ADVERTISEMENT

ചെറുതോണി ∙ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. ഇടുക്കി നാരകക്കാനം കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ (66) ആണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അപകടസമയത്ത് ചിന്നമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സ്കൂളിൽ പോയിരുന്ന കൊച്ചുമകൾ അനഘ വൈകിട്ട് 4.30നു വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്.

മൃതദേഹത്തിനു സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിയനിലയിൽ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വീട്ടുപകരണങ്ങളിലേക്കോ മേൽക്കൂരയിലേക്കോ തീ പടർന്നിരുന്നില്ല. ഉച്ചയ്ക്ക് രണ്ടിനുശേഷം വീട്ടിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. നാരകക്കാനം പന്തേനാൽ കുടുംബാംഗമാണു ചിന്നമ്മ. മക്കൾ: ജോസ് (ബിനോയി), മിനി, ബിജി. മരുമക്കൾ: ഷിജി, ജോയി, ബാബു.

ഗ്യാസ് സിലിണ്ടർ ഉപയോഗം: ജാഗ്രത വേണം, എപ്പോഴും

∙ ഗ്യാസ് സിലിണ്ടറുകൾ വീടിനു വെളിയിൽ വായുസഞ്ചാരമുള്ള സ്ഥലത്തുവച്ചശേഷം പ്രത്യേക പൈപ്പ് വഴി സപ്ലൈ നൽകുകയാണ് ഉത്തമം.
∙ കുറഞ്ഞത് 2 കൺട്രോൾ വാൽവുകൾ ഉള്ള രീതിയിൽ കണക്‌ഷൻ നൽകുന്നതു നന്നായിരിക്കും.
∙ തീ പിടിച്ചാൽ ഉടൻ തന്നെ ഫയർ സർവീസിൽ വിവരം അറിയിച്ച് സിലിണ്ടർ തണുപ്പിക്കാൻ ശ്രമിക്കുക.
∙ അമിതമായി സിലിണ്ടർ ചൂടാകുന്നതു കണ്ടാൽ എത്രയും പെട്ടെന്ന് അവിടെനിന്ന് മാറുക.
∙ അടുപ്പുമായി സിലിണ്ടർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ റഗുലേറ്റർ ഓഫ് ചെയ്യാം.
∙ നനഞ്ഞ ചാക്കോ കോട്ടൺ തുണിയോ ഉപയോഗിച്ച് സിലിണ്ടർ മൂടാം.
∙ അടുക്കളയിൽ വായു സഞ്ചാരം ഉറപ്പാക്കാൻ വാതിലുകളും ജനലുകളും തുറന്നിടുക. കുറ്റികളും കൊളുത്തുകളും തുറക്കാൻ നനഞ്ഞ കോട്ടൺ തുണി ഉപയോഗിക്കാം.
∙ പാചകവാതകം ചോർന്നാൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ ഓഫ് ചെയ്യാനോ പാടില്ല.
∙ തീപ്പൊരിയുണ്ടാകുന്ന ഒരു സാഹചര്യവും അനുവദിക്കരുത്.
∙ റഗുലേറ്ററിന്റെ ഭാഗത്തല്ല ചോർച്ചയെങ്കിൽ സിലിണ്ടർ ‌തുറസ്സായ സ്ഥലത്തേക്കു മാറ്റുക.
∙ സിലിണ്ടർ മാറ്റുമ്പോൾ എടുത്തെറിയുകയോ ഉരുട്ടുകയോ ചെയ്യരുത്.
(വിവരങ്ങൾക്ക് കടപ്പാട്: അനൂപ് രവീന്ദ്രൻ, ഫയർ സ്റ്റേഷൻ ഓഫിസർ, കോട്ടയം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com