ADVERTISEMENT

മൂന്നാർ ∙ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ വീണ കടുവയെ തേക്കടിയിലെ പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റി. ഇന്നലെ രാത്രിയിൽ ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഇന്ന് വെളുപ്പിനാണ് കടുവയെ പ്രത്യേക വാഹനത്തിൽ തേക്കടിയിലെത്തിച്ച് ഉൾക്കാട്ടിൽ തുറന്നു വിട്ടത്.ഇടതുകണ്ണിനു തിമിരം ബാധിച്ചതും പ്രായാധിക്യം മൂലം അവശതകളുള്ളതുമായ പെൺകടുവയെയാണ് തേക്കടിയിലെത്തിച്ചത്.

ചൊവ്വ രാത്രി 8.30നാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. രണ്ടു ദിവസമായി, സൈലന്റ് വാലി റോഡിലുള്ള വനം വകുപ്പിന്റെ നഴ്സറിയിലാണ് കടുവയെ സൂക്ഷിച്ചിരുന്നത്. സീനിയർ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള  നാല് ഡോക്ടർമാർ 24 മണിക്കൂറും കടുവയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

കടുവ ഉഷാർ 

രണ്ടു ദിവസമായി കൂട്ടിലായിരുന്നെങ്കിലും കടുവ സന്തോഷവതിയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആഹാരമായി രാവിലെയും വൈകിട്ടും 8 കിലോ കോഴിയിറച്ചിയാണ് നൽകിയത്. വെള്ളം കുടിക്കാനായി പ്രത്യേക പൈപ്പ് കൂടിനുള്ളിൽ തന്നെ സ്ഥാപിച്ചിരുന്നു. കൂട്ടിൽ കിടക്കുന്നതിനാൽ വ്യായാമക്കുറവു മൂലമുള്ള ദഹനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് പോത്തിറച്ചിയും മറ്റും നൽകാതെ ഡോക്ടർമാരുടെ നിർദേശപ്രകാരം കോഴിയിറച്ചി മാത്രം നൽകിയത്. കൂടിന്റെ മുകൾ ഭാഗത്തുള്ള പ്രത്യേക ദ്വാരം വഴിയാണ് തീറ്റ നൽകിയിരുന്നത്.

വീണ്ടും പരിശോധന 

ഒരു കടുവയെ പിടിച്ചെങ്കിലും തോട്ടം മേഖലയിൽ കൂടുതൽ എണ്ണം ഉണ്ടെന്ന സംശയത്തിൽ കടലാർ, നയമക്കാട് ഭാഗത്ത് വനം വകുപ്പ് പരിശോധന ശക്തമാക്കി. കടലാർ ഈസ്റ്റ് ഡിവിഷനിൽ ചൊവ്വാ പകൽ പശുവിനെ കടുവ ആക്രമിച്ചതിനെ തുടർന്നാണ് ഇവിടെ പരിശോധന ശക്തമാക്കിയത്. കടലാറിൽ മാത്രം 5 കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളിൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 5 വനം വകുപ്പ് ജീവനക്കാരടങ്ങുന്ന നിരീക്ഷണ ക്യാംപും പ്രവർത്തിക്കുന്നുണ്ട്. 

കടുവ കെണിയിൽപെട്ട നയമക്കാട് കൂടുതൽ കടുവയുണ്ടെന്ന സംശയം തൊഴിലാളികൾ ഉയർത്തിയതിനെ തുടർന്ന് 8 ക്യാമറകൾ വിവിധ സ്ഥലങ്ങളിലായി അധികം സ്ഥാപിച്ചു. കൂടാതെ വനം വകുപ്പ് ജീവനക്കാർ, ദ്രുതകർമസേന എന്നിവരുടെ രണ്ടു സംഘങ്ങൾ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്. എന്നാൽ രണ്ടു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ കടുവയുടെ ദൃശ്യം രണ്ടു ദിവസമായി പതിഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മൂന്നാറിൽ കടുവയെ കുടുക്കിയ കൂട്.
മൂന്നാറിൽ കടുവയെ കുടുക്കിയ കൂട്.

ചില്ലറക്കാരനല്ല ആ കൂട് 

വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേകം രൂപകൽപന ചെയ്തു നിർമിച്ച കൂട്ടിലാണ് കഴിഞ്ഞ ദിവസം കടുവ കുടുങ്ങിയത്. രണ്ട് – മൂന്ന് ടൺ ഇരുമ്പ് കൊണ്ടുണ്ടാക്കിയ കൂടിന് രണ്ട് ലെയറുകളാണുള്ളത്. കൂടിന്റെ മുൻഭാഗം പൂർണമായി അടച്ച നിലയിലാണ്. ഇവിടെയാണ് പുലി, കടുവ എന്നിവയെ ആകർഷിക്കുന്നതിനായി ഇരയെ കെട്ടിയിടുന്നത്. ഇതിനു തൊട്ടടുത്തായി സാധാരണ പ്രതലത്തിൽ നിന്നു സ്പ്രിങ്ങിൽ ഉയർന്നു നിൽക്കുന്ന പ്ലാറ്റ്ഫോമുണ്ട്.

കൂടിന്റെ പിൻഭാഗം പൂർണമായി തുറന്ന് പൊങ്ങിയിരിക്കും. ഇരയെ പിടിക്കാനായി ഓടിയടുക്കുന്ന മൃഗത്തിന്റെ മുൻകാലുകൾ പ്ലാറ്റ്ഫോമിൽ പതിക്കുന്നതോടെ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇരയുടെ മുൻപിലും ഏറ്റവും പിന്നിലുമുള്ള രണ്ട് ഇരുമ്പു വാതിലുകൾ താഴേക്കു പതിച്ച് പൂട്ടുവീഴും. പിന്നീട് പുറത്തു നിന്നു മാത്രമേ പിന്നിലെ വാതിൽ തുറക്കാൻ കഴിയുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com