ADVERTISEMENT

മൂലമറ്റം∙ മലവെള്ളപ്പാച്ചിലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരു വർഷം പിന്നിട്ടിട്ടും ലഭിച്ചത് നാമമാത്രമായ സഹായം മാത്രം. 8 വീടുകൾ പൂർണമായും ഒട്ടേറെ വീടുകൾ ഭാഗികമായും തകർന്ന നിലയിലാണ്. വീട് പൂർണമായി തകർന്ന വീടുകൾക്ക് 90,000 രൂപയും ഭാഗികമായി തകർന്ന വീടുകൾക്ക് 25,000 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിച്ചത്. നഷ്ടപരിഹാരത്തിന്റെ ബാക്കി തുക നൽകുന്നതിന് ഇനിയും നടപടി ആയില്ല. താഴ്‌വാരം കോളനിയിലെ 23 വീടുകളിലാണ് വെള്ളം കയറിയത്.

പെട്ടെന്ന് വെള്ളം പൊങ്ങിയതിനാൽ എല്ലാം ഇട്ടെറിഞ്ഞ് ഓടി കുറച്ചാളുകൾ റോഡിലെത്തി. ബാക്കിയുള്ളവർ വീടുകളിൽ കുടുങ്ങി. മൂലമറ്റം, തൊടുപുഴ എന്നീ സ്ഥലങ്ങളിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തിയതിനാൽ ആളപായമുണ്ടായില്ല. വെള്ളം ഇറങ്ങിയപ്പോൾ കോളനി നിവാസികൾ വീടുകളിൽ മടങ്ങിയെത്തിയെങ്കിലും വീട്ടുപകരണങ്ങളും വസ്ത്രങ്ങളടക്കം ഇവർക്ക് നഷ്ടമായി. എല്ലാം നഷ്ടപ്പെട്ട നിലയിലായി കോളനി നിവാസികൾ.

താഴ്‌വാരം കോളനിയിൽ നച്ചാർ തോടിന്റെ സംരക്ഷണഭിത്തി തകർന്ന് വെള്ളം കോളനിയിലൂടെ ഒഴുകി. ഇവിടെ സംരക്ഷണ ഭിത്തി പുനഃസ്ഥാപിക്കാത്തതിനാൽ മഴ പെയ്താൽ ഇതുവഴി വീണ്ടും വെള്ളം കയറി ഒഴുകുകയും കോളനിയിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്യും. കഴിഞ്ഞ മഴക്കാലത്തും കോളനിയിൽ വീടുകളിൽ വെള്ളം കയറിയിരുന്നു. സംരക്ഷണഭിത്തി കെട്ടി പ്രദേശം സംരക്ഷിക്കണമെന്നും നഷ്ടം സംഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നുമാണ്   നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com