ADVERTISEMENT

കട്ടപ്പന ∙ ഹൈറേഞ്ചിൽ 5 സെന്റ് മുതൽ ഏക്കർ കണക്കിന് വരുന്ന തോട്ടങ്ങളിൽ വരെ കൃഷി ചെയ്യുന്ന ഏലത്തിന്റെ വില കുത്തനെ ഇടിഞ്ഞതോടെ തകിടം മറിഞ്ഞു സാമ്പത്തിക മേഖല. 2019ൽ ഏലത്തിനു ഇ-ലേലത്തിൽ ഒരു കിലോഗ്രാമിന് 7000 രൂപ വരെ ലഭിച്ചിരുന്നു. കായയുടെ ഗുണനിലവാരം അനുസരിച്ച് 650 മുതൽ 900 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്.

ഒരു കിലോഗ്രാം ഏലക്കാ ഉൽപാദിപ്പിക്കാൻ ശരാശരി 1200 രൂപ ചെലവു വരുന്ന സാഹചര്യത്തിലാണ് ഈ സ്ഥിതി. കൃത്യമായ പരിചരണവും യഥാസമയത്തുള്ള വളപ്രയോഗവും മരുന്നു തളിക്കലും നടത്തിയെങ്കിൽ മാത്രമേ ഏലത്തിൽ നിന്നു വരുമാനം നേടാനാകൂ. നിലവിലെ സാഹചര്യത്തിൽ വരുമാനം കുറഞ്ഞാലും കൃഷി നശിക്കാതിരിക്കണ മെങ്കിൽ മരുന്ന് പ്രയോഗവും മറ്റും നടത്തണം.

വേനൽക്കാലമായാൽ ജലലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ കൃഷി കരിഞ്ഞുണങ്ങും. ഇതിനെല്ലാം പണം കണ്ടെത്താൻ ശ്രമിക്കുന്ന സാധാരണ കർഷകർ കടക്കെണിയിലാകുന്നു. ഏതാനും വർഷമായി വിലയിടിഞ്ഞു നിൽക്കുന്നതിനാൽ കുടുംബ ബജറ്റ് പോലും താളം തെറ്റിയ കർഷകർക്കു കൃഷി സംരക്ഷിക്കാൻ നിലവിൽ യാതൊരു വഴിയുമില്ല.

വേണം വില സ്ഥിരത

ഉൽപാദന ചെലവും കർഷകരുടെ അധ്വാനവും കണക്കാക്കി ഏലത്തിനു തറവില നിശ്ചയിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും സർക്കാർ നടപടിയില്ല. ഒരു കിലോഗ്രാം ഏലത്തിന്റെ കുറഞ്ഞ വില 1500 രൂപയെങ്കിലുമാക്കി നിശ്ചയിക്കണമെന്നാണു കർഷകരുടെ ആവശ്യം.

ഏതാനും വർഷങ്ങൾക്കു മുൻപുള്ള വിലയുമായി തട്ടിച്ചുനോക്കിയാൽ ഏലത്തിന്റെ ഉൽപാദന ചെലവ് രണ്ടിരട്ടിയിൽ അധികം വർധിച്ചു. തൊഴിലാളികളുടെ കൂലി, വളം-കീടനാശിനികളുടെ വില വർധന, രോഗകീട ബാധകളുടെ ആക്രമണം വഴി കൂടുതൽ കീടനാശിനി പ്രയോഗിക്കേണ്ട സാഹചര്യം– ഇവയെല്ലാം കർഷകരെ വലയ്ക്കുന്നു.

ഇടനിലക്കൊയ്ത്ത്

കർഷകർ ഉൽപാദിപ്പിക്കുന്ന ഏലക്കായയ്ക്കു തുച്ഛമായ വിലയാണു ലഭിക്കുന്നതെങ്കിലും ഇടനിലക്കാർ വൻ ലാഭം കൊയ്യുന്നെന്ന് ആക്ഷേപം. വില നിയന്ത്രിക്കുന്നതു പോലും ചില ലോബികളാണ്. കർഷകരുടെ ഏലത്തിനു മികച്ച വില ലഭിക്കാൻ കർഷകരുടെയും കച്ചവടക്കാരുടെയും ഉൽപന്നം സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ രണ്ടായി ലേലത്തിനു വയ്ക്കണമെന്ന ആവശ്യം

അംഗീകരിച്ചെങ്കിലും പ്രയോജനമില്ല. കർഷകരുടെ പക്കൽ നിന്ന് ഏലം വാങ്ങി ഗ്രേഡ് തിരിച്ച് ഗുണനിലവാരമുള്ളതു മാറ്റിയശേഷം അവശേഷിക്കുന്നവ കൂടുതലായി ലേലത്തിന് എത്തിക്കുന്നതിനാൽ ശരാശരി വില നിർണയത്തെ ഇതു കാര്യമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്.

കൃത്രിമ നിറം ചേർക്കൽ

ഏലയ്ക്കയിൽ കൃത്രിമ നിറം ചേർക്കുന്നതിൽ കർഷകർക്കു പങ്കില്ലെങ്കിലും ലേലത്തിന് എത്തിക്കുമ്പോൾ കണ്ടെത്തുന്നുണ്ട്. ചെറുകിട കർഷകരുടെ വിളവുകളിൽ ഭൂരിഭാഗവും ഉണക്കുന്നതു സ്വകാര്യ സ്റ്റോറുകളിലാണ്. അവിടേയ്ക്കു കൂടുതൽ ആളുകളെ ആകർഷിക്കാനാണു സ്റ്റോറുകളിൽ നിന്നു നിറം ചേർക്കുന്നത്. ലേലത്തിന് എത്തിക്കുന്ന കായ നിറം ചേർത്തതെന്ന സംശയം ഉയർന്നാൽ ലേലത്തിനു വയ്ക്കാതെ പരിശോധിക്കുകയാണു ചെയ്യുന്നത്.

നിറം ചേർക്കൽ നടത്തുന്ന സ്‌റ്റോറുകളിൽ പരിശോധന നടത്തുന്നതിനു പകരം ഇത്തരം നടപടിയെടുക്കുന്നതു കർഷകരുടെയും വ്യാപാരികളുടെയും എതിർപ്പിനു കാരണമാകുന്നുണ്ട്. കായയിൽ കൃത്രിമ നിറം ചേർക്കുന്നതു വർധിച്ചതോടെ കയറ്റുമതിക്കും തടസ്സമായി. അമിതമായ കീടനാശിനികളുടെ ഉപയോഗവും മറ്റും പരിശോധനകളിൽ ബോധ്യപ്പെട്ടതോടെ കയറ്റുമതി ചെയ്തതു പല രാജ്യങ്ങളും തിരിച്ചയച്ച സാഹചര്യവും ഉണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com