ADVERTISEMENT

രാജാക്കാട് ∙ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു പൂർത്തിയാക്കിയ ഗാന്ധിശിൽപം പൂർവവിദ്യാലയത്തിന്റെ തിരുമുറ്റത്തു സ്ഥാപിച്ചെങ്കിലും മഹാത്മാവിനൊരു സുരക്ഷാകവചമൊരുക്കണമെന്ന ആഗ്രഹം ബാക്കിയാണു ബൈസൺവാലി ഉദിക്കുന്നേൽ ബാബു എന്ന ചുമട്ടുതൊഴിലാളിക്ക്. ഗാന്ധിജിയെ ജീവനു തുല്യം സ്നേഹിക്കുന്ന ബാബു സ്വന്തം വീട്ടുമുറ്റത്തൊരുക്കിയ ഷെഡിലാണു കോൺക്രീറ്റും ഇഷ്ടികയും മാർബിൾ പൊടിയും ഉപയോഗിച്ച് ആറര അടി ഉയരവും 500 കിലോഗ്രാം ഭാരവുമുള്ള ഗാന്ധിശിൽപം നിർമിച്ചത്.

ഇതിനു മുൻപു മണ്ണു കൊണ്ടു പോലും ശിൽപം നിർമിച്ചിട്ടില്ലെങ്കിലും ചുമടെടുക്കുന്ന തൊഴിലിന് അവധി നൽകിയ ബാബു 3 വർഷം കൊണ്ടാണു ഗാന്ധിശിൽപം പൂർത്തിയാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ 6 ലക്ഷം രൂപയിലധികം രൂപ ഇതിനായി ചെലവഴിച്ചു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റത്ത് അനാഛാദനം ചെയ്ത ശിൽപത്തിനു പോളികാർബൺ ഷീറ്റ് കൊണ്ടുള്ള ചെറിയ മേൽക്കൂര ഒരുക്കിയിട്ടുണ്ട്. എങ്കിലും മഴയും കാറ്റും കൊണ്ടു ശിൽപത്തിന്റെ ഭംഗി കുറയുമെന്ന ആശങ്കയാണു ബാബുവിന്.

മുകളിൽ ഉറപ്പും വലുപ്പവുമുള്ള മേൽക്കൂരയും ടഫൻഡ് ഗ്ലാസ് കൊണ്ടുള്ള സുരക്ഷാകവചവുമൊരുക്കിയാൽ എത്ര കാലം വേണമെങ്കിലും ഇൗ ശിൽപം അതേപടി നിലനിർത്താൻ‍ കഴിയുമെന്നാണു ബാബുവിന്റെ പ്രതീക്ഷ. പക്ഷേ പോളികാർബൺ മേൽക്കൂര നിർമിച്ചതിന്റെ സാമ്പത്തികബാധ്യത പോലും തീർക്കാൻ കഴിയാത്ത തനിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ബാബു പറയുന്നു. ഇക്കാര്യത്തിൽ ഗാന്ധിജിയെ സ്നേഹിക്കുന്ന വ്യക്തികളുടെയോ സന്നദ്ധസംഘടനകളുടെയോ സഹായം പ്രതീക്ഷിക്കുകയാണു ബാബു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com