കട്ടപ്പന ∙ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായതോടെ ജില്ലയിൽ ഇന്നലെ വരെ ദയാവധത്തിന് ഇരയാക്കിയത് 1027 പന്നികളെ. കട്ടപ്പന, തൊടുപുഴ, ഉപ്പുതറ എന്നിവിടങ്ങളിലായി 31 പന്നികളെ ഇന്നലെ ദയാവധത്തിനു വിധേയമാക്കി.കട്ടപ്പന കൊച്ചുതോവാള നിരപ്പേൽക്കര ചേന്നാട്ട് ഷാജിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണു പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുണ്ടായിരുന്ന പന്നികളിൽ ചിലതു നവംബർ അവസാനവാരം ചത്തിരുന്നു. തുടർന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. എന്നാൽ പരിശോധനാ ഫലം കിട്ടാൻ വൈകിയതോടെ ഫാമിൽ ഉണ്ടായിരുന്ന 143 പന്നികൾ ചത്തു. ഇതിനിടെയാണു പന്നിപ്പനി സ്ഥിരീകരണം ഉണ്ടായത്.
തുടർന്ന് ഫാമിൽ അവശേഷിച്ച 12 പന്നികളെ ഇന്നലെ ദയാവധത്തിന് വിധേയമാക്കി. ഈ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റു ഫാമുകൾ ഇല്ലാത്തതിനാൽ കൂടുതൽ പന്നികളെ കൊല്ലേണ്ട സാഹചര്യം ഒഴിവായി.
ഉപ്പുതറയിൽ 2 ഫാമുകളിലാണു രോഗം സ്ഥിരീകരിച്ചത്. ഒൻപതേക്കർ പുളിക്കമണ്ഡപത്തിൽ ജയിംസിന്റെ ഫാമിൽ 38 പന്നികളാണ് ഉണ്ടായിരുന്നത്. അതിൽ 35 എണ്ണം രോഗം ബാധിച്ചു ചത്തു. അവശേഷിച്ച 3 എണ്ണത്തിനെ ദയാവധത്തിനു വിധേയമാക്കി. ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തിയിരുന്ന 2 പന്നികളെയും കൊന്നു. ഉപ്പുതറ ആശുപത്രിപ്പടി ചെറുകുന്നേൽ ജിബു ജോസഫിന്റെ ഫാമിൽ ഉണ്ടായിരുന്ന 11 പന്നികളാണു രോഗം ബാധിച്ച് ചത്തത്. അവശേഷിച്ച 6 എണ്ണത്തിനെ ദയാവധം ചെയ്തു.
തൊടുപുഴ തൊണ്ടിക്കുഴ പള്ളിക്കമാലിൽ ജയിംസിന്റെ ഫാമിൽ ആകെ 20 പന്നികളാണ് ഉണ്ടായിരുന്നത്. അതിൽ 12 എണ്ണം രോഗം ബാധിച്ചു ചാകുകയും അവശേഷിച്ച 8 എണ്ണത്തിനെ ഇന്നലെ ദയാവധത്തിനു വിധേയമാക്കി.
രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ കശാപ്പും പന്നിയിറച്ചി വിൽപനയും വിലക്കിയിട്ടുണ്ട്. കൂടാതെ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നു പന്നികളെ പുറത്തേക്കു കൊണ്ടു പോകുന്നതും ഈ പരിധിയിലേക്കു കൊണ്ടുവരുന്നതും നിരോധിച്ചു. പന്നികളെ ദയാവധത്തിനു വിധേയമാക്കിയ ശേഷം ഫാം ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു. 24 മണിക്കൂറിനുശേഷം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും അണുനശീകരണം നടത്തും.ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.നിഷാന്ത് എം.പ്രഭയുടെ നേതൃത്വത്തിൽ ഡോ. ജെയ്സൺ ജോർജ്, ഡോ.കെ.പി.ഗദ്ദാഫി, ഡോ.പി. പാർഥിപൻ, ഡോ.ഗീതമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.