ADVERTISEMENT

മൂന്നാർ ∙ 1960 ലെ ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്തു മൂന്നാർ ഉൾപ്പെടെ ജില്ലയിലെ ഭൂമിപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നു റവന്യു മന്ത്രി കെ.രാജൻ. മൂന്നാർ പഞ്ചായത്തിലെ ഭൂരഹിതരായ 100 പേർക്കു ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ അനുമതി പത്രത്തിന്റെയും നേരത്തെ ഭൂമി വാങ്ങിയ 50 പേർക്ക് വീടു പണിയുന്നതിനു ധനസഹായമനുവദിച്ചുള്ള അനുമതി പത്രത്തിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എംഎൽഎമാരായ എ.രാജാ, വാഴൂർ സോമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണിദാസ്, ജില്ലാ പഞ്ചായത്തംഗം എം.ഭവ്യ, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മന്ത്രിയുടെ ഉറപ്പുകൾ

1. മൂന്നാർ ഉൾപ്പെടെയുള്ള 8 വില്ലേജുകളിലെ ഭൂമി പ്രശ്നങ്ങൾ 25 ന് തിരുവനന്തപുരത്തു ചേരുന്ന വിവിധ വകുപ്പു തലവന്മാരുടെ യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും.

2. നിർമാണ നിരോധനമുള്ള 8 വില്ലേജുകളിൽ നിന്ന് ആനവിലാസത്തെ ഒഴിവാക്കുന്നതിനുള്ള നടപടികൾ 31ന് മുൻപ് സ്വീകരിക്കും.

3. സമയബന്ധിതമായി ജില്ലയിൽ കൂടുതൽ ആളുകൾക്ക് പട്ടയം വിതരണം ചെയ്യും.

4. സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേ മൂലം തമിഴ്നാട് അതിർത്തി മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്കു ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണം അടിസ്ഥാന രഹിതം. ഡിജിറ്റൽ സർവേ സംബന്ധിച്ച പ്രശ്നങ്ങൾ തമിഴ്നാട്, കർണാടക തുടങ്ങിയ  സംസ്ഥാനങ്ങളുമായി ചർച്ച നടത്തി പരിഹരിച്ചു.

5. ജില്ലയിലെ കുടിയേറ്റവും കയ്യേറ്റവും രണ്ടായി കണ്ടു സാധാരണക്കാരന് സ്വന്തമായുള്ള സ്ഥലത്ത് വീടുവയ്ക്കാനായി ചട്ടങ്ങളിൽ മാറ്റം വരുത്തും.

6. പട്ടയം നൽകിയിട്ടും ഭൂമി കാണിച്ചു കൊടുക്കാത്ത കുറ്റിയർവാലി ഭൂമി പ്രശ്നം ഉടൻ പരിഹരിക്കും.

7. റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങൾക്കു പകരം പട്ടയങ്ങൾ സമയബന്ധിതമായി നൽകും. സാങ്കേതിക പ്രശ്നങ്ങളാണു പുതിയ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് തടസ്സം.

നീലക്കുറിഞ്ഞി ഉദ്യാനം: ആശങ്കകൾ പരിഹരിക്കും

നീലക്കുറിഞ്ഞി സെറ്റിൽമെന്റ് ഓഫിസറായ ദേവികുളം സബ് കലക്ടർക്കു ഭൂമി വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനു കലക്ടർക്കു സമാനമായ അധികാരം നൽകിയതായി മന്ത്രി കെ.രാജൻ. വട്ടവട പഞ്ചായത്തിലെ 58, 62 ബ്ലോക്ക് നമ്പർ എന്നത് സർവേ നമ്പറായി നൽകിയതിലെ ക്ലറിക്കൽ പാളിച്ച പരിഹരിക്കും. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട  സെറ്റിൽമെന്റ് ഓഫീസർക്കു നൽകിയ പുതിയ അധികാരമുപയോഗിച്ച് പരിഹരിക്കും. 25 നു തന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടക്കുന്ന ഉന്നതതല യോഗത്തിൽ ഉദ്യാനം സംബന്ധിച്ചു ചർച്ച നടത്തി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com