ADVERTISEMENT

തൊടുപുഴ ∙ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ വേദനയോടെ മലയോര നാടും. ഇടുക്കിയുമായി നേരിട്ടു ബന്ധമില്ലെങ്കിലും രാഷ്ട്രീയപരമായും സർക്കാരിന്റെ ഭാഗമായും ജില്ലയിൽ വളരെയേറെ ഇടപെടലുകൾ നടത്തിയ കോടിയേരിയെ ഇടുക്കിക്കാർ സ്നേഹത്തോടെയാണ് സ്മരിക്കുന്നത്. പാർട്ടി സെക്രട്ടറിയായും മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായുമൊക്കെ അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിട്ടുണ്ട്.

എസ്എഫ്ഐ പ്രവർത്തന കാലത്താണ് പൊതുപ്രവർത്തനത്തിനായി അദ്ദേഹം ആദ്യമായി ഇടുക്കി ജില്ലയിലെത്തുന്നത്. പിന്നീട് ആഭ്യന്തരമന്ത്രിയായപ്പോൾ ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളും നവീകരിക്കുന്നതിന് അദ്ദേഹം ചുക്കാൻ പിടിച്ചു. 2011ൽ മുല്ലപ്പെരിയാർ ആശങ്ക പരിഹരിക്കുന്നതിന് അന്നത്തെ റവന്യു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം അദ്ദേഹവും ഇടുക്കിയിലെത്തി. അണക്കെട്ട് സന്ദർശിച്ചു. അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്നു. 

മകന്റെ വേർപാടിൽ മനംനൊന്തു കഴിഞ്ഞിരുന്ന തങ്ങളെ ആശ്വസിപ്പിക്കാനും പാർട്ടി പുതുതായി നിർമിച്ചു നൽകിയ വീടിന്റെ കല്ലിടീൽ ചടങ്ങിനുമായി കോടിയേരി ബാലകൃഷ്ണൻ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയത് ഒരിക്കലും മറക്കാനാവാത്ത സംഭവമാണെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ പറഞ്ഞു. നെടുങ്കണ്ടത്തെ പുതിയ സ്റ്റേഡിയം യാഥാർഥ്യമാകാൻ പൊലീസ് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 55 സെന്റ് സ്ഥലം വിട്ടുനൽകിയത് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ആയിരുന്നെന്ന് നെടുങ്കണ്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.സുകുമാരൻ ഓർക്കുന്നു.

വിവിധ വകുപ്പുകളുടെ മെല്ലെപ്പോക്ക് നയംകൊണ്ട് പ്രതിസന്ധിയിലായ സ്റ്റേഡിയം നിർമാണം കോടിയേരി ബാലകൃഷ്ണന്റെ ഒറ്റ തീരുമാനത്തിൽ ഇരട്ടിവേഗത്തിൽ പൂർത്തിയാക്കാനായി. 2018ൽ അടിമാലി പഞ്ചായത്തിലെ ആദിവാസി സങ്കേതമായ കുറത്തിക്കുടി സന്ദർശിക്കാനും കോടിയേരി ബാലകൃഷ്ണൻ എത്തിയിരുന്നു. കുടിനിവാസികളോടൊപ്പം 3 മണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. തൊടുപുഴയിലും മൂന്നാറിലും ചെറുതോണിയിലും മറയൂരിലും െ അദ്ദേഹം പലതവണ വന്നുപോയി. 

ഭൂപ്രശ്നങ്ങളിലും ആത്മാർഥമായ ഇടപെടൽ

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് ഇൗ ആവശ്യമുന്നയിച്ച് സമര രംഗത്തുള്ള സംഘടനകളുടെ നേതാക്കൾ പറയുന്നു. നിർമാണ നിരോധനം, പട്ടയഭൂമിയിൽ നിന്നു മരം മുറിക്കുന്നതിനുള്ള നിയമ തടസ്സം, വനം വകുപ്പ് എതിർപ്പിനെ തുടർന്ന് കൊച്ചി - ധനുഷ്കോടി ദേശീയപാത നിർമാണത്തിലുണ്ടായ പ്രതിസന്ധി എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, 2018ൽ അടിമാലിയിലെത്തിയ കോടിയേരി ബാലകൃഷ്ണന് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ 36 സംഘടനകളുടെ കൂട്ടായ്മയായ നിവേദനം നൽകിയിരുന്നു.

അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ നിവേദക സംഘത്തോട് ഏറെ നേരം ചർച്ച നടത്തുകയും ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതു സർക്കാർ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് സിപിഎം നേതാക്കളായ എം.വിജയകുമാർ, കോലിയക്കോട് കൃഷ്ണൻ നായർ എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘത്തെ ജില്ലയിലെ ഭൂപ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ചു.

അതിനു ശേഷമാണ് മൂന്നാർ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതും ദേശീയപാത നിർമാണത്തിലെ പ്രതിബന്ധങ്ങളൊഴിവായതും. പട്ടയ ഭൂമിയിൽ കർഷകർ നട്ടു പിടിപ്പിച്ച മരങ്ങൾ വെട്ടുന്നതിനും അനുമതി നൽകി പിന്നീട് ഉത്തരവിറങ്ങി. ഇക്കഴിഞ്ഞ ജനുവരിയിൽ കുമളിയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം അവസാനമായി ഇടുക്കിയിലെത്തിയത്. അന്ന് അദ്ദേഹം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്താണ് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com