കള്ളിപ്പാറയിൽ വിരുന്നെത്തി നീലക്കുറിഞ്ഞി വസന്തം; ഏറ്റവും മനോഹരമായി വർണിച്ചവർ ഇവർ
Mail This Article
ശാന്തൻപാറ∙ 12 വർഷത്തിനു ശേഷം കള്ളിപ്പാറയിൽ വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം നേരിൽ കണ്ട് അതേറ്റവും മനോഹരമായി വർണിച്ചവർ ആരായിരിക്കും ? കള്ളിപ്പാറയിലെത്തിയ ശബ്ദത്തിന്റെ ലോകം അന്യമായ ഒരു കൂട്ടം ചെറുപ്പക്കാരായിരിക്കും അക്കൂട്ടത്തിൽ മുന്നിൽ. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീലക്കുറിഞ്ഞി കാണാനെത്തിയ ആ ഒൻപതംഗ സംഘം അവിടെയുണ്ടായിരുന്ന മറ്റ് സന്ദർശകരുടെ മനസ്സിൽ എക്കാലവും നിറവസന്തമൊരുക്കും.
സംസാരിക്കാനും കേൾക്കാനും കഴിയാത്ത ജോബിൻ, ശ്യാംപ്രസാദ്, ടി.വി.സുഭാഷ്, നൈസിൽ, വി.എസ്.വിഷ്ണു, ഷാൻരാജ്, എൽദോ, ടി.എൻ.മാഹിൻ, വിഷ്ണു എന്നിവർ 5 ബൈക്കുകളിലായാണ് ഇന്നലെ നീലക്കുറിഞ്ഞി കാണാനെത്തിയത്. വർഷങ്ങളായി തുടരുന്ന ഇൗ സൗഹൃദ സംഘം ആദ്യമായാണ് ഇത്രയും ദൂരം ബൈക്കിൽ എവിടേക്കെങ്കിലും സഞ്ചരിക്കുന്നത്.
പല മേഖലകളിൽ ജോലി ചെയ്യുന്ന ഇവരുടെ കാതുകൾക്ക് വാഹനങ്ങളുടെ ഹോൺ ശബ്ദം തിരിച്ചറിയാൻ ശേഷിയില്ല. അതിനാൽ ഏറെ ശ്രദ്ധയോടെ കണ്ണുകൾ ചിമ്മാതെയായിരുന്നു ഇവരുടെ യാത്ര. അക്ഷരക്കൂട്ടങ്ങളുടെ കെട്ടുപാടുകളില്ലാതെ ആംഗ്യഭാഷയിൽ ഏറ്റവും മനോഹരമായി നീലക്കുറിഞ്ഞിയെ വർണിച്ചു കൊണ്ടവർ മലയിറങ്ങി.