നീലക്കുറിഞ്ഞി കാണാൻ വൻ ജനത്തിരക്ക്, ഒന്നേ കാൽ ലക്ഷത്തോളം സന്ദർശകർ; ഈ ആഴ്ച കൂടി കാണാനായേക്കും
Mail This Article
ശാന്തൻപാറ ∙ ദീപാവലി അവധിയോടനുബന്ധിച്ച് കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി വസന്തം കാണാൻ വൻ ജനത്തിരക്ക്. ശനിയും ഞായറുമായി ഇരുപത്തയ്യായിരത്തോളം സന്ദർശകർ കള്ളിപ്പാറയിലെത്തിയെന്നാണ് കണക്ക്. കള്ളിപ്പാറയിലെ എൻജിനീയർ മെട്ടിൽ നീലക്കുറിഞ്ഞി പൂവിട്ടത് കാണാൻ കഴിഞ്ഞ 7 മുതൽ ഞായറാഴ്ച വരെ ഒന്നേ കാൽ ലക്ഷത്തോളം സന്ദർശകരാണെത്തിയത്. തുടർച്ചയായ അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ശാന്തൻപാറ പൊലീസും പഞ്ചായത്ത്, വനം വകുപ്പ് അധികൃതരും പ്രദേശത്ത് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
അടിമാലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂപ്പാറ, ശാന്തൻപാറ എന്നിവിടങ്ങളിലും നെടുങ്കണ്ടം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഉടുമ്പൻചോലയിലും നിർത്തിയ ശേഷം പ്രത്യേകമായി ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസുകളിലാണ് സന്ദർശകരെ കള്ളിപ്പാറയിലെത്തിച്ചത്. എന്നാൽ, ആവശ്യത്തിന് ബസുകൾ ഇല്ലാത്തത് സന്ദർശകരെ ബുദ്ധിമുട്ടിലാക്കി. കള്ളിപ്പാറയ്ക്കു സമീപം മൂന്നാർ കുമളി സംസ്ഥാന പാതയിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു പോലും സ്ഥലമില്ലാതായതോടെ ഇവിടേക്ക് ചെറു വാഹനങ്ങൾ കടത്തി വിടുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തി.
മഴയുണ്ടെങ്കിലും ഈ ആഴ്ച കൂടി നീലക്കുറിഞ്ഞി പൂക്കൾ നിലനിൽക്കുമെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.ദീപാവലി അവധിയോടനുബന്ധിച്ച് മൂന്നാറിലും വിനോദ സഞ്ചരികളുടെ വൻ തിരക്കാണനുഭവപ്പെടുന്നത്. ഉത്തരേന്ത്യക്കാരും, തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് സന്ദർശകരിൽ അധികവും.
ഈ മാസം അവസാനം വരെ മൂന്നാറിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ഭൂരിഭാഗം മുറികളും സഞ്ചാരികൾ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല ,മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ രണ്ടു ദിവസമായി സഞ്ചാരികളുടെ തിരക്ക് മൂലം മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.