മറയൂർ ∙ ഗുണമേന്മയിലും രുചിയിലും മുൻപന്തിയിൽ നിൽക്കുന്ന മൂന്നാർ മലനിരകളിലെ തേയിലയ്ക്കു പുറമേ കീഴാന്തൂരിലെ കാപ്പിക്കും പ്രിയമേറുന്നു. മലയോര മേഖലയായ ഇവിടെ വിളയുന്ന കാപ്പിക്ക് മേന്മ കൂടുതലെന്നതിനാൽ വിദേശ വിപണിയിൽ വരെ പ്രത്യേക ഇടം നേടിയിരിക്കുകയാണ്. സ്വകാര്യ കമ്പനിയാണ് കർഷകരിൽ നിന്നു കാപ്പിക്കുരു ശേഖരിച്ച് പൊടിയാക്കി ജർമനി, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വരുന്നത്.

നിലവിൽ അഞ്ചുനാട്ടിലെ കാന്തല്ലൂർ, കീഴാന്തൂർ, കുളച്ചിവയൽ, വെട്ടുകാട് തുടങ്ങിയ ഗ്രാമങ്ങളിലാണ് കാപ്പി വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത്. കാവേരി, സിലക്‌ഷൻ, അറബിക്ക എന്നീ ഇനങ്ങളാണ് പ്രദേശത്ത് കൂടുതലായും കൃഷി ചെയ്യുന്നത്.സെപ്റ്റംബർ മുതൽ ഡിസംബർ വരെ മാസങ്ങളിലാണ് കൂടുതലായും വിളവെടുപ്പ്. മറ്റിടങ്ങളിലെ കാപ്പി കിലോയ്ക്ക് 20-35 രൂപ വരെയാണു വില. കീഴാന്തൂർ കാപ്പിക്കുരുവിനു ഗുണനിലവാരം മികച്ചതായതിനാൽ നല്ല വിലയും ലഭിക്കുന്നുണ്ട്. ഈ വർഷം ഒരു കിലോഗ്രാം പഴുത്ത കാപ്പിക്കുരുവിന് 50 രൂപയാണ് ലഭിക്കുന്നത്.
പഴം പറിച്ച് 24 മണിക്കൂറിനുള്ളിൽ പൾപ്പാക്കുന്ന കുരുക്കളിൽ നിന്നാണ് ഗുണമേന്മയേറിയ കാപ്പിപ്പൊടി ലഭിക്കുന്നത്. മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സംരഭവും മികച്ച വില നൽകി കാപ്പിക്കുരു സംഭരിക്കുന്നുണ്ട്. കാപ്പിക്കർഷകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും ലഭിച്ചുവരുന്നതായി കർഷകർ പറഞ്ഞു.