ADVERTISEMENT

തൊടുപുഴ ∙ നീലക്കുറിഞ്ഞിക്കാലവും മഞ്ഞും മഴയും ദീപാവലിയും പൂജാവധിയും ആഘോഷിച്ച് സഞ്ചാരികൾ മലയിറങ്ങിയതോടെ ഇടുക്കി മാലിന്യക്കൂമ്പാരം. ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡു കളോടു ചേർന്ന വനമേഖലകളിലും ബാക്കിയായത് വിനോദ സഞ്ചാരികൾ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ച് മാലിന്യങ്ങൾ രാത്രി വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നതു വേറെ. ഒരു പൂക്കാലം കഴിഞ്ഞാൽ പിന്നാലെയെത്തുന്ന മാലിന്യക്കാലമാണ് ഇടുക്കിയുടെ ശാപം.

അറിയിപ്പു ബോർഡ് നോക്കുകുത്തി

പല സ്ഥലങ്ങളിലും ഇവിടെ മാലിന്യം തള്ളരുതെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു സമീപത്തു പോലും മാലിന്യങ്ങൾ കൂടിക്കിടക്കുന്ന കാഴ്ചയാണ്. കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ മാലിന്യം തള്ളുന്നത് ഇപ്പോഴും തുടരുന്നു.

തൊടുപുഴ– പുളിയൻമല സംസ്ഥാന പാതയിൽ പെരുമറ്റത്തിനു സമീപവും പൈനാവിനും കുളമാവിനും ഇടയിലുള്ള വനമേഖലയിലും ഇതേ സ്ഥിതി തന്നെ. വണ്ണപ്പുറം–ചേലച്ചുവട് റൂട്ടിൽ കമ്പകക്കാനം, വെൺമണി ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണ്. കോട്ടയം–കുമളി റോഡ്, കട്ടപ്പന–കുട്ടിക്കാനം സംസ്ഥാന പാത, കുമളി–മൂന്നാർ സംസ്ഥാന പാത എന്നീ റോഡുകളിൽ മാലിന്യം തള്ളിയിരിക്കുന്നതും കാണാം. 

തൊടുപുഴ പിന്നിലല്ല

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡും മാലിന്യക്കലവറയാണ്. പാനീയങ്ങളുടെ കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് റോഡരികുകളിൽ തള്ളുന്നതിലേറെയും. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലും മറ്റും കെട്ടി വഴിയരികിലും പുഴയിലുമൊക്കെ വലിച്ചെറിയുന്ന പ്രവണതയും കൂടിവരുന്നു. മഴ നനഞ്ഞും അല്ലാതെയും ഈ കവറുകൾ പൊട്ടി മാലിന്യം ചിതറിക്കിടക്കുന്നത്  സ്ഥിരം കാഴ്ചയായി.

ഇവ തെരുവുനായ്ക്കൾ കടിച്ചുകീറി റോഡിലിടുന്നതും പതിവാണ്. മഴയത്ത് മാലിന്യങ്ങൾ ഒഴുകി ജലസ്രോതസ്സുകളിലേക്ക് കലരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പിടിക്കപ്പെട്ടാലും, കർശന നടപടികൾ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ആക്ഷേപം. മലങ്കര ജലാശയത്തിൽ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ചത് ലോഡുകണക്കിന് പ്ലാസ്റ്റിക് മാലിന്യമായിരുന്നു. 

മണ്ഡലകാലം, ക്രിസ്മസ്

തമിഴ്നാട്, ആന്ധ്ര ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമല തീർഥാടകരുടെ വരവ് വർധിക്കുന്നതോടെ മാലിന്യം പെരുകുമെന്ന ആശങ്കയിലാണ് സ്ഥലവാസികൾ. എവിടെയെങ്കിലും മാലിന്യം കിടക്കുന്നതു കണ്ടാൽ വീണ്ടും അവിടേക്ക് വലിച്ചെറിയാനുള്ള പ്രവണതയാണ് വിനയാകുന്നത്.

വനപ്രദേശങ്ങളിലും മറ്റും മാലിന്യം തള്ളുന്നത് വന്യജീവികൾക്കും ദോഷകരമാണ്. സ്വന്തം വാഹനങ്ങളിൽ ദൂരയാത്ര പോകുന്നവർ ഭക്ഷണം തയാറാക്കി കൊണ്ടുവന്ന് വഴിയരികിലും മറ്റും ഇരുന്ന് കഴിക്കുന്ന പതിവുണ്ട്. കഴിച്ചതിനു ശേഷം ഡിസ്പോസിബിൾ പാത്രങ്ങൾ അടക്കം ഭക്ഷാവശിഷ്ടം റോഡരികിലേക്ക് തള്ളുകയാണ്. 

എവിടെ തദ്ദേശ സ്ഥാപനങ്ങള്‍ ?

മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും മതിയായ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മാലിന്യനീക്കവും സംസ്‌കരണവും ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. ജില്ലയിലെ ശുചിത്വപദവി നേടിയ പഞ്ചായത്തുകളിൽ പോലും പൊതുസ്ഥലത്തെ മാലിന്യംതള്ളൽ വീണ്ടും വർധിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com