ADVERTISEMENT

തൊടുപുഴ ∙ സംസ്ഥാന മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത പി.ജെ.ജോസഫിന്റെ ‘ഹോം മിനിസ്റ്ററാ’യിരുന്നു ഡോ.ശാന്ത. പൊതുപ്രവർത്തനം, ജൈവ കൃഷി, ക്ഷീര കൃഷി, പാട്ട്, ഗാനമേള. തിരക്കുകളുടെ പൊടിപൂരത്തിനിടയിലും തന്നെ വാടാതെ കാത്ത മാനേജരെന്നു ഡോ. ശാന്തയെ വിശേഷിപ്പിച്ചതു പി.ജെ.ജോസഫ് തന്നെയാണ്. പുറപ്പുഴ പഞ്ചായത്തിലെ വയറ്റാട്ടിൽ പാലത്തിനാലിൽ തറവാടിന് ഇരുനൂറിൽപ്പരം വർഷത്തെ ചരിത്രമുണ്ട്. അവിടേക്ക് 52 വർഷം മുൻപാണു ഡോ. ശാന്ത എത്തുന്നത്.

എൺപതാം പിറന്നാൾ ആഘോഷിക്കുന്ന പി.ജെ.ജോസഫ് എംഎൽഎക്ക് കേക്കു നൽകുന്ന ഭാര്യ ഡോ. ശാന്ത. പിറന്നാളിനു ആശംസ നേരാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മക്കളായ അപു ജോൺ ജോസഫ്, ആന്റണി ജോസഫ് എന്നിവർ സമീപം.        (ഫയൽ ചിത്രം)

അന്നു പുറപ്പുഴയിലെ ജോസഫിന്റെ വീട്ടിൽ ശാന്തയെ കാത്തു കുറെ നാടൻ പശുക്കളുണ്ടായിരുന്നു. എണ്ണത്തിന്റെയും ഇനങ്ങളുടെയും വൈവിധ്യം കൊണ്ടു പുറപ്പുഴയിലെ പശുപ്പെരുമ നാലാളറിഞ്ഞപ്പോൾ വീടു മേയ്‌ക്കുന്ന ശാന്തയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. പുറപ്പുഴയിലെ വീട്ടിലെ ധനകാര്യമന്ത്രിയും ശാന്ത തന്നെയായിരുന്നു. വീട്ടിലെ സാമ്പത്തിക ഇടപാടുകൾ, ജോലിക്കാർ എവിടെ പോകണം, എന്തു ചെയ്യണം.. എല്ലാം ശാന്ത ഡോക്ടർ പറഞ്ഞു കൊടുക്കും.

പി.ജെ.ജോസഫ് എംഎൽഎയും  ഭാര്യ ഡോ.ശാന്ത ജോസഫും മക്കളും കൊച്ചുമക്കളും മരുമക്കൾക്കുമൊപ്പം പുറപ്പുഴയിലെ വീട്ടിൽ മകൻ ജോമോന്റെ ഓർമ ദിവസത്തിൽ ഒത്തുകൂടിയപ്പോൾ.  							(ഫയൽ ചിത്രം)
പി.ജെ.ജോസഫ് എംഎൽഎയും ഭാര്യ ഡോ.ശാന്ത ജോസഫും മക്കളും കൊച്ചുമക്കളും മരുമക്കൾക്കുമൊപ്പം പുറപ്പുഴയിലെ വീട്ടിൽ മകൻ ജോമോന്റെ ഓർമ ദിവസത്തിൽ ഒത്തുകൂടിയപ്പോൾ. (ഫയൽ ചിത്രം)

എവിടെയെങ്കിലും വല്ല പ്രശ്‌നങ്ങളുമുണ്ടെങ്കിൽ ചികിത്സിച്ചു മാറ്റാനും വർഷങ്ങളോളം രോഗികളെ ചികിത്സിച്ച ഡോ. ശാന്തയ്ക്കു പ്രയാസമുണ്ടായില്ല. ഇതൊക്കെ നമ്മളെത്ര കണ്ടതാണെന്ന ഭാവം. മക്കളുടെയും കൊച്ചുമക്കളുടെയും കാര്യം നോക്കണം. പിന്നെ സുജയുടെയും മുല്ലയുടെയുമൊക്കെ കാര്യത്തിലും കുറവു വരുത്താൻ പാടില്ല. ആരാണീ സുജയും മുല്ലയുമെന്നു സംശയിക്കേണ്ട. വീട്ടിലെ പശുക്കളാണ്. ഒന്നും രണ്ടുമല്ല എൺപതിലധികം പശുക്കൾ, കോഴി, ടർക്കി, താറാവ് അങ്ങനെ വലിയ കുടുംബമാണു ജോസഫിന്റേത്.

ഡോ.ശാന്ത ജോസഫിന് അന്ത്യോപചാരമർപ്പിക്കാൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എത്തിയപ്പോൾ. പി.ജെ.ജോസഫ് എംഎൽഎ, മരുമകൾ ഡോ.അനു ജോർജ്, മകൾ ഡോ.യമുന, മകൻ അപു ജോൺ ജോസഫ്, സഹാദരി എൽസി എന്നിവർ സമീപം.
ഡോ.ശാന്ത ജോസഫിന് അന്ത്യോപചാരമർപ്പിക്കാൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എത്തിയപ്പോൾ. പി.ജെ.ജോസഫ് എംഎൽഎ, മരുമകൾ ഡോ.അനു ജോർജ്, മകൾ ഡോ.യമുന, മകൻ അപു ജോൺ ജോസഫ്, സഹാദരി എൽസി എന്നിവർ സമീപം.

എല്ലാവരുടെയും എല്ലാ കാര്യത്തിലും തന്റെ കണ്ണില്ലാതെ പറ്റില്ല. ഇതിനു പുറമേ തൊടിയിലെ കൃഷിക്കാര്യവും ശ്രദ്ധിക്കണം – പി.ജെ.ജോസഫിന്റെ രാഷ്ട്രീയ വേദികളിൽ ഒരിക്കലും കണ്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിനുള്ള ശാന്തയുടെ ഉത്തരമിതാണ്. നാലേക്കർ സ്ഥലത്തു നിറഞ്ഞു നിൽക്കുന്ന പാലത്തിനാലിൽ വീടിനെ പലതവണ വീശിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഇടറാതെ ശാന്തമായി ചേർത്തു നിർത്തിയ ഗൃഹനാഥയും ഡോ.ശാന്തയായിരുന്നു.

രാഷ്ട്രീയ വേദികളിൽ എത്താത്ത ഉപദേശക

തൊടുപുഴ ∙ 274444, തന്റെ പഴ്സനൽ നമ്പർ ചോദിച്ചവർക്കു പി.ജെ.ജോസഫ് കൊടുത്തിരുന്ന നമ്പർ, ആ നമ്പറിൽ മിക്കപ്പോഴുമുണ്ടാകുക ഡോ.ശാന്തയായിരുന്നു. പിജെയിലേക്കുള്ള എളുപ്പവഴിയും പിജെയുടെ പഴ്സനൽ നമ്പറുമായിരുന്നു ഡോ.ശാന്ത. തൊടുപുഴയിലെ കാർഷിക മേള അല്ലാതെ ജോസഫിനൊപ്പം രാഷ്ട്രീയ വേദികളിൽ ഒരിക്കലും ഡോ. ശാന്ത എത്തിയിരുന്നില്ല.

ഡോ.ശാന്ത ജോസഫിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസും പി.ജെ.ജോസഫിനോടൊപ്പം. ജോണി നെല്ലൂർ സമീപം.
ഡോ.ശാന്ത ജോസഫിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസും പി.ജെ.ജോസഫിനോടൊപ്പം. ജോണി നെല്ലൂർ സമീപം.

പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ഉപദേശക ശാന്ത തന്നെയെന്നു വർഷങ്ങളായി കൂടെ ഉണ്ടായിരുന്നവർ പറയും. രാവിലെ ഒന്നിച്ചുള്ള പത്രവായനയിൽ തുടങ്ങുന്നതാണ് ആ ബന്ധം. വാർത്തകൾ പിജെയുടെ ശ്രദ്ധയിൽ പെടുത്തുന്നതു മുതൽ രാഷ്ട്രീയ ചർച്ചകൾ ആരംഭിക്കും. പ്രധാന തീരുമാനങ്ങൾ ജോസഫ് എന്നും ഡോ. ശാന്തയുമായി സംസാരിച്ചിരുന്നു. ഒരിക്കലും മന്ത്രി പത്നിയായി തിരുവനന്തപുരത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ല.

1978 ജനുവരി 16: ആഭ്യന്തര മന്ത്രിയായി പി.ജെ.ജോസഫ് അധികാരമേൽക്കുന്ന ചടങ്ങ് വീക്ഷിക്കുന്ന ഡോ. ശാന്താ ജോസഫ് (ഏറ്റവും വലത്ത്). കേരള കോൺഗ്രസ് (എം) ലീഡർ കെ.എം.മാണി, അന്നത്തെ മന്ത്രി കെ.നാരായണക്കുറുപ്പ്, പി.ജെ.ജോസഫിന്റെ മാതാപിതാക്കളായ ജോസഫ്, അന്നമ്മ, ജോസഫിന്റെ മകൾ യമുന എന്നിവർ സമീപം. (ഫയൽ ചിത്രം)

പി.ജെ.ജോസഫ് മന്ത്രിയായപ്പോഴും കൂടുതൽ സമയവും പുറപ്പുഴയിലെ വീട്ടിലായിരുന്നു ഡോ.ശാന്ത. എന്നാൽ ആരോഗ്യവകുപ്പിൽ അഡിഷനൽ ഡയറക്ടറായി നിയമനം ലഭിച്ചപ്പോൾ സന്തോഷത്തോടെ തിരുവനന്തപുരത്തേക്കു പോകാനും തയാറായി. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ജോലിയാണ് അതെന്നായിരുന്നു അന്ന് ഡോ.ശാന്ത ജോസഫ് പറഞ്ഞത്.

ജൈവകൃഷി ഇഷ്ടമല്ലാത്ത ഡോക്ടർ 

ഡോ. ശാന്തയും പി.ജെ.ജോസഫുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരുന്നിട്ടില്ല. പി.ജെ.ജോസഫിന്റെ ജൈവകൃഷി തനിക്കു തീരെ ഇഷ്ടമില്ലെന്നു ശാന്ത പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇഷ്ടത്തോടെ ചെയ്യുന്നതിനാൽ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com