കുറിഞ്ഞി കാണാനെത്തുന്നവർക്ക് ആശ്വാസം, കള്ളിപ്പാറയിൽ ഇ-ടോയ്ലറ്റ്
Mail This Article
ശാന്തൻപാറ∙ നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറയിലെത്തുന്ന സന്ദർശകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2 ഇ-ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. മൂന്നാർ കുമളി സംസ്ഥാന പാതയിൽ നിന്നും ഒന്നര കിലോമീറ്ററിലധികം മല കയറി വേണം കള്ളിപ്പാറ എൻജിനീയർ മെട്ടിലെത്താൻ. പ്രായമായവരും സ്ത്രീകളും ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടിയാണ് കാൽനടയായി നീലക്കുറിഞ്ഞി കാണാനെത്തുന്നത്.
അതിനാൽ സന്ദർശകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇ-ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ ശാന്തൻപാറ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി മലമുകളിൽ വച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് 5 പേരെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ താഴെയെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പ്ലാസ്റ്റിക്കിന് വിലക്ക്
നീലക്കുറിഞ്ഞി പൂവിട്ട മലനിരകളിൽ പ്ലാസ്റ്റിക് കുപ്പി വെള്ളവും ഭക്ഷ്യ വസ്തുക്കളും കച്ചവടം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞി കാണാനെത്തുന്നവർ പ്ലാസ്റ്റിക് വസ്തുക്കളുമായി മല കയറാതിരിക്കാനും പൂക്കൾ നശിപ്പിക്കാതിരിക്കാനും വനം വകുപ്പും സന്നദ്ധ പ്രവർത്തകരും പരിശോധന കർശനമാക്കി. കുറിഞ്ഞി മലയിൽ സന്ദർശകർ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പല ഭാഗത്തായി ശേഖരിച്ചു. ഇവ വിൽപന നടത്തി ലഭിക്കുന്ന പണം ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പൂ പറിച്ചാൽ പിടിവീഴും
ഇടുക്കി ശാന്തൻപാറയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവർ നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായതിനാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ വനം മേധാവി അറിയിച്ചു. പൂപറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ അടക്കമുള്ള നടപടികളും സ്വീകരിക്കും.