെയർ, വയോമിത്രം തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളജിന്റെ സഹകരണത്തോടെ വയോജന ദിനത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ റാംപ് വാക്കിന് പകരം റാംപ് ഡാൻസ് ചെയ്യുന്ന  73 വയസ്സുകാരനായ  രാമചന്ദ്രൻ നായർ. 									     ചിത്രം: റെജു അർനോൾഡ്∙ മനോരമ
പ്രായമോ അതെന്താ... ഇടുക്കി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫിസ്, ‘അരികെ’ പാലിയേറ്റിവ് കെയർ, വയോമിത്രം തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളജിന്റെ സഹകരണത്തോടെ വയോജന ദിനത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ റാംപ് വാക്കിന് പകരം റാംപ് ഡാൻസ് ചെയ്യുന്ന 73 വയസ്സുകാരനായ രാമചന്ദ്രൻ നായർ. ചിത്രം: റെജു അർനോൾഡ്∙ മനോരമ
SHARE

തൊടുപുഴ∙ രാജ്യാന്തര വയോജന ദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ സാമൂഹിക നീതി ഓഫിസ്, കേരള സാമൂഹിക സുരക്ഷാ മിഷൻ, ആരോഗ്യ വകുപ്പ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് എംഎസ്ഡബ്ല്യു വിഭാഗം എന്നിവ സംയുക്തമായി  സംഘടിപ്പിച്ച വയോജന ദിനാചരണം ‘വാർധക്യകാല ബഹളസന്തോഷങ്ങൾ’ മനസ്സുകൊണ്ട് വയസ്സു കുറച്ചു. തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ വച്ചു നടത്തിയ പരിപാടിയിൽ വയോജനങ്ങളുടെ ഫാഷൻ ഷോയും നടത്തി. 

 1.ഫാഷൻ ഷോയിൽ  പങ്കെടുക്കുന്ന ലീല അവിര, 2.ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന രാജൻ (പുലി രാജൻ).
1.ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന ലീല അവിര, 2.ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന രാജൻ (പുലി രാജൻ).

65 വയസ്സിനു മുകളിലുള്ള ഇരുപതോളം വയോജനങ്ങളെ അണിനിരത്തിയായിരുന്നു ഫാഷൻ ഷോ. കലക്ടർ ഷീബാ ജോർജ് മുഖ്യാതിഥിയായ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി ഉദ്ഘാടനം  ചെയ്തു. ഇടുക്കി ജില്ലാ സാമൂഹികനീതി ഓഫിസർ വി.ജെ.ബിനോയ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ ഡോ. സാബുകുട്ടി, എംഎസ്ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല, സ്റ്റുഡന്റ് കോഓർഡിനേറ്റർ അലൻ ജോർളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫ്രീക്കനപ്പൂപ്പൻ

മെറൂൺ കളർ ഫ്രീക്കൻ കുപ്പായവും ത്രീ ഫോർത്തും ധരിച്ച് കറുത്ത കണ്ണടയും വച്ചുള്ള ആ പെർഫോമൻസ് ആരും നോക്കിനിന്നു പോകും. കാണുമ്പോഴേ അറിയാം വെറുതെയങ്ങ് കാട്ടിക്കൂട്ടുന്നതല്ലെന്ന്. മടക്കത്താനം നിവാസിയായ രാമചന്ദ്രൻ നായർക്ക് വേദികൾ അപരിചിതമല്ല. 1962 മുതൽ 82 വരെയുള്ള 20 വർഷം അമച്വർ നാടകങ്ങളും ബാലേകളുമായി നാടു ചുറ്റിയ തികഞ്ഞ കലാകാരൻ. അതും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കറ തീർന്ന കൊമേഡിയൻ. പിന്നെ എങ്ങനെയാണ് സമാന മനസ്കരായ കൂട്ടുകാർ നിറഞ്ഞ സദസ്സിനു മുന്നിലെ വേദിയിൽ അനങ്ങാതെ നിൽക്കാൻ കഴിയുക. 

‘വാർധക്യകാല ബഹള സന്തോഷങ്ങൾ’ എന്ന പരിപാടിയിലെ ഫാഷൻ ഷോയിലായിരുന്നു രാമചന്ദ്രൻ നായരുടെ പ്രകടനം. 1979 മുതൽ 84 വരെ മഞ്ഞള്ളൂർ പഞ്ചായത്ത് മെംബറായിരുന്നു. നിനച്ചിരിക്കാതെ ഒരിക്കൽ കൂടി വേദിയിൽ കയറി സദസ്സിനെ അഭിമുഖീകരിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് രാമചന്ദ്രൻ നായർ. അപ്രതീക്ഷിതമായി ഇടാൻ കിട്ടിയ കുപ്പായത്തിൽ എഴുതിവച്ചിരിക്കുന്നത് തന്റെ ജീവിതം തന്നെയാണെന്നും അദ്ദേഹം പറയുന്നു. ‘ഡ്രീം, ബിലീവ്, അച്ചീവ്’.

ടൗണിൽ ‘പുലി’യിറങ്ങി

പേരുകേട്ട് ആരും പേടിക്കേണ്ട, ഞാനൊരു പാവമാണ്. ഇതു പറയുന്നത് ‘പുലിരാജൻ’ എന്നു നാട്ടുകാർ വിളിക്കുന്ന കാഞ്ഞിരമറ്റം സ്വദേശി രാജൻ. വർഷങ്ങളായി ഓമനിച്ചു വളർത്തിയിരുന്ന കൊമ്പൻ മീശയോട് ചെറുപ്പക്കാർക്ക് ആരാധനയും കൊച്ചു കുട്ടികൾക്ക് ഭയവുമായിരുന്നു. കുറേക്കാലം മുൻപു വരെ ഓണം അടക്കമുള്ള ആഘോഷങ്ങളോടനുബന്ധിച്ചു നടത്താറുള്ള പ്രച്ഛന്നവേഷ മത്സരങ്ങളിൽ രാജൻ സജീവ സാന്നിധ്യമായിരുന്നു. ടാബ്ലോകളിലും മറ്റും വേടന്റെ വേഷം തന്റെ ഒരു മാസ്റ്റർപീസ് തന്നെയായിരുന്നു.

രാജൻ ഓർത്തെടുക്കുന്നു. അടുത്ത കാലത്തും വേടന്റെ വേഷം അണിയുന്നതിനായി ചിലർ വിളിച്ചിരുന്നു. പക്ഷേ, അനാരോഗ്യംകൊണ്ട് ഒഴിവാക്കി.  കുറച്ചുകാലം മുൻപ് ബ്ലോക്കിനെ തുടർന്ന് ഒരു വശം തളരുകയും ചെയ്തു. അതിന്റെ ആഘാതം ഒന്നു മാറി വരുന്നതേയുള്ളൂ. കാഞ്ഞിരമറ്റത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോൾ ഈ കലാകാരൻ. 

സ്റ്റാറായി മണവാട്ടി

‘എന്റെയൊക്കെ കല്യാണത്തിന് സാരിയായിരുന്നു. ചെറുക്കന് ഷർട്ടും മുണ്ടും. പുതിയ കല്യാണങ്ങൾക്ക് എന്തൊക്കെ വേഷങ്ങളാ, കാണാൻ ഭംഗിയൊക്കെയുണ്ട്. പക്ഷേ, അങ്ങനെയൊന്ന് ഇടാൻ കഴിയുമെന്ന് കരുതിയില്ല. ഇവിടെ വന്നപ്പോൾ അതു സാധിച്ചു.’ – കോലാനി സ്വദേശിനി ലീല അവിരാ എന്ന എഴുപതുകാരി വീട്ടമ്മയാണ് മോഡേൺ വിവാഹ വസ്ത്രമണിഞ്ഞെത്തി ഫാഷൻ ഷോയുടെ ശ്രദ്ധാകേന്ദ്രമായത്. 

സ്കൂളിൽ പഠിക്കുന്ന കാലത്ത് തിരുവാതിരയിലും ഡാൻസിലുമൊക്കെ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും എല്ലാം മറന്നുപോയിരിക്കുകയായിരുന്നു. അതിനുശേഷം ഒരു വേദിയിൽ കയറുന്നത് ഇപ്പോഴാണ്. എന്നെപ്പോലെ വീടിനുള്ളിൽ ഒതുങ്ങിപ്പോയ വീട്ടമ്മമാരാണ് ഇവിടെ ഇരിക്കുന്നവരെല്ലാം. സ്റ്റേജിൽ കാണിച്ച ചുവടുകളൊക്കെ എന്റെ കൊച്ചുമക്കൾ പഠിപ്പിച്ചു തന്നതാണെന്നും ലീലാമ്മ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA