ADVERTISEMENT

തൊടുപുഴ ∙ ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. പ്രധാന ടൗണുകളിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളും ചിലയിടങ്ങളിൽ ഓട്ടോ–ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല. അതേസമയം കെഎസ്ആർടിസി സർവീസുകൾ കാര്യമായി മുടങ്ങിയില്ല. തൊടുപുഴ ഡിപ്പോയിൽ നിന്ന് 33 സർവീസുകൾ നടത്തിയതായി അധികൃതർ പറഞ്ഞു. അവശ്യ സർവീസുകളെ ഹർത്താൽ ബാധിച്ചില്ല.

ശബരിമല തീർഥാടക വാഹനങ്ങളും തടസ്സമില്ലാതെ കടന്നുപോയി. ഹർത്താലുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. കലക്ടറേറ്റിൽ ആകെയുള്ള 130 ജീവനക്കാരിൽ 25 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. തൊടുപുഴ താലൂക്ക് ഓഫിസിൽ 102 ജീവനക്കാരിൽ 47 പേർ ഇന്നലെ ജോലിക്കെത്തി.

ഹർത്താലിനെ തുടർന്ന് വിജനമായ വണ്ടിപ്പെരിയാർ ജംക്‌ഷൻ.
ഹർത്താലിനെ തുടർന്ന് വിജനമായ വണ്ടിപ്പെരിയാർ ജംക്‌ഷൻ.

 മൂന്നാറിൽ ഭാഗികം

യുഡിഎഫ് ഹർത്താൽ മൂന്നാറിൽ ഭാഗികം. വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. എന്നാൽ വിനോദ സഞ്ചാരികളുടേതടക്കം എല്ലാ വാഹനങ്ങളും ഓടി. യുഡിഎഫ്‌ പ്രവർത്തകർ രാവിലെ ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീടു വിട്ടയച്ചു. വിനോദ സഞ്ചാര കേന്ദ്രമായ രാജമല തുറന്നു പ്രവർത്തിച്ചെങ്കിലും മാട്ടുപ്പെട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി 26 എണ്ണത്തിൽ ബെംഗളൂരു ഉൾപ്പെടെ 24 സർവീസുകളും ഓടി. സ്വകാര്യ ബസുകൾ ഓടിയില്ല. അതേസമയം മറയൂർ, കാന്തല്ലൂർ മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു.

ഹർത്താലിന്റെ ഭാഗമായി കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ  യുഡിഎഫ് പ്രവർത്തകർ വാഹനം തടഞ്ഞപ്പോൾ.
ഹർത്താലിന്റെ ഭാഗമായി കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ യുഡിഎഫ് പ്രവർത്തകർ വാഹനം തടഞ്ഞപ്പോൾ.

 കട്ടപ്പനയിൽ വാഹനങ്ങൾ തടഞ്ഞു

യുഡിഎഫ് ഹർത്താലിൽ ഹൈറേഞ്ച് മേഖലയിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങളും കാര്യമായ തോതിൽ നിരത്തിൽ ഇറങ്ങിയില്ല. കട്ടപ്പന ഡിപ്പോയിൽ നിന്നു കെഎസ്ആർടിസി 27 സർവീസുകളും ഓപ്പറേറ്റ് ചെയ്തു. യാത്രക്കാരുടെ കുറവുമൂലം ചില പ്രാദേശിക ട്രിപ്പുകൾ ഒഴിവാക്കി. ദീർഘദൂര സ്വകാര്യ ബസുകളും സർവീസ് നടത്തി. സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. കട്ടപ്പനയിലെ ജില്ലാ പിഎസ് സി ഓഫിസിൽ ആകെയുള്ള 42 ജീവനക്കാരിൽ 18 പേർ ഡ്യൂട്ടിക്കെത്തി. ‌

രാവിലെ യുഡിഎഫ് പ്രവർത്തകർ കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ സംഘടിച്ച് കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടത്തി. തുറന്നു പ്രവർത്തിച്ച ബാങ്ക് ശാഖകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും കടകളും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. തോട്ടം മേഖലകളിലും ഹർത്താൽ ഭാഗികമായിരുന്നു.

 പീരുമേട്ടിൽ പൂർണം

ഹർത്താൽ പീരുമേട് താലൂക്കിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഇരു ചക്ര വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ ഒന്നും നിരത്തിലുണ്ടായിരുന്നില്ല. എന്നാൽ ശബരിമല തീർഥാടക വാഹനങ്ങളുടെ സഞ്ചാരത്തിനു തടസ്സം ഉണ്ടായില്ല. സർക്കാർ ഓഫിസുകളിലെ ഹാജർ നില കുറവായിരുന്നു. അതേസമയം, തേയില, ഏലം തോട്ടങ്ങളുടെ പ്രവർത്തനത്തെ ഹർത്താൽ ബാധിച്ചില്ല.

 സഞ്ചാരികൾക്ക് ഭക്ഷണം നൽകി കോൺഗ്രസ് 

രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, സേനാപതി മേഖലകളിൽ ഹർത്താൽ പൂർണം. പൂപ്പാറ, രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ഹർത്താൽ അനുകൂല പ്രകടനം നടത്തി. ഹോട്ടലുകൾ അടഞ്ഞു കിടന്നതിനാൽ പൂപ്പാറയിലെത്തിയ വിനോദ സഞ്ചാരികൾക്കു ഭക്ഷണം ലഭിക്കാതെ വന്നതോടെ കോൺഗ്രസ് പ്രവർത്തകർ ടൗണിൽ ഭക്ഷണം പാകം ചെയ്തു വിനോദ സഞ്ചാരികൾക്ക് നൽകി.

 ഓഫിസുകളിൽ ഹാജർ കുറവ്

ജില്ലാ ആസ്ഥാനത്തെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വ്യവസായ ഓഫിസ് എന്നിവിടങ്ങളിൽ ഹാജർ കുറവായിരുന്നു. സ്കൂളുകൾ പ്രവർത്തിച്ചില്ല. ചെറുതോണിയിൽ യുഡിഎഫ് പ്രവർത്തകർ രാവിലെ വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീടു വിട്ടയച്ചു. മുരിക്കാശേരി ടൗണിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. കഞ്ഞിക്കുഴിയിൽ ഹർത്താൽ ഭാഗികമായിരുന്നു. ചേലച്ചുവട്ടിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല വെൺമണിയിൽ ഇത്തവണയും ഹർത്താൽ ആഹ്വാനം നാട്ടുകാരും വ്യാപാരികളും തള്ളി. എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. ടൗണിൽ ഹർത്താൽ രഹിത വെൺമണി എന്ന ബോർഡും ഉയർത്തി.

റവന്യു മന്ത്രിയുടെ നിലപാട് അവിശ്വസനീയം: യുഡിഎഫ്

തൊടുപുഴ ∙ ഭൂമിപതിവ് ചട്ട ഭേദഗതി വൈകുന്നതു സർക്കാരിന്റെ ആത്മാർഥത മൂലമെന്ന മന്ത്രി കെ. രാജന്റെ പ്രസ്താവന അവിശ്വസനീയവും ആത്മാർഥത ഇല്ലാത്തതുമെന്നു യുഡിഎഫ് ജില്ല കൺവീനർ പ്രഫ. എം.ജെ.ജേക്കബ് ആരോപിച്ചു. 1964 ലെയും 1993 ലെയും ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ എജിയുടെ നേതൃത്വത്തിൽ ചട്ടം തയാറാക്കിയിട്ട് ഒരു വർഷം പൂർത്തിയായി.

ഈ ചട്ടങ്ങൾ ഉത്തരവാദിത്തപ്പെട്ട അഡ്വക്കറ്റ് ജനറലും നിയമ വകുപ്പ് സെക്രട്ടറിയും റവന്യു വകുപ്പ് സെക്രട്ടറിയും ഉൾപ്പെടെയുള്ള സബ് കമ്മിറ്റിയാണ് തയാറാക്കിയത്. ഇതിനു ശേഷം ഒരു വർഷം പൂർത്തിയായെങ്കിലും ചട്ടങ്ങൾ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തി നിയമം ആക്കാൻ കഴിയാത്തത് സർക്കാരിന് ആത്മാർഥത ഇല്ലാത്തതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com