ADVERTISEMENT

ചെറുതോണി ∙ പുനരുദ്ധാരണ ജോലികൾ നടക്കുന്ന തടിയമ്പാട് – വാഴത്തോപ്പ് – ചെറുതോണി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗങ്ങളിലെ ചോർച്ച അടച്ച ജല അതോറിറ്റി കുഴി മൂടിയില്ല. ഇതോടെ ഈ ഭാഗങ്ങൾ ഒഴിവാക്കി റോഡിൽ അറ്റകുറ്റ പണികൾ ആരംഭിച്ചു. പുനർ നിർമാണത്തിനു മുന്നോടിയായി റോഡിലെ ചോർച്ച അടച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഒരാഴ്ച മുൻപേ ജല അതോറിറ്റിക്കു കത്തു നൽകിയിട്ടും നടപടി ഉണ്ടാകാത്തതോടെ ആണ് റോഡ് പണി ആരംഭിക്കുന്നതിനു കരാറുകാർ തീരുമാനിച്ചത്.

വഴിനീളെയുള്ള ചോർച്ച തടഞ്ഞ് കുഴികൾ മൂടുവാൻ ആവശ്യത്തിനു സമയം ലഭിച്ചിട്ടും അതോറിറ്റിയുടെ കരാറുകാർ ഫലപ്രദമായി ജോലി ചെയ്യാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ഇതിനു വേണ്ട നിർദേശം നൽകേണ്ട അതോറിറ്റിയുടെ എൻജിനീയർമാരാണെങ്കിൽ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയതുമില്ല. ഇതോടെ റോഡ് നിർമാണത്തിനു പൊതുമരാമത്ത് വകുപ്പിന്റെ ജോലിക്കാർ എത്തിയപ്പോൾ പോലും റോഡിലൂടെ വെള്ളം നിറഞ്ഞ് ഒഴുകുകയായിരുന്നു.

road-pothole
ടാറിങ്ങിനു ശേഷം ജല അതോറിറ്റി ജീവനക്കാർ റോഡിൽ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയപ്പോൾ.

പിന്നീട് ഒരു ദിവസം വൈകി പണികൾ ആരംഭിച്ചപ്പോഴും റോഡിലെ ചോർച്ച അടക്കാൻ ജല അതോറിറ്റി തയാറായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ ജലവിതരണ പൈപ്പിന്റെ വാൽവുകൾ അടച്ച് പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാർ റോഡ് നിർമാണം ആരംഭിച്ചത്. റോഡിലെ പൈപ്പ് പൊട്ടി ചോർച്ചയുള്ള ഭാഗങ്ങൾ ഒഴിവാക്കിയായിരുന്നു ടാറിങ്. 

റോഡു പണി ഒരു കിലോമീറ്ററോളം പിന്നിട്ടപ്പോൾ, ഇന്നലെ ഉച്ച കഴിഞ്ഞ് ജല അതോറിറ്റി ജീവനക്കാർ എത്തി പൈപ്പ് പൊട്ടിയ ഭാഗത്ത് പണികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ ഭാഗങ്ങളിൽ ഇനി ടാറിങ് നടക്കുമോ എന്നു കണ്ടറിയണം. വർഷങ്ങളായി അറ്റകുറ്റ പണികൾ ഇല്ലാതെ തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു ജില്ലാ ആസ്ഥാനത്തെ ഈ പ്രധാന റോഡ്. വഴി നീളെയുള്ള ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയാണ് റോഡ് ഈ രീതിയിൽ തകർന്നതെന്നു പരാതിയുണ്ട്. തുടർന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ അറ്റകുറ്റ പണികൾ നടത്തുന്നതിനു പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com