മുന്നറിയിപ്പ് ഒഴിവാക്കിയാൽ അപകടാവസ്ഥ ഒഴിയുമോ?

pallikavala-road
കട്ടപ്പന പള്ളിക്കവല-സ്‌കൂൾക്കവല ബൈപാസ് റോഡിലെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് കാടുവളർന്നു നിൽക്കുന്നു
SHARE

കട്ടപ്പന ∙ ആധുനിക നിലവാരത്തിൽ നവീകരിച്ച സ്കൂൾ കവല-പള്ളിക്കവല ബൈപാസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് 9 മാസം കഴിഞ്ഞിട്ടും നന്നാക്കാതെ അപകട മുന്നറിയിപ്പിനായി സ്ഥാപിച്ചിരുന്ന ട്രാഫിക് കോണുകളും നീക്കി. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയെയും അടിമാലി-കുമളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിലാണ് അപകട ഭീഷണി. 1 കോടി 20 ലക്ഷം രൂപ മുടക്കി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടാണു നന്നാക്കാതിരിക്കുന്നത്.

റോഡ് നവീകരണം ആരംഭിക്കുന്നതിനു മുൻപുതന്നെ സ്കൂൾ കവലയിലെ പമ്പ് ഹൗസിനു സമീപത്തെ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകിയ നിലയിലായിരുന്നു. അതിനാൽ സംരക്ഷണഭിത്തി ബലപ്പെടുത്തിയ ശേഷം റോഡ് നിർമിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. ടാറിങ് പൂർത്തിയാക്കി ആഴ്ചകൾ കഴിയുന്നതിനു മുൻപ് മാർച്ചിൽ ഉണ്ടായ മഴയത്ത് സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. കൽക്കെട്ടുകൾ ഇടിഞ്ഞതോടെ ഒരു കലുങ്ക് ഉൾപ്പെടെ താഴേക്കു പതിച്ചിരുന്നു.

ഇതു നന്നാക്കാൻ നടപടിയെടുക്കാതെ ജൂൺ 25ന് മന്ത്രി റോഷി അഗസ്റ്റിൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. മഴ മാറിക്കഴിഞ്ഞാൽ സംരക്ഷണഭിത്തി പുനർനിർമിക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാൽ 6 മാസം കഴിഞ്ഞിട്ടും സംരക്ഷണഭിത്തി പുനർനിർമിച്ചിട്ടില്ല. ടാറിങ്ങിനോടു ചേർന്നുള്ള ഭാഗം ഇടിഞ്ഞതിനാൽ അപകടം ഒഴിവാക്കാനായി ട്രാഫിക് കോണുകൾ സ്ഥാപിച്ച് അതിൽ റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. മാസങ്ങൾ പിന്നിട്ടതോടെ അവയും അപ്രത്യക്ഷമായി. കാടു വളർന്നു നിൽക്കുന്നതിനാൽ ഇവിടത്തെ അപകടാവസ്ഥ നിലവിൽ ഡ്രൈവർമാർക്ക് തിരിച്ചറിയാൻ കഴിയില്ല. 

കോട്ടയം ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ ഉൾപ്പെടെ കടന്നുപോകുന്നത് ഇതുവഴിയാണ്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കമ്പംമെട്ടു വഴി എത്തുന്നതും ഈ പാതയിലൂടെയാണ്. ഇരുവശങ്ങളിലേക്കും ഗതാഗതമുള്ള ഈ റോഡിൽ 2 വശങ്ങളിൽ നിന്നും വളവ് തിരിഞ്ഞു വരുന്ന ഭാഗത്താണ് അപകടാവസ്ഥ. സ്കൂൾ, കോളജ്, ആശുപത്രി തുടങ്ങിയവയെല്ലാം ഈ ഭാഗത്ത് പ്രവർത്തിക്കുന്നു. എന്നിട്ടും അപകടാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ കാലതാമസം വരുത്തുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS